Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

നമ്മള്‍ തമ്മില്‍ : വി.എസും ഉമ്മന്‍ ചാണ്ടിയും

Share this post

 

സരിതയും പരിവാരങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയ ഭൂകമ്പത്തിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ജനസമ്പര്‍ക്കത്തിന്‍റെയും യു.എന്‍ അവാര്‍ഡിന്‍റെയും തിളക്കത്തില്‍ അപരാജിതനായി വിലസിക്കൊണ്ടിരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര ഇളകുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കോടതിയുടെയും ഹൈക്കമാന്‍റിന്‍റെയും കാരുണ്യത്തില്‍ എത്ര നാള്‍ അദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ കഴിയുമെന്ന് കണ്ടു തന്നെ അറിയണം. സരിതയുമായി അടുപ്പമുള്ള ഉന്നതന്‍മാര്‍ ആരൊക്കെ, അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ മന്ത്രിമാര്‍ എത്ര പേര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്യുന്നത്.

മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി പലത് കൊണ്ടും മുന്‍ഗാമിയായ വി.എസ് അച്യുതാനന്ദനില്‍ നിന്ന്‍ വ്യത്യസ്ഥനാണ്. സംസ്ഥാനത്ത് അഴിമതി വിരുദ്ധനായ ഒരു മുഖ്യമന്ത്രിയും ഭരണവുമാണ് ഉള്ളതെന്ന പ്രതീതി ജനിപ്പിക്കാന്‍ വി.എസിന് കഴിഞ്ഞിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസും ഭരണത്തിലെ ഉന്നതരും സോളാര്‍ വിവാദത്തില്‍ പ്രതിക്കൂട്ടിലായപ്പോള്‍ പ്രതിരോധിക്കാനായി ഉമ്മന്‍ ചാണ്ടിയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ അമ്പേ പാളുകയാണ് ചെയ്തത്. ശാലുവിന്‍റെ വീട്ടില്‍ പോയത് പ്രവര്‍ത്തകര്‍ കൈ കാട്ടി വിളിച്ചിട്ടാണെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനങ്ങളെ ചിരിപ്പിക്കുകയും ചെയ്തു. രമേശ് വിഷയത്തില്‍ പിണങ്ങിയ ഐ ഗ്രൂപ്പാകട്ടെ സര്‍ക്കാരിനെ രക്ഷിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്തിയതുമില്ല. സോളാര്‍ പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കസേര തെറിക്കുന്നെങ്കില്‍ തെറിക്കട്ടെ എന്നവരും കരുതിയിട്ടുണ്ടാവും.

അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ബലത്തില്‍ ഏഴു വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ വി.എസ് കസേര വിടും വരെ ആ പ്രതീതി നിലനിര്‍ത്താന്‍ ഒരു പരിധി വരെ വിജയിച്ചിരുന്നു. സത്യത്തില്‍ അദേഹത്തിന്‍റെ ആ പ്രതിച്ഛായയെയാണ് ഇത്രനാളും പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷവും ഭയന്നത്. പാമോലിന്‍ കേസില്‍ കരുണാകരനെതിരെയും ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയും മറ്റ് വിവിധ കേസുകളില്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെയും ടി.എം ജേക്കബിനെതിരെയും രാഷ്ട്രീയപരമായും നിയമപരമായും പോരാടിയ വി.എസ് പലപ്പോഴും ഇടതുപക്ഷത്തെ എതിര്‍ക്കുന്നവരുടെ വരെ ആവേശമായി മാറി. ഇടമലയാര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ ഒറ്റയാള്‍ പോരാട്ടം അവസാനം ബാലകൃഷ്ണപിള്ളയെ കല്‍തുറുങ്കിലെത്തിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സുഖ ചികില്‍സയും ശിക്ഷായിളവും നല്‍കി പിള്ളയെ വലിയൊരു പ്രതിസന്ധിയില്‍ നിന്നു രക്ഷിച്ചു.

