Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍

Share this post

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍ 1

    കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും നടത്തുന്ന ശ്രമങ്ങള്‍ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി മോഹത്തിന് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി. ചര്‍ച്ചകള്‍ക്കായി മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ഡല്‍ഹിയിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി പരമാവധി ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ല. കോണ്‍ഗ്രസ്സിലെ പ്രതിസന്ധി മുതലെടുക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അതിന്‍റെ ഭാഗമായി തങ്ങളുടെ ചില ആവശ്യങ്ങളും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നു. ഉമ്മന്‍-ചെന്നിത്തല പോരില്‍ വലയുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന് ഇരു നേതാക്കളും കരുതിയിരുന്നെങ്കിലും ഇതുവരെ അത് ഫലവത്തായിട്ടില്ല.

വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ലീഗിന് ഒരു അധിക സീറ്റ്, ഇ. അഹമ്മദിന് ക്യാബിനറ്റ് പദവി എന്നിവയാണ് രമേശിന്‍റെ രണ്ടാമന്‍ മോഹം സാക്ഷാല്‍ക്കരിക്കാന്‍ മുസ്ലീം ലീഗ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍. ജോസ് കെ മാണിയ്ക്ക് കേന്ദ്രമന്ത്രി പദം എന്ന ആവശ്യം കെ.എം മാണിയും മുന്നോട്ട് വെച്ചു. സര്‍ക്കാരിന്‍റെ നിലനില്‍പ്പ് തന്നെ അവതാളത്തിലായ ഈ സമയത്ത് തങ്ങളുടെ നിബന്ധനകള്‍ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുമെന്ന് തന്നെയാണ് യു.ഡി.എഫിലെ രണ്ടാമനും മൂന്നാമനും ഇപ്പൊഴും കരുതുന്നത്. അതിന്‍റെ സമ്മര്‍ദ തന്ത്രമായി ഇരുവരും മുന്‍കൂട്ടി നിശ്ചയിച്ച ഇന്നത്തെ ഡല്‍ഹി യാത്ര റദ്ദാക്കുകയും ചെയ്തു. ഏതായാലും ഇതോടെ ത്രിശങ്കു സ്വര്‍ഗത്തിലായത് കുറച്ചു നാളുകളായി ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലയാണ്. സമീപ കാലത്തൊന്നും ഒരു കെ.പി.സി.സി പ്രസിഡന്‍റ് ഒരു മന്ത്രി പദത്തിന് വേണ്ടി ഇത്ര നാണം കേട്ടിട്ടുണ്ടാവില്ല. മാണിക്കും കുഞ്ഞാലിക്കുട്ടിയ്ക്കുമൊപ്പം ആഭ്യന്തരം രമേശിന് കൊടുക്കില്ല എന്ന ‘എ’ ഗ്രൂപ്പിന്‍റെ പിടിവാശി കൂടിയായപ്പോള്‍ എല്ലാം പൂര്‍ണമായി.

സോളാര്‍ വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിപടരുമ്പോഴും മന്ത്രിസഭാ വികസനം മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചിന്ത. അഴിമതി വിവാദം നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണെന്നും രമേശിനെ രണ്ടാമനാക്കിയാല്‍ എല്ലാം കലങ്ങിതെളിയുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. അതിനിടയില്‍ ജനത്തിന്‍റെ പ്രശ്നങ്ങള്‍ക്കും ചിന്തകള്‍ക്കും യാതൊരു പ്രസക്തിയുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ തന്നെ തങ്ങുന്നത്. ഇതിനായി നേതാക്കള്‍ നടത്തുന്ന വിമാനയാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഭാഗ്യം. അപ്പോള്‍ അതും സര്‍ക്കാരിന്‍റെ ചെലവില്‍ തന്നെ ചേര്‍ക്കാം. പേരിനായി ഏതെങ്കിലും കേന്ദ്രമന്ത്രിയെ കണ്ടാല്‍ സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യാത്ര എന്നു പ്രചരിപ്പിക്കുകയുമാവാം.

 അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഏത് നിമിഷവുമുണ്ടാവാം. അതില്‍ യു.ഡി.എഫിന് കേരളത്തില്‍ എത്ര സീറ്റ് കിട്ടുമെന്നോ യു.പി.എ നിലം തൊടുമോ എന്നു പോലും ഉറപ്പില്ല. പക്ഷേ അപ്പോഴും കേന്ദ്ര മന്ത്രി സ്ഥാനത്തെ കുറിച്ചാണ് മാണിയും മുസ്ലീം ലീഗുമൊക്കെ ആകുലപ്പെടുന്നത്. ആറുമാസമെങ്കില്‍ ആറു മാസം. അതുവരെയെങ്കിലും കുഞ്ഞുമാണിയും അഹമ്മദ് സാഹിബും ആ കസേരയില്‍ ഇരുന്നോട്ടേ എന്ന് ഇരു പാര്‍ട്ടികളും കരുതുന്നുണ്ടാവും. അവരെ തെറ്റ് പറയാനും പറ്റില്ല. കാരണം അതിന് ശേഷം പാര്‍ലമെന്‍റ് കാണാന്‍ പറ്റിയില്ലെങ്കിലോ ? ഈ നില പോയാല്‍ വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മുരളീധരനെ പോലുള്ള അതിന്‍റെ നേതാക്കള്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫ് നേതാക്കളുടെ അധികാരത്തിനോടുള്ള ഈ ആര്‍ത്തി ജനം കണ്ടുകൊണ്ടിരിക്കുകയാണ്. അതിന്‍റെ പരിണിത ഫലം മുന്നണി അറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ അതുവരെ രമേശ് ചെന്നിത്തല ഒരു പക്ഷേ തന്‍റെ ഇപ്പോഴത്തെ ഈ ദിവാസ്വപ്നത്തില്‍ തന്നെ കഴിയേണ്ടി വരും. അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ദാനമായി കൊടുക്കുന്ന റവന്യൂ വകുപ്പും സ്വീകരിച്ച് നാണം കെട്ട് മന്ത്രിസഭയില്‍ ചേരുക മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള ഒരേ ഒരു വഴി.


Share this post