Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

പാവം ചുംബനത്തെ വെറുതെ വിട്ടേക്കൂ

Share this post

പാവം ചുംബനത്തെ വെറുതെ വിട്ടേക്കൂ 1

 

ചുംബനമാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിഷയം. ഒരു വിഭാഗം പുരോഗമനവാദികള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വേറിട്ട പ്രതിഷേധമുറ നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിക്കുകയും ചിലയിടങ്ങളിലെങ്കിലും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പോലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും കൂട്ടായ്മയുമായി സംഘാടകര്‍ മുന്നോട്ട് പോകുകയായിരുന്നു. ബിബിസി പോലും വാര്‍ത്തയാക്കിയ കിസ് ഓഫ് ലവിനെതിരെ സദാചാര പോലീസിന്‍റെ വിവിധ മുഖങ്ങള്‍ കൂടി രംഗത്തെത്തിയതോടെ വലഞ്ഞത് പാവം ജനങ്ങളാണ്. ചുരുക്കത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ഒരു ചുംബനത്തിന്‍റെ പേരില്‍ ഈ കൊച്ചുകേരളം ഒരിക്കല്‍ കൂടി ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി. 

സത്യത്തില്‍ പോലീസിന് ക്രമസമാധാന തകര്‍ച്ച ചെറുക്കാന്‍ കഴിയാത്തത്ര വലിയ പാപമാണോ ചുംബനം ? ഇവിടെ വലിയ വലിയ പാര്‍ട്ടികളും തീവ്രവാദ ബന്ധമുള്ള സംഘടനകളും പൊതു സമ്മേളനങ്ങളും വിവാദ പ്രകടനങ്ങളും നടത്തിയിട്ടുണ്ട് പലവട്ടം. അത്തരം സാഹചര്യങ്ങളില്‍ ജനവികാരം ഇളക്കുന്ന മട്ടില്‍ പല പ്രസ്താവനകളും വെല്ലുവിളികളും ഉയര്‍ന്നിട്ടുണ്ടെങ്കിലും പോലീസിന്‍റെയും മറ്റ് ഉത്തരവാദപ്പെട്ടവരുടെയും സമയോചിതമായ ഇടപെടലുകള്‍ മൂലം കാര്യങ്ങള്‍ കൈവിട്ട് പോയില്ല. ചില വ്യക്തികളുടെ വാക്കും പ്രവര്‍ത്തിയും കലാപങ്ങളില്‍ എത്തിയ സംഭവങ്ങള്‍ ഉത്തരേന്ത്യയിലും തമിഴ്നാട് പോലുള്ള നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും യഥേഷ്ടം കാണാം. അത്തരം സാഹചര്യങ്ങളെ സമര്‍ത്ഥമായി അതിജീവിച്ച സംസ്ഥാനമാണ് ഇപ്പോള്‍ ചുംബനത്തെ ചൊല്ലി കലഹിക്കുന്നത്.

ചുംബിക്കുന്നതിലല്ല അത് പരസ്യമായി ചെയ്യുന്നതിലാണ് ചിലര്‍ക്ക് പ്രതിഷേധം. അത് നമ്മുടെ സാംസ്കാരിക പൈതൃകത്തെ ബാധിക്കുമത്രേ. ചുംബനം തികഞ്ഞ അശ്ലീലമോ അല്ലെങ്കില്‍ തോന്ന്യാസമോ ആണെന്നും അത്തരം പ്രകടനങ്ങള്‍ അനുവദിക്കുന്നത് അപഥ സഞ്ചാരത്തിന് വഴിവയ്ക്കുമെന്നും ചിലര്‍ വ്യാവലാതിപ്പെടുന്നു. കഷ്ടം ! നമ്മുടെ കൊച്ചുകേരളം സദാചാര ജീവിതത്തിന്‍റെ എതിര്‍ചേരിയിലായിട്ട് നാളുകള്‍ ഏറെയായെങ്കിലും അതൊന്നും ഇക്കൂട്ടര്‍ അറിഞ്ഞ മട്ടില്ല. അനവധി പീഡനക്കഥകളാണ് ദിനംപ്രതി സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും നിന്ന്‍ പുറത്തുവരുന്നത്. അച്ഛന്‍ മകളെയും, അദ്ധ്യാപകന്‍ വിദ്യാര്‍ഥിനിയെയും, സഹോദരന്‍ സഹോദരിയെയും പീഡിപ്പിച്ച വാര്‍ത്തകള്‍ നമ്മുടെ പത്രത്താളുകള്‍ക്ക് സുപരിചിതമായത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിലാണ്. പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തശ്ശനെയും മുത്തശ്ശിയുടെ പ്രായമുള്ള സ്ത്രീയെ പീഡിപ്പിച്ച കൌമാരക്കാരനെയും കണ്ടപ്പോള്‍ സമൂഹ മനസാക്ഷിക്കുണ്ടായ ഞെട്ടല്‍ ചെറുതല്ല.

