Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒരു മദ്ധ്യസ്ഥനെ ആവശ്യമുണ്ട് !!!

Share this post

ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒരു മദ്ധ്യസ്ഥനെ ആവശ്യമുണ്ട് !!! 1

 

നമ്മുടെ നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി അതിലെ  നേതാക്കള്‍ തമ്മിലുള്ള ഉള്‍പ്പോര് തീര്‍ക്കാന്‍ നല്ല വാക് സാമര്‍ഥ്യവും രാജ്യാന്തര തര്‍ക്കങ്ങള്‍ പരിഹരിച്ച് പരിചയവുമുള്ള ഒരു നല്ല മദ്ധ്യസ്ഥനെ തേടുന്നതായി വാര്‍ത്ത. കേരളത്തില്‍ ഏറ്റവുമധികം അംഗബലമുള്ള , ദേശിയ- സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ, മലയാള  നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിക്കാണ് ഈ ദുര്യോഗം. സംശയിക്കണ്ട, അത് സി.പിഐ(എം) അല്ല, മറിച്ച് അച്ഛനും മകനും മാത്രം അംഗങ്ങളായുള്ള  പാര്‍ട്ടിയാണ് കഴിഞ്ഞ ഏതാനും  മാസങ്ങളായി നേതാക്കളുടെ  അധികാര തര്‍ക്കം  പരിഹരിക്കാനാവാതെ ഇരുട്ടില്‍ തപ്പുന്നത്.

കേരള കോണ്‍ഗ്രസ് ബി യും അതിന്‍റെ തലതൊട്ടപ്പനായ ആര്‍  . ബാലകൃഷ്ണ പിള്ളയും ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. 2001 ലെ എ.കെ ആന്‍റണിയുടെ മന്ത്രിസഭ  മുതലാണ് അതിന് മാറ്റം വരുന്നത്. അഴിമതിക്കേസില്‍ കുടുങ്ങിയ പിള്ളയെ പുറത്തു നിര്‍ത്തി അക്കുറി   ആദ്യമായി   നിയമസഭയിലെത്തിയഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ യു.ഡി.എഫ് ആഗ്രഹിച്ചു. അതിഷ്ടപ്പെടാത്ത പിള്ള എല്‍.ഡി.എഫിനേക്കാള്‍ വലിയ പ്രതിപക്ഷമായെന്നും പിന്നീട് യു.ഡി.എഫില്‍ നിന്നു പുറത്തു പോയി എന്നതും   ചരിത്രം.  പക്ഷേ വി.എസിനെ പോലുള്ള നേതാക്കളുടെ എതിര്‍പ്പ് മൂലം അവസാനം അദേഹത്തിന് ഗതികെട്ട്  യു.ഡി.എഫ്  പാളയത്തിലേക്ക് തന്നെ തിരിച്ചു വരേണ്ടി വന്നു. അന്ന് പുതിയ ലാവണം തേടിയുള്ള യാത്രയില്‍ ഗണേശുംഅച്ഛന്‍റെ കൂടെയുണ്ടായിരുന്നുവെങ്കിലും പക്ഷേ തുടര്‍ന്നങ്ങോട്ട് യു.ഡിഎഫ് നേതാക്കളുടെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്‍റെ അവഗണന ഏറ്റു വാങ്ങേണ്ടി വന്നത് പിള്ളക്ക് മാത്രമാണ്.

