Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ജോസഫിനും ജോര്‍ജിനും ഇടയില്‍പ്പെട്ട് ധര്‍മ സങ്കടത്തില്‍ മാണി; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

Share this post

ജോസഫിനും ജോര്‍ജിനും ഇടയില്‍പ്പെട്ട് ധര്‍മ സങ്കടത്തില്‍ മാണി; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് 1

പി ജെ ജോസഫിനും പി സി ജോര്‍ജിനും ഇടയില്‍ പ്പെട്ട് ഒന്നും ചെയ്യാനാവാത്ത ധര്‍മ സങ്കടത്തിലാണ് ഇപ്പോള്‍ കെ.എം മാണി. പി സി ജോര്‍ജിനെതിരെയുള്ള കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഘടക കക്ഷികളുടെ സമ്മര്‍ദം മറുവശത്തും. കേരള കോണ്‍ഗ്രസ് (എം) എന്ന തന്‍റെ കൊച്ചു  പാര്‍ട്ടിയിലെ  സ്വസ്ഥതയും സമാധാനവും കൈവിട്ട് കേരള കോണ്‍ഗ്രസുകളുടെ ഏകീകരണത്തിന് ഇറങ്ങി പുറപ്പെട്ട നിമിഷത്തെ ആത്മാര്‍ഥമായി ‍ പഴിക്കുന്നുണ്ടാവും ഇപ്പോള്‍ അദ്ദേഹം.

എല്‍ഡി എഫില്‍ ആയിരിക്കുമ്പോള്‍ തന്നെ കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്ന ജോസഫും പി.സി യും പിന്നീട് കേരള കോണ്‍ഗ്രസ് (എം) എന്ന ഒരേ പാര്‍ട്ടിയില്‍ എത്തിയെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം   പരസ്പരം   പോരെടുത്തു.  ആ അങ്കപ്പോരിന്‍റെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണ് കേരള കോണ്‍ഗ്രസിലെ ഇപ്പോഴത്തെ കത്ത് വിവാദം. 

പാര്‍ട്ടിയിലെ  പഴയ ജോസഫ് വിഭാഗം നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് കെ. എം മാണിയെ നേരില്‍ കണ്ട്, വിവാദ പ്രസ്താവനകളുടെ പേരില്‍ ,  ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു മാറ്റണം എന്നാവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്. പിന്നീട് അങ്ങനെ ഒരു കത്തും കിട്ടിയിട്ടില്ലെന്ന് മാണി മാധ്യമങ്ങളോട്  പ്രതികരിച്ചെങ്കിലും   മണിക്കൂറുകള്‍ക്കകം നേതാക്കള്‍ നല്കിയ കത്ത് ചോരുകയായിരുന്നു. കത്ത് ചോര്‍ന്നതിന് പിന്നില്‍ ജോസഫിന്‍റെ അനുയായികളാണെന്ന് ജോര്‍ജും അതല്ല ജോര്‍ജ്ജാണ് ചോര്‍ത്തിയതെന്ന് ജോസഫ് വിഭാഗവും ആരോപിച്ചു.

ജോര്‍ജിനെ നിയന്ത്രിക്കണം എന്നത് കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള ഘടക കക്ഷികളുടെ വളരെ നാളത്തെ ആവശ്യമാണ്.  ജെ.എസ്.എസ് മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയിട്ടും പക്ഷേ മാണി അതിനു തയ്യാറായില്ല. ഇടക്ക് മുന്നണി വിട്ട് അദ്ദേഹം എല്‍.ഡി.എഫിലേക്ക് പോകും എന്ന മട്ടില്‍ വാര്‍ത്തകളുണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് അടുത്ത കാലത്ത് ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെ വെള്ള പൂശിക്കൊണ്ടുള്ള പ്രസ്താവന മാണി  നടത്തിയത്. പക്ഷേ അതൊന്നും ഫലം കണ്ടില്ല.  എവിടെ ചെന്നാലും പി.സി ജോര്‍ജ് കൂടെയുണ്ടെങ്കില്‍ തനിക്ക് സ്വസ്ഥതയുണ്ടാവില്ലെന്ന് ഇപ്പോള്‍ അദ്ദേഹം തിരിച്ചറിയുന്നു.

ജോസഫിനും ജോര്‍ജിനും ഇടയില്‍പ്പെട്ട് ധര്‍മ സങ്കടത്തില്‍ മാണി; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് 2

മുന്നണിയില്‍ തനിക്കും പാര്‍ടിക്കും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാത്തതിന് കാരണം ഭരണത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഞാണിന്‍മേല്‍ കളിയാണെന്ന് കെ.എം മാണിക്ക് നന്നായറിയാം.  എങ്കിലും സ്വന്തം പാര്‍ട്ടിയിലെ ഉള്‍പ്പോര് പോലും തീര്‍ക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്നതും അദ്ധ്വാന വര്‍ഗ്ഗങള്‍ക്കു വേണ്ടി സിദ്ധാന്തങ്ങള്‍ തയാറാക്കുന്നതും അത്ര വലിയ കാര്യമല്ലെന്ന്  അദേഹത്തിന് ഇപ്പോള്‍ തോന്നുണ്ടാവും.

ജോര്‍ജിനെതിരെ നടപടിയെടുത്താലും ഇല്ലെങ്കിലും പാര്‍ടി പിളരുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് .  എന്തെങ്കിലും  നടപടിയെടുത്താല്‍ ജോര്‍ജ് വേറെ വഴി നോക്കും. അപമാനം സഹിച്ച് അദ്ദേഹം കേരള കോണ്‍ ഗ്രസില്‍ തുടരും എന്നു പ്രതീക്ഷിക്കാന്‍ വയ്യ. പക്ഷേ ഒന്നും ചെയ്തില്ലെങ്കില്‍  ജോസഫ് വിഭാഗം പഴയ തട്ടകത്തിലേക്ക് മടങ്ങും. യു.ഡി എഫ് തങ്ങള്‍ക്ക് പറ്റിയ ലാവണമല്ലെന്ന് അവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. പഴയ പാര്‍ടിയിലേക്ക് മടങ്ങാനുള്ള വിലപേശലുകള്‍ അണിയറയില്‍ നടക്കുകയാണ് എന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ .രണ്ടായാലും   അനിവാര്യമായ പിളര്‍പ്പിനെ നേരിടാന്‍ മാണിയും അണികളും   തയ്യാറാവുകയാണ്.

തന്‍റെ പാര്‍ട്ടിയെ മാണി തന്നെ മുമ്പ് വിശേഷിപ്പിച്ചത് വളരും തോറും പിളരുകയും പിളരും തോറും   വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നാണ്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) കൂടുതല്‍ വളര്‍ന്നുവെന്നും   അതുകൊണ്ടാണ് പിളരുന്നതെന്നും  അദേഹത്തിന്  നെഞ്ചില്‍ കൈ വെച്ചു തന്നെ  പറയാം. പക്ഷേ പാര്‍ട്ടി പിളര്‍ന്നാല്‍ അത് ആത്യന്തികമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ   പതനം കൂടിയാവും. ഒപ്പം മറ്റൊരു തിരഞ്ഞെടുപ്പിനുള്ള കാഹളം കൂടി മുഴങ്ങും. അതിനു കാരണക്കാരനെന്ന പഴി എത്ര ശ്രമിച്ചാലും കെ. എം മാണി എന്ന തന്ത്രങ്ങളുടെ ആചാര്യനെ  വിട്ടൊഴിയുകയുമില്ല……………………….


Share this post