  പ്രതിപക്ഷത്തിരുന്നു കൊണ്ടും മുഖ്യമന്ത്രിയായപ്പോഴും സാധാരണക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വി.എസ് ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മതികെട്ടാന്‍ വിഷയത്തിലും വ്യാജ സിഡി പ്രശ്നത്തിലും മൂന്നാര്‍ കയ്യേറ്റത്തിലും അദ്ദേഹം ചെയ്ത കാര്യങ്ങള്‍ പലരുടേയും ഉറക്കം കെടുത്തി. ലാവ്ലിന്‍ വിഷയത്തിലും അദേഹത്തിന്‍റെ നിലപാട് വ്യത്യസ്തമായിരുന്നില്ല. കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണം എന്ന്‍ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ട വി.എസ് തന്‍റെ നിലപാട് പരസ്യമാക്കാനും മടിച്ചില്ല. അദേഹത്തിന്‍റെ ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ഒരു വശത്തും വി.എസ് മറുവശത്തുമാണെന്ന തോന്നല്‍ ജനങ്ങളില്‍ പലപ്പോഴും ഉണ്ടാക്കി. ടി.പി വധത്തില്‍ പാര്‍ട്ടി നിലപാടിനെ വെല്ലുവിളിച്ച അദ്ദേഹം അക്രമ രാഷ്ട്രീയത്തിനെതിരായ ശക്തമായ താക്കീത് നല്‍കാനും മറന്നില്ല. 

എന്തു വന്നാലും ജനം കൂടെയുണ്ടാകുമെന്ന ചിന്തയാണ് തന്‍റേതായ നിലപാടുകള്‍ രൂപപ്പെടുത്താന്‍ വി.എസിനെ സഹായിച്ചത്. പക്ഷേ ഇക്കാര്യത്തില്‍ കെ.കരുണാകരനില്‍ നിന്നു വ്യത്യസ്തനായി അദ്ദേഹം. പാര്‍ട്ടിയോട് തെറ്റിയ കരുണാകരന്‍ എതിരാളികളെ സഹായിക്കുന്ന തീരുമാനങ്ങള്‍ എടുക്കാനും മടിച്ചിരുന്നില്ല. ആന്‍റണി മന്ത്രിസഭയുടെ കാലത്ത് എറണാകുളം ഉപതിരഞ്ഞെടുപ്പ് വന്നപ്പോഴും പിന്നീട് ബി.ജെ.പിയുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് വ്യക്തമാക്കിയപ്പോഴും അദ്ദേഹം അത് പ്രകടമാക്കി. എന്നാല്‍ കോണ്‍ഗ്രസ് വിരോധത്തിന്‍റെ കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നില്‍ നിന്ന വി.എസ് ഇടതുപക്ഷ കൂട്ടായ്മയുടെ നായകത്വം വഹിക്കാന്‍ തയാറാണെന്ന് പലപ്പോഴും പ്രഖ്യാപിച്ചു.

വി.എസിനെ നല്ലവനും എന്നാല്‍ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ മോശക്കാരുമാണെന്ന തോന്നല്‍ വളര്‍ത്താന്‍ മാധ്യമങ്ങളും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി പാര്‍ട്ടി യോഗങ്ങളിലെ രഹസ്യ തീരുമാനങ്ങള്‍ വരെ ചോര്‍ന്നത് നേതൃത്വത്തെ നിരന്തരം വിഷമിപ്പിച്ചു. എങ്കിലും വി.എസിന്‍റെ ജനപ്രീതി എന്ന ആയുധത്തെ ഭയന്ന്‍ നേരിട്ടൊരു നടപടിയെടുക്കാന്‍ അവര്‍ തയാറായതുമില്ല. എന്നാല്‍ വി.എസ് മാറി ഉമ്മന്‍ ചാണ്ടി വന്നപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. ജനങ്ങള്‍ക്ക് എപ്പോഴും സമീപിക്കാവുന്ന അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന മുഖ്യമന്ത്രി എന്ന ധാരണ അദ്ദേഹം ഉണ്ടാക്കിയെങ്കിലും സോളാര്‍ വിവാദത്തോടെ എല്ലാം കുഴഞ്ഞു മറിഞ്ഞു. ആന്‍റണിയെയും സുധീരനെയും പോലുള്ള ആളുകള്‍ വിവാദത്തില്‍ സര്‍ക്കാരിനെ വേണ്ടത്ര പിന്തുണയ്ക്കാത്തത് പലരുടേയും സംശയം വര്‍ധിപ്പിച്ചു.

