Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കാണാതെ പോകരുത് ഈ കുഞ്ഞുങ്ങളുടെ കണ്ണുനീര്‍

Share this post

കാണാതെ പോകരുത് ഈ കുഞ്ഞുങ്ങളുടെ കണ്ണുനീര്‍ 1

 

പ്രണയവും വിവാഹവും മോചനവുമൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ മറ്റുള്ളവര്‍ക്ക് കാര്യമില്ലെങ്കിലും പെട്ടു പോകുന്നത് കുട്ടികളാണ്. മാതാപിതാക്കള്‍ തമ്മിലുള്ള ഒരുപക്ഷേ നിസാരമായ പ്രശ്നം കോടതി മുറിയിലേക്കും പൊതു വിചാരണയിലേക്കും നീളുമ്പോള്‍ അവര്‍ക്ക് ആരെയെങ്കിലും നഷ്ടപ്പെടും. അങ്കക്കോഴികളെ പോലെ പരസ്പരം പോരടിക്കുന്ന ദമ്പതികള്‍ കുട്ടികളുടെ അവകാശത്തിന്‍റെ പേരിലും വഴക്കിടുന്നതാണ് പതിവ്. ജീവനുള്ളവരാണ് മക്കള്‍ എന്നു പോലും ഓര്‍ക്കാതെ പാവക്കുട്ടിയെ പോലെ അവരെ പങ്കിട്ടെടുക്കാന്‍ ഇരു കൂട്ടരും ശ്രമിക്കുമ്പോള്‍ ബാല്യത്തിന്‍റെ സ്വപ്നങ്ങള്‍ ചവിട്ടിയരക്കപ്പെടും. പ്രാണനു തുല്യം സ്നേഹിച്ച അച്ഛനെയോ അമ്മയെയോ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രം കാണാന്‍ വിധിക്കപ്പെട്ട തടവു പുള്ളികളാകും കുട്ടികള്‍.

എല്ലാവരും ആഘോഷിക്കുന്ന സെലബ്രിറ്റി വിവാഹ മോചനങ്ങളില്‍ പലരും കാണാതെ പോകുന്നത് ഈ കുഞ്ഞുങ്ങളുടെ കണ്ണീരാണ്. താര കുടുംബത്തില്‍ പിറന്നിട്ടും സന്തോഷം നഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ. മനോജ് കെ ജയനും ഉര്‍വശിയും വേര്‍പ്പിരിഞ്ഞപ്പോള്‍ അച്ഛന്‍റെ കൂടെ കഴിയാനാണ് മകള്‍ താല്‍പര്യപ്പെട്ടത്. തല്‍ഫലമായി കോടതി കുട്ടിയുടെ അവധിക്കാലത്തെ സംരക്ഷണം അമ്മയ്ക്ക് അനുവദിച്ചു. അച്ഛനും അമ്മയും പുനര്‍ വിവാഹിതരായപ്പോള്‍ ത്രിശങ്കു സ്വര്‍ഗത്തിലായത് ഒരു പക്ഷേ ഈ മകളായിരിക്കും. ദിലീപും മഞ്ജുവും ഏറെ നാളായി അകന്നു കഴിയുകയാണെങ്കിലും മകള്‍ മീനാക്ഷി അച്ഛന്‍റെ പൊന്നു മോളായി കൂടെ തന്നെയുണ്ട്. മഞ്ജു തന്നെ ഒരിക്കല്‍ പറഞ്ഞത് പോലെ അവള്‍ അച്ഛന്‍ കുട്ടിയാണ്. പക്ഷേ ഇക്കാലത്ത് അമ്മയുടെ സാമീപ്യമില്ലാതെ പെണ്‍കുട്ടികള്‍ കഴിയുന്നത് അത് സാധാരണ കുടുംബത്തിലാണെങ്കില്‍ പോലും ആശങ്കയുണ്ടാക്കുന്നുണ്ട്. അപ്പോള്‍ അച്ഛന്‍ തിരക്കേറിയ ജീവിതം നയിക്കുന്നയാളാണെങ്കില്‍ പറയാനുമില്ല.അച്ഛന്‍റെ സംരക്ഷണവും കുട്ടികള്‍ക്ക് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്.

ഭാര്യമായി പിരിഞ്ഞെങ്കിലും സായ് കുമാറിന് മകള്‍ വൈഷ്ണവിയെ വലിയ കാര്യമാണ്. എന്നാല്‍ അച്ഛന്‍ കാരണം അവളുടെ പഠിത്തം പോലും അവസാനിപ്പിക്കേണ്ടി വന്നുവെന്ന് പ്രസന്ന കുമാരി വിവാഹ മോചന ഹര്‍ജിയില്‍ ആരോപിച്ചു. കാന്‍സര്‍ ബാധിതയായ പ്രസന്ന കുമാരി അടുത്തിടെയാണ് സുഖം പ്രാപിച്ചത്. ഗണേഷ് കുമാര്‍യാമീനി തങ്കച്ചി ബന്ധം തകര്‍ന്നപ്പോഴും മക്കളാണ് ഏറെ വലഞ്ഞത്. തുടര്‍ന്ന്‍ ദമ്പതികള്‍ ഒന്നിച്ചെങ്കിലും അടുത്തിടെ വിവാദ നാടകങ്ങള്‍ക്ക് ശേഷം വീണ്ടും പിരിഞ്ഞു.