ജനിച്ചു വീഴുന്ന നിമിഷം മുതല്‍ മരിക്കുന്ന നിമിഷം വരെ ഏത് സമയത്തും പീഡിപ്പിക്കപ്പെടാം എന്നതാണു ഇന്ന്‍ കേരളത്തില്‍ ഒരു സ്ത്രീയുടെ അവസ്ഥ. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗം ചെയ്യുന്നതും അതിനിടയില്‍ ഉന്നത നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കാഴ്ച വയ്ക്കുന്നതും നമ്മള്‍ യഥേഷ്ടം കണ്ടു കഴിഞ്ഞു. തിരിച്ചുള്ള സംഭവങ്ങളും അപൂര്‍വമല്ല. കൊച്ചിയിലെ ബ്ലാക്ക് മെയിലിങ് തട്ടിപ്പുകേസ് തന്നെ ഉദാഹരണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം അത് സിഡിയിലാക്കി ഇടപാടുകാരെ വിരട്ടിയിരുന്ന സ്ത്രീകള്‍ മലയാള സ്ത്രീകളുടെ ഭാവശുദ്ധിക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി മാറി.

മേല്‍പറഞ്ഞ സംഭവങ്ങളില്‍ കുറ്റവാളികള്‍ പിടിയിലായെങ്കിലും അപ്പോഴൊന്നും നമ്മുടെ സാംസ്കാരിക നിലവാരത്തെക്കുറിച്ച് ആരും വിലപിച്ചു കണ്ടില്ല. പുറം ലോകം അറിയാത്ത സമാന സംഭവങ്ങള്‍ ഇനിയും ഉണ്ടാകാം. പരസ്പര സമ്മതത്തോടെയുള്ള ചുംബനമല്ല മറിച്ച് രണ്ടാമതൊരാളെ ഇരയാക്കിക്കൊണ്ടുള്ള ഇത്തരം കുറ്റ കൃത്യങ്ങളാണ് നമുക്ക് നാണക്കേടുണ്ടാക്കുന്നത്. ലൈംഗിക കുറ്റവാളികള്‍ക്ക് വേണ്ടി കോടതിക്കകത്തും പുറത്തും വാദിച്ചവരും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരുമൊക്കെ ഒരുപക്ഷേ സദാചാര പോലീസിന്‍റെ വേഷമണിഞ്ഞു പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടാകാം. പാരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന നന്‍മയുള്ളവരും ഏറെയുണ്ടെന്നത് ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ പ്രതിഷേധം ആത്മാര്‍ഥതയുള്ളതാണെങ്കില്‍ സദാചാരത്തിന് നേരെ ഉയര്‍ന്നുവരുന്ന ഏത് വെല്ലുവിളിക്കെതിരെയും ആ ശബ്ദം ഉയരണം. എതിര്‍ ലിംഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അശ്ലീല വാക്കുകള്‍ പ്രയോഗിക്കില്ലെന്നും ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ശല്യപ്പെടുത്തില്ലെന്നും പീഡകര്‍ക്ക് വേണ്ടി കോടതിയില്‍ വാദിക്കില്ലെന്നും അവരെ സഹായിക്കില്ലെന്നും പ്രതിജ്ഞയെടുക്കണം. കാരണം ഒരു ചുംബനത്തില്‍ തകര്‍ന്നു പോകുന്നതല്ല നമ്മുടെ സാംസ്കാരിക പൈതൃകം. അത് പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്കിടയിലുള്ള ഒരു സ്നേഹ പ്രകടനം മാത്രമാണ്. കമിതാക്കള്‍ക്കിടയില്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ക്കിടയിലും അത്തരം സ്നേഹ സമ്മാനങ്ങള്‍ പതിവാണ്. അത് എവിടെവച്ച് വേണം എന്നത് അവരുടെ ഇഷ്ടം. അതില്‍ അശ്ലീലത ഇല്ലാത്തിടത്തോളം എതിര്‍ക്കേണ്ട കാര്യവുമല്ല. എന്നാല്‍ ലൈംഗിക കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ബോംബേറുമൊക്കെ ഒരു നാടിന്‍റെ സാംസ്കാരിക നിലവാരത്തിന്‍റെ അളവുകോലാണ്. അങ്ങനെയുള്ള വൈകൃതങ്ങള്‍ക്കെതിരെയാണ് നമ്മുടെ ശബ്ദമുയരേണ്ടത്. അതുകൊണ്ട് പാവം ചുംബനത്തെ വെറുതെ വിട്ടേക്കൂ.

[My article published in KVartha]


Share this post