  എല്ലാവരെയും യോജിപ്പിച്ചു കൊണ്ടു പോകാന്‍ കഴിയുന്ന തന്ത്രഞ്ജനായ ഒരു പിന്‍ഗാമി പാര്‍ട്ടിയില്‍ തനിക്ക് ഇല്ലാത്തതാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ആശ്വാസം നല്‍കുന്നത്. ഇടയ്ക്ക് ചിലര്‍ വി.എം. സുധീരന്‍റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും അദേഹത്തെ യു.ഡി.എഫ് പോയിട്ട് കോണ്‍ഗ്രസ് പോലും അനുകൂലിക്കുന്നില്ല എന്നതാണ് സത്യം. അഴിമതി വിരുദ്ധനും ആദര്‍ശശാലിയുമായ സുധീരന്‍ വന്നാല്‍ അത് കോണ്‍ഗ്രസിന് തലവേദനയാകുമെന്നുറപ്പാണ്. മുമ്പ് കരിമണല്‍ പ്രശ്നത്തിലും ഐസ്ക്രീം കേസിലുമെല്ലാം അദ്ദേഹം പരസ്യമായി പാര്‍ട്ടി നേതൃത്വവുമായി കൊമ്പു കോര്‍ത്തിട്ടുണ്ട്. അഴിമതിയെ എതിര്‍ക്കുന്ന, അതിനെതിരെ പോരാടുന്ന നേതാക്കള്‍ ഏത് ചേരിയിലായാലും താന്താങ്ങളുടെ പാര്‍ട്ടിക്ക് തലവേദനയാണ് എന്നര്‍ത്ഥം.

ഒരു ചോദ്യം മതി ജീവിതം മാറാന്‍ എന്ന്‍ കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ് ഗോപി പറയുന്നുണ്ട്. അതുപോലെ വ്യക്തമായ ഒരു ആത്മവിമര്‍ശനം വഴി സോളാര്‍ കേസിന്‍റെ ഗതി തിരിച്ചു വിടാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് കഴിയുമായിരുന്നു. ഞാന്‍ വിശ്വസിച്ചവര്‍ എന്നെ ചതിച്ചു എന്ന്‍ തുടക്കത്തിലെ അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ കേരളം മുഴുവന്‍ അദേഹത്തിനൊപ്പം നില്‍ക്കുമായിരുന്നു. പക്ഷേ കുഞ്ഞൂഞ്ഞ് അത് ചെയ്തില്ല. അതിന്‍റെ പരിണിത ഫലമാണ് അദ്ദേഹവും കൂടെ നില്‍ക്കുന്നവരും ഇപ്പോള്‍ അനുഭവിക്കുന്നത്. രമേശിനെ രണ്ടാമനാക്കുക എന്ന പ്രതിച്ഛായ മിനുക്കല്‍ തന്ത്രം എ ഗ്രൂപ്പിന് ആവിഷ്ക്കരിക്കേണ്ടി വന്നതും അതുകൊണ്ടാണ്. പക്ഷേ പ്രതിച്ഛായ നന്നാക്കാനാണെങ്കില്‍ വി.എസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് നല്ലത്. അതിനൊപ്പം ആഭ്യന്തരം കൂടി വെച്ചു കൊടുത്താല്‍ പോലീസ് ചെയ്യുന്ന കൊള്ളരുതായ്മകളുടെ പാപഭാരം പേറാനും ഒരാളാകും. സോളാര്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന്‍ കര കയറാന്‍ യു.ഡി.എഫിന് മുന്നില്‍ ഇനി ആ ഒരു വഴി മാത്രമേ അവശേഷിച്ചിട്ടുള്ളൂ. 


Share this post