കേരളത്തിലെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ ബോളിവുഡിലെ സ്ഥിതിയും മെച്ചമല്ല. കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരിയും പ്രശസ്ത നടിയുമായ കരിഷ്മ കപൂറും മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറും തമ്മില്‍ ഏറെ നാളായി കുട്ടികളുടെ പേരില്‍ നിയമ യുദ്ധത്തിലാണ്. ഒമ്പത് വയസുള്ള സമൈറ, നാലു വയസുള്ള കിയാന്‍ എന്നീ രണ്ടു കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. ഇരുവരും ഇപ്പോള്‍അമ്മയുടെ സംരക്ഷണയിലാണ്. കരിഷ്മ കുട്ടികളെയും കൊണ്ട് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സഞ്ജയ് ഇടയ്ക്ക് കോടതിയില്‍ എത്തിയിരുന്നു. അടുത്തിടെ മക്കളെ തനിക്ക് വിട്ടു തരണം എന്നാവശ്യപ്പെട്ട് അദ്ദേഹം വീണ്ടും കോടതിയിലെത്തി. ഇരുവരുടെയും വിവാഹ മോചനത്തില്‍ കോടതി ഇതുവരെ തിരുമാനമെടുത്തിട്ടില്ല.

ടെന്നിസ് താരം ലിയാണ്ടര്‍ പെയ്സിനും റിയ പിള്ളയ്ക്കും ഒരു മകളാണുള്ളത്അയാന. ഇരുവരും കുറച്ചു നാളായി അകല്‍ച്ചയിലാണ്. മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പെയ്സ് കഴിഞ്ഞ മാസം കോടതിയിലെത്തി. റിയ മകളുടെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയാണെന്നും അവളുടെ കാര്യത്തില്‍ വേണ്ട പോലെ ശ്രദ്ധിക്കുന്നില്ലെന്നും ഹര്‍ജിയില്‍ അദ്ദേഹം ആരോപിച്ചു. അയാനയെ കോടതിയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ മുംബൈ നഗരത്തിന് പുറത്തു കൊണ്ടു പോകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും ഭാര്യ നൌറിനും ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് പിരിഞ്ഞത്. സംഗീത ബിജ്മലാനി എന്ന ബോളിവുഡ് സുന്ദരി അസറിന്‍റെ മനം കവര്‍ന്നത് പക്ഷേ അദ്ദേഹത്തിന്‍റെ മക്കളെ കൂടി ബാധിച്ചു. രണ്ട് ആണ്‍കുട്ടികളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്ആസാദ്, അയസ്. നൌറിന്‍ പിന്നീട് ഒരു അറബിയെ വിവാഹം കഴിച്ചു. അസറുദ്ദീനും സംഗീതയും അധികം വൈകാതെ പിരിഞ്ഞു. 2011ല്‍ ഹൈദരാബാദില്‍ വച്ചു നടന്ന ഒരു ബൈക്ക് ആക്സിഡന്‍റില്‍ ഇളയ മകന്‍ അയസ് മരിച്ചു.

ഹിന്ദി സിനിമയിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റായ ആമീര്‍ഖാന്‍ 15 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഭാര്യ റീനയില്‍ നിന്ന്‍ പിരിഞ്ഞത്. അവര്‍ ലഗാന്‍ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഖാന്‍ ലഗാന്‍ സിനിമയില്‍ സഹ സംവിധായകയായി പ്രവര്‍ത്തിച്ച കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികള്‍മകന്‍ ജുനൈദ്, മകള്‍ ഇറഅമ്മ റീനയുടെ കൂടെയാണ്.

മാതാപിതാക്കളുടെ സാമീപ്യം നഷ്ടപ്പെട്ടത് മൂലം ജീവിതം വഴി വിട്ട സഞ്ജയ് ദത്തിനെ ഇവിടെ ഓര്‍ക്കാം. ഏറെ പ്രിയപ്പെട്ടവളായിരുന്ന അമ്മ നര്‍ഗ്ഗീസ് കാന്‍സറിന് അടിപ്പെട്ട് മരിച്ചതാണ് കുഞ്ഞു സഞ്ജയെ തകര്‍ത്തത്. തിരക്കേറിയ നടനും രാഷ്ട്രീയ നേതാവുമായ അച്ഛന്‍ സുനില്‍ ദത്ത് അടുത്ത് ഇല്ലാതാകുക കൂടി ചെയ്തതോടെ പണക്കാരന്‍ കുട്ടിയെ തേടി ക്രിമിനല്‍ ബന്ധമുള്ള കൂട്ടുകാരും എത്തി. അത് മയക്കുമരുന്ന് ഉപയോഗത്തിലേക്കും അധോലോകത്തിലേക്കുമാണ് അദ്ദേഹത്തെ നയിച്ചത്. സ്നേഹിക്കാനും നിയന്ത്രിക്കാനും ആളുകളില്ലെങ്കില്‍ ഒരാളുടെ ജീവിതം എങ്ങനെയൊക്കെ ആയി തീരുമെന്ന് സഞ്ജയ് ദത്തിന്‍റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു

മേല്‍പറഞ്ഞ കാര്യങ്ങള്‍ സെലബ്രിറ്റികള്‍ക്ക് മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തിലും ബാധകമാണ്. കാരണം കുട്ടികളുടെ മനസ് എല്ലായിടത്തും ഒരുപോലെയാണ്. പ്രശസ്തിയിലും സുഖ സൌകര്യങ്ങളിലും രമിക്കുന്നതിനെക്കാള്‍ കുടുംബത്തിലെ കൊച്ചു കൊച്ചു നിമിഷങ്ങളില്‍ സന്തോഷം കണ്ടെത്താനാകും അവര്‍ ശ്രമിക്കുക. സ്ത്രീധന തര്‍ക്കത്തിന്‍റെയും നിസാരമായ അഭിപ്രായ വ്യത്യാസങ്ങളുടെയും പേരില്‍ കുട്ടികളെ കോടതി മുറികളിലേക്ക് വലിച്ചിഴക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യങ്ങള്‍ കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

[My article originally published in Kvartha on 05.06.2014]


Share this post