സുധീരന്‍റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ?

 

Congress-kerala

സുധീരന്‍ ചാക്യാര്‍ സ്ഥാനം ഒഴിഞ്ഞു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കിനാശ്ശേരിയിലെ ജനങ്ങള്‍ കേട്ടത്. മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം പാര്‍ട്ടിയുടെ ആസ്ഥാന ചാക്യാരായി നിയമിതനായത്. അതും ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന്. സുധീരന് കളി അറിയില്ലെന്നും അദ്ദേഹത്തെ ചാക്യാരാക്കിയാല്‍ ചത്തു കളയുമെന്നുമൊക്കെ പഴയ ആശാന്മാരായ ഉമ്മന്‍ ചാക്യാരും ചെന്നിത്തല ചാക്യാരും വിരട്ടി നോക്കിയെങ്കിലും പാര്‍ട്ടിയെ വടക്ക് നിന്ന് കുളം തോണ്ടുന്നതിന്‍റെ തിരക്കിലായിരുന്ന ദേശിയനേതാവ് അതൊന്നും വക വച്ചില്ല. തിരുമാനം വന്ന പാടെ പാര്‍ട്ടിക്ക് ഇനി രാഹുര്‍ ദശയാണെന്ന് പറഞ്ഞ് ഉമ്മച്ചന്‍ സോളാര്‍ വിമാനത്തില്‍ കയറി ഇന്ദ്രപ്രസ്ഥം വിടുകയും ചെയ്തു. 

ചാക്യാര്‍മാര്‍ തമ്മില്‍ ചേര്‍ന്ന് പോകില്ലെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. സുധീരന്‍റെ ശൈലി പരമ്പരാഗത കളി ആശാന്‍മാരില്‍ നിന്ന് വ്യത്യസ്ഥമായത് കൊണ്ട് ആസ്വാദകരെ കൊണ്ട് നിറഞ്ഞ തൃശൂര്‍ പൂരം മൈതാനം പോലെ വിമര്‍ശകരെകൊണ്ട് നിറഞ്ഞ പാര്‍ട്ടിയോഗങ്ങളെയാണ് അദ്ദേഹത്തിന് പ്രധാനമായും നേരിടേണ്ടി വന്നത്.

സാധാരണഗതിയില്‍ ചാക്യാര്‍ക്കൂത്തില്‍ കാണികളെയാണ് വര്‍ണ്ണിക്കുന്നതെങ്കില്‍ സുധീരന്‍ സഹപ്രവര്‍ത്തകരെയാണ് വര്‍ണ്ണിക്കുന്നതെന്നും അത് അനുവദിക്കാനാവില്ലെന്നും ഡല്‍ഹിയില്‍ നിന്ന് തോറ്റു മടങ്ങിയ ആശാന്മാരും ഭടന്മാരും തീര്‍ത്തു പറഞ്ഞു. കൂടുതല്‍ കളിച്ചാല്‍ ഇന്ദിരാ ഭവനിലെ ഫ്യൂസൂരുമെന്നും വെള്ളം കുടി മുട്ടിക്കുമെന്നും എന്തിന് മൂന്നാര്‍ മോഡലില്‍ സ്ഥലം പിടിച്ചെടുക്കുമെന്നും വരെ മന്ത്രിമാരായ നേതാക്കള്‍ ചുറ്റും കൂടി നിന്ന് പറഞ്ഞെങ്കിലും സുധീരന്‍ ചാക്യാര്‍ കുലുങ്ങിയില്ല. ഷാജി കൈലാസ് ചിത്രങ്ങളില്‍ പതിവായി കാണുന്ന ഡല്‍ഹിയില്‍ നിന്നെത്തുന്ന ഐപിഎസ് ഓഫീസറെ പോലെയാണ് തന്‍റെ വരവെന്നും എല്ലാം നേരെയാക്കിയിട്ടേ മടങ്ങൂ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. തന്‍റെ കളി ജനങ്ങള്‍ക്ക് ഇഷ്ടമാണെന്ന് പറയാനും സുധീരന്‍ ചാക്യാര്‍ മറന്നില്ല. 

തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറു കണക്കിന് വേദികളില്‍ സുധീരന്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചെങ്കിലും തലസ്ഥാനത്ത് സെക്രട്ടേറിയററ് പടിക്കല്‍ ഒരു സ്ഥിരം വേദിയെന്ന അദ്ദേഹത്തിന്‍റെ സ്വപ്നം പൂവണിഞ്ഞില്ല. അന്നത്തെ പ്രതിപക്ഷത്തിന്‍റെ അമരക്കാരനായിരുന്ന വിജയന്‍ ചാക്യാരാണ് അവിടെ കളിക്കാനുള്ള അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അവകാശം നേടിയെടുത്തത്. ആസ്ഥാന ചാക്യാര്‍ കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ കെപിസിസിയുടെ തിരുമുറ്റത്ത് നിന്ന് ചവിട്ടി പുറത്താക്കി ചാണക വെള്ളം തളിക്കണമെന്നും ശത്രുക്കള്‍ അന്ന് മുതലേ പറയുന്നതാണ്. തമ്പുരാന്‍ സ്ഥാനമൊഴിയുകയും ആ മുള്‍ക്കിരീടം ചെന്നിത്തലയ്ക്കുമേല്‍ വച്ചു കെട്ടുകയും ചെയ്ത ഉമ്മച്ചന്‍ അതിനായി വഴി മരുന്നിട്ടെങ്കിലും കേന്ദ്രത്തില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. അതോടെ അദ്ദേഹം ചെന്നിത്തല തമ്പുരാനെയും കൂട്ടുപിടിച്ച് ഡല്‍ഹിക്ക് വിമാനം കയറി. 