പിള്ളയുടെ അഴിമതിക്കാരനെന്ന പ്രതിച്ഛായയും ഗണേഷ് കുമാര്‍ കൊള്ളാമെന്ന തോന്നല്‍ പരക്കെ വന്നതും   കോണ്‍ഗ്രസ്സിന് സഹായകമായി. പിള്ള-ഗണേഷ് തര്‍ക്കം വളര്‍ത്താന്‍ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും ഉള്ളവര്‍  തന്നെ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. അതിനിടയില്‍ കൊട്ടാരക്കരയിലെ കുത്തക സീറ്റില്‍ ബാലകൃഷ്ണ പിള്ള നിലം തൊടാതെ പൊട്ടിയതും പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. പിള്ളയുടെ കാലം  കഴിഞ്ഞുവെന്നും ഇനി മകന്‍റെ കൂടെ നില്‍ക്കുന്നതാണ് നല്ലതെന്നും യുഡി.എഫിന് തന്നെ തോന്നി തുടങ്ങി.  ജനങ്ങളെ കയ്യിലെടുക്കാന്‍ വേണ്ടതെല്ലാം അധികാര കസേരയില്‍ ഇരുന്ന് ഗണേഷ് ചെയ്യുമ്പോഴും   നിസഹായനായി നോക്കി നില്‍ക്കാനെ യു.ഡിഎഫിലെ  പഴയ മാടമ്പി നേതാവായ അച്ഛന്  കഴിഞ്ഞുള്ളൂ. ഇടക്ക് അദ്ദേഹം എന്‍.എസ്.എസ് കാര്‍ഡ് ഇറക്കി നോക്കിയെങ്കിലും  അത് ഫലം കണ്ടില്ല.

അവസാനമാണ് ഗണേഷ് കുമാറിന്‍റെ പഴയ ചങ്ങാതിയായ പി.സി ജോര്‍ജിനെ കൂട്ടു പിടിച്ച് മകനെതിരെ   പടക്കിറങ്ങാന്‍  പിള്ള തീരുമാനിച്ചത്. തുടക്കത്തില്‍ വിജയം കണ്ടെങ്കിലും പുതിയ സമരമുറയില്‍ കാലു തെറ്റി വീണത് പി. സി ജോര്‍ജ് തന്നെയാണ്. മുന്നണിയിലും പാര്‍ട്ടിക്കകത്ത് തന്നെയും അദ്ദേഹം ഒറ്റപ്പെട്ടു പോയി. ഗണേഷ് കുമാറിന്‍റെഏറെ നാളായി നീറി പുകഞ്ഞിരുന്ന ദാമ്പത്യ ജീവിതം  വളരെ വേഗം വിവാഹ മോചനത്തിലെത്തി എന്നത് മാത്രമാണ് ജോര്‍ജിന് വിവാദത്തില്‍ നിന്ന്‍ അവകാശപ്പെടാനുള്ള ഏക നേട്ടം.

ജോര്‍ജ് കുപ്പിയില്‍ നിന്ന് തുറന്നു വിട്ട വിവാദത്തിന്‍റെ നാളുകളില്‍ അച്ഛനും മകനും ഒത്തു തീര്‍പ്പിന്‍റെ ലക്ഷണം   കാണിച്ചുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാണ്. ബാലകൃഷ്ണ പിള്ളയുടെവാക്കുകള്‍ കടമെടുത്താല്‍ കാര്യങ്ങള്‍   പഴയതിലും മോശമാണ്.  മുന്നണിക്കകത്തെയും പാര്‍ട്ടികള്‍ക്കകത്തെയും തമ്മില്‍ തല്ല് തീര്‍ക്കാനാവാതെ  യു.ഡി.എഫ് നേതൃത്വം വിഷമിക്കുന്നത് കണ്ട് പാവം ജനം ഇതെല്ലാം പരിഹരിക്കാന്‍ സ്വന്തം നിലക്ക് ഒരു മദ്ധ്യസ്ഥനെ തേടുകയാണ്. രാജ്യാന്തര തലത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് പ്രാവീണ്യമുള്ള നല്ല ഒരു നയതന്ത്രഞ്ജനെ………………………. ജിമ്മി കാര്‍ട്ടറെ പോലൊരാളെ കിട്ടിയാല്‍ അത്രയും നല്ലത്. ഇല്ലെങ്കില്‍ ഇവിടെ ഭരണം നടക്കില്ല. ഭരണം ഇല്ലെങ്കില്‍ സാധാരണ ജനത്തിന്‍റെ അന്നം മുട്ടും. ഒത്തു തീര്‍പ്പ് ചര്‍ച്ചകളുടെ തിരക്കിലായ യു.ഡി. എഫ് നേതാക്കള്‍ അത് മനസിലാക്കാന്‍ കുറച്ചു സമയമെടുക്കും. ചുരുങ്ങിയത് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും…………………..


Share this post