Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്‍റെ തിരിച്ചുവരവ് ; ബി.ജെ.പി ക്ക് കനത്ത തിരിച്ചടി

Share this post

 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അതിഗംഭീരമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് ഒറ്റയ്ക്ക് തന്നെ കേവല ഭൂരിപക്ഷം ലഭിച്ചു. 224 അംഗ നിയമസഭയില്‍ 121 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പിരിച്ചുവിട്ട സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധാരാമയ്യ മുഖ്യമന്ത്രിയാകും എന്നാണ് പൊതുവേ കരുതുന്നത്.

അഴിമതിക്കേസുകളില്‍ പെട്ട് മുഖം മങ്ങിയ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന് വലിയൊരു ആശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുക. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സ്തംഭനം നടത്തുന്ന  ബി.ജെ.പി യ്ക്കു ശക്തമായ ഒരു മറുപടി നല്‍കാനും കോണ്‍ഗ്രസ് ഈ വിജയം ഉപയോഗിക്കും. സംസ്ഥാനത്തെ   അഴിമതിയും   ദുര്‍ഭരണവുമാണ് ബി.ജെ.പി യുടെ പരാജയത്തിന് കാരണം എന്നാവും കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ ശ്രമിക്കുക.

അധികാരം നഷ്ടപ്പെട്ട ബി.ജെ.പി ജനതാദളിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയ യെദിയൂരപ്പയുടെ കെ.ജി.പി നിസാരം സീറ്റുകളെ നേടിയുള്ളൂ എങ്കിലും പല മണ്ഡലങ്ങളിലും ബി.ജെ.പി യുടെ   പരാജയത്തിന് കാരണമായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസം കാരണം മൂന്നു മുഖ്യമന്ത്രിമാരെ പരീക്ഷിക്കേണ്ടി വന്ന ബി.ജെ.പി ഈ തിരിച്ചടി പ്രതീക്ഷിച്ചതുമാണ്.അതിനാല്‍ പ്രചാരണത്തിനിറങ്ങാന്‍ തുടക്കത്തില്‍ നരേന്ദ്ര മോഡി തയ്യാറായിരുന്നില്ല. പാര്‍ട്ടി പരാജയപ്പെട്ടാല്‍  അത് പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി സജീവമായി രംഗത്തുള്ള തന്‍റെ പ്രതിച്ഛായയെ ബാധിക്കും എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.പിന്നീട് സംസ്ഥാന നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ബംഗലൂരുവിലെ രണ്ട്-മൂന്നു കേന്ദ്രങ്ങളില്‍ മാത്രമായി പേരിന് പ്രചാരണം നടത്തി അദ്ദേഹം മടങ്ങി.

അഴിമതിക്കേസുകളും തമ്മില്‍ തല്ലും മൂലം ബി.ജെ.പി ഭരണകാലത്ത് സംസ്ഥാനം പലപ്പോഴും ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. യെദിയൂരപ്പ എന്ന സംസ്ഥാന നേതാവിന് മുന്നില്‍ പലപ്പോഴും ദേശിയ നേതൃത്വം കീഴടങ്ങുന്ന കാഴ്ചയും പലപ്പോഴും നമ്മള്‍ കണ്ടു. കേസില്‍ പെട്ട് സ്ഥാനമൊഴിയേണ്ടി വന്ന യെദിയൂരപ്പയ്ക്ക് പകരക്കാരനായി അദ്ദേഹം തന്നെ നിര്‍ദേശിച്ച പ്രകാരം ആദ്യം സദാനന്ദ ഗൌഡയും പിന്നീട് ജഗദീഷ് ഷെട്ടാറും മുഖ്യമന്ത്രിക്കസേരയില്‍ വന്നു. എന്നിട്ടും തൃപ്തനാകാതെ യെദിയൂരപ്പ സ്വയം മുഖ്യമന്ത്രി സ്ഥാനം വീണ്ടും ആവശ്യപ്പെടുകയും  അത് നടക്കാതെ വന്നപ്പോള്‍ പുറത്തു പോകുകയുമായിരുന്നു.

എന്നും അവസരവാദ രാഷ്ട്രീയം കളിക്കുന്ന ദേവഗൌഡയ്ക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് നല്‍കിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി യുമായി ചേര്‍ന്ന് അധികാരത്തിലെത്തിയ പാര്‍ട്ടി, പിന്നീട് പരസ്പരമുള്ള ധാരണ തെറ്റിക്കുകയും കരാര്‍ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം ബി.ജെ.പി ക്കു അധികാരം കൈമാറാതെ   സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളി വിടുകയുമായിരുന്നു. ആ സംഭവം ജനം ഇനിയും മറന്നിട്ടില്ല എന്നതിന്‍റെ തെളിവ് കൂടിയായി ഈ തിരഞ്ഞെടുപ്പ് ഫലം.

മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൌഡ, കെ.പി.സി.സി അദ്ധ്യക്ഷന്‍ ജി പരമേശ്വര, കോണ്‍ഗ്രസ് നേതാവ് സി.എം ഇബ്രാഹിം , കെ.ജി.പി നേതാവ് ശോഭ കരന്ദലജെ, ജെ.ഡി.എസിന്‍റെ പി.ജി.ആര്‍ സിന്ധ്യ, അനിത കുമാരസ്വാമി  എന്നീ പ്രമുഖര്‍ പരാജയപ്പെട്ടു.


Share this post