Also Read   കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്

ഡല്‍ഹി എത്രയോ കാലമായി കണ്ടു മടുത്തതാണ്. എന്നിട്ടും ഈ നഗരം വീണ്ടും വീണ്ടും എന്നെ വിളിച്ചടുപ്പിക്കുകയാണല്ലോ എന്ന് ഉമ്മച്ചന്‍ ആത്മഗതം പോലെ പറയുകയും ചെയ്തു. ജന്‍പഥിന് മുന്നില്‍ ദിവസങ്ങളോളം കാത്തുകെട്ടി കിടന്നെങ്കിലും അകത്ത് ഛോട്ടാ ഭീം കളിക്കുന്നതിന്‍റെ തിരക്കിലായിരുന്ന ഉപാധ്യക്ഷനെയോ പതിവ് പോലെ മയക്കത്തിലായിരുന്ന അന്തപ്പനെയോ (അല്ലെങ്കിലും അദ്ദേഹം എഴുന്നേറ്റിട്ടും കാര്യമൊന്നുമില്ലല്ലോ ! ) കാണാന്‍ സാധിച്ചില്ല. ഇടയ്ക്ക് ടാബ്ലറ്റില്‍ നിന്ന് അറിയാതെ മുഖമുയര്‍ത്തി ജനലില്‍ നിന്ന് പുറത്തേയ്ക്ക് നോക്കിയ രാഹുല്‍ മോന്‍ അഭയാര്‍ഥികളെ പോലെ ഗെയ്റ്റിനു പുറത്തു നില്‍ക്കുന്ന ഇരുവരെയും കണ്ട് തെറ്റിദ്ധരിച്ച് എന്തെങ്കിലും ചില്ലറ എടുത്തു കൊടുക്കാന്‍ അകത്തേയ്ക്ക് വിളിച്ചു പറയുക കൂടി ചെയ്തതോടെ തലയില്‍ മുണ്ടുമിട്ട് ആരുമറിയാതെ അവര്‍ സ്ഥലം വിട്ടു.

അങ്ങനെ ഇനി എന്തു വേണമെന്ന് ഒരെത്തും പിടിയും കിട്ടാതെ നില്‍ക്കുമ്പോഴാണ് നിനച്ചിരിക്കാതെ ആ നല്ല വാര്‍ത്ത കേട്ടത്. സുധീരന്‍ ആസ്ഥാന ചാക്യാര്‍ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. കേട്ടപാടെ ചെന്നിത്തല തമ്പുരാന്‍ ഒരു കുട്ട തേങ്ങയുമായി പഴങ്ങാടിക്ക് വിട്ടു. അതെല്ലാം പൊട്ടിച്ചു തീര്‍ക്കാന്‍ അദ്ദേഹം പെട്ട ഒരു പാട് ! ഹോ ! ഉമ്മച്ചന് മലയാറ്റൂരും പഴനിയിലുമായിട്ടാണ് നേര്‍ച്ച. ഇരിക്കൂറുകാരന്‍ ജോസഫ് ഹസ്സനെയും ചുമന്നു കൊണ്ട് മല കയറുന്ന കാഴ്ചയ്ക്ക് മലയാറ്റൂര്‍ വാസികള്‍ താമസിയാതെ സാക്ഷികളാകും. തിരുവഞ്ചൂര്‍ കാവടിയേന്തി പഴനിമല കയറാനുള്ള യാത്രയിലാണെന്നും കേള്‍ക്കുന്നു. 

ഇതിനിടയില്‍ എല്ലാവര്‍ക്കും വേണ്ടി പ്രസിഡന്‍റ് പദവി എന്ന ഭാരം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന ഹസ്സന്‍റെ പ്രസ്ഥാവനയും വന്നിട്ടുണ്ട്. തുടര്‍ഭരണം ലക്ഷ്യമിടുന്ന പിണറായിയും കോടിയേരിയും അത് കേട്ടപ്പാടെ സമ്മതമറിയിച്ചെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെങ്കിലും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഹൈക്കമാണ്ട് ഹസ്സന്‍റെ ആഗ്രഹത്തിന് സമ്മതം മൂളുമോ എന്ന് വ്യക്തമല്ല. തന്‍റെ മുഖ്യമന്ത്രി പദ മോഹം തല്ലിക്കെടുത്താനുള്ള ഉമ്മന്‍ ചാണ്ടിയുടെ വേലയായിട്ടാണ് ചെന്നിത്തല പോലും ഇതിനെ കാണുന്നത്. ഏതായാലും ഹസ്സനെ തല്‍സ്ഥാനത്ത് അവരോധിക്കണമെന്ന ആവശ്യവുമായി ഇടതുപക്ഷത്തെ വിശ്വാസികളും ബിജെപി നേതാക്കളും വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത് ഐ വിഭാഗത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സുധീരന്‍റെ രാജി വരും ദിവസങ്ങളിലും കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കും എന്ന് വ്യക്തം.

The End

Leave a Comment

Your email address will not be published. Required fields are marked *