Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കടല്‍ കടന്ന്‍ ഒരു മാത്തുക്കുട്ടി-സിനിമ റിവ്യു

Share this post

കടല്‍ കടന്ന്‍ ഒരു മാത്തുക്കുട്ടി-സിനിമ റിവ്യു 1

       രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിച്ച് മമ്മൂട്ടി നായകനായ കടല്‍ കടന്ന്‍ ഒരു മാത്തുക്കുട്ടി ഇന്ന്‍ തിയറ്ററുകളിലെത്തി. 2013ല്‍ ഏറ്റവുമധികം പ്രതീക്ഷയുണര്‍ത്തിയ ചിത്രങ്ങളിലൊന്നായ മാത്തുക്കുട്ടി പക്ഷേ പ്രേക്ഷകരെ നിരാശപ്പെടുത്തി. മറ്റൊരു പ്രാഞ്ചിയേട്ടന്‍ എഫക്റ്റ് പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് മമ്മൂട്ടിയുടെ ചില അഭിനയ മുഹൂര്‍ത്തങ്ങളും മോഹന്‍ലാലിന്‍റെയും ദിലീപിന്‍റെയും സാന്നിദ്ധ്യവും മാത്രമാണ് തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഓര്‍ത്തുവെയ്ക്കാന്‍ ബാക്കിയാകുന്നത്.

മാത്യു ജോര്‍ജ് എന്ന മാത്തുക്കുട്ടി (മമ്മൂട്ടി) ഒരു വിദേശ മലയാളിയാണ്. നഴ്സായ ജാനമ്മയെ (മുത്തുമണി) കല്യാണം കഴിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മനിയിലേക്ക് കുടിയേറിയതാണ് അയാള്‍. ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍റെ പത്തനംതിട്ട ചാപ്റ്ററിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ മോഹന്‍ലാലിനെ കൊണ്ടുവരാനാണ് മാത്തുക്കുട്ടി കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ഒരു റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് അയാള്‍ ലാലിനെ കണ്ടെങ്കിലും ചില അപ്രതീക്ഷിത സംഭവങ്ങള്‍ കാരണം ഉദ്യമം പരാജയപ്പെടുന്നു.

പ്ലാങ്കമണ്‍ എന്ന തന്‍റെ ജന്‍മദേശത്തേക്കാണ് മാത്തുക്കുട്ടി പിന്നീട് പോകുന്നത്. അവിടെ അയാള്‍ തന്‍റെ പഴയ സുഹൃത്തുക്കളെയും (നന്ദു,ശേഖര്‍ മേനോന്‍) പഴയ പ്രണയിനിയെയും (അലീഷ മുഹമ്മദ്) കണ്ടുമുട്ടുന്നു. പതിനഞ്ച് വര്‍ഷം മുമ്പ് ജാനമ്മയെ ആകസ്മികമായി വിവാഹം കഴിക്കേണ്ടി വന്നതോടെയാണ് റോസിയുമായുള്ള അയാളുടെ പ്രണയം തകര്‍ന്നത്. അവള്‍ മാത്തുക്കുട്ടിയോട് ഇഷ്ടക്കേടോന്നും കാണിക്കുന്നില്ലെങ്കിലും പെങ്ങളെ വഞ്ചിച്ച അയാളോട് അവളുടെ സഹോദരന് പകയുണ്ട്.

തന്‍റെ ഗ്രാമത്തിന്‍റെ നിഷ്കളങ്കതയിലും പഴയ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലും മുഴുകുന്ന മാത്തുക്കുട്ടി തന്‍റെ വരവിന്‍റെ ഉദ്ദേശ്യം ഇടക്ക് മറന്നെങ്കിലും കേരളത്തിന്‍റെ സാമൂഹിക ജീവിതത്തിലും മലയാള തനിമയിലും ഏറെ മാറ്റങ്ങള്‍ വന്നുവെന്ന് വൈകാതെ തിരിച്ചറിയുന്നു. അപ്പോഴൊക്കെ പള്ളിവികാരിയായ വട്ടത്തറയും( ബാലചന്ദ്രമേനോന്‍) തോമസ് സാറുമാണ്( നെടുമുടി വേണു) അയാള്‍ക്ക് ആശ്വാസമാകുന്നത്.

കടല്‍ കടന്ന്‍ ഒരു മാത്തുക്കുട്ടി-സിനിമ റിവ്യു 2

   ജര്‍മ്മനിയിലുള്ള സുഹൃത്തുക്കളുടെ നിര്‍ദേശാനുസരണം മാത്തുക്കുട്ടി വീണ്ടും തന്‍റെ ഉദ്യമവുമായി മുന്നോട്ട് പോകുന്നു. ഇത്തവണ അയാള്‍ കൂട്ടുകാരുമൊത്ത് ഒരു ലൊക്കേഷനിലേക്ക് പോകുന്നത് ദിലീപിനെ കാണാനാണ്. മാത്തുക്കുട്ടി തന്‍റെ ഉദ്യമത്തില്‍ വിജയിക്കുമോ നാട്ടിലെ പുതിയ സാഹചര്യങ്ങളെ അയാള്‍ എങ്ങനെ അതിജീവിക്കും തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്.

രഞ്ജിത്തിന്‍റെ പാടവം പ്രതീക്ഷിച്ചത് പോലെ സിനിമയില്‍ പ്രകടമായില്ലെങ്കിലും ഗ്രാമീണ ജീവിതത്തിന്‍റെ നിഷ്കളങ്കതയും കാലം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പുതിയ രൂപ ഭാവങ്ങളിലെത്തിയ മമ്മൂട്ടി ഓര്‍ത്തിരിക്കാവുന്ന ചില അഭിനയ മുഹൂര്‍ത്തങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. സിനിമ ശരിക്കും മാത്തുക്കുട്ടിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നതെന്ന് പറയാം. നെടുമുടി വേണു, ബാലചന്ദ്രമേനോന്‍, ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, സുരേഷ് കൃഷ്ണ, മീര നന്ദന്‍ എന്നിവരും തങ്ങളുടെ വേഷത്തോട് നീതിപുലര്‍ത്തിയിട്ടുണ്ട്.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമ പുറത്തിറങ്ങും മുമ്പേ സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 5.75 കോടി നേടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. സംഗീതം ഷഹബാസ് അമന്‍, ഛായാഗ്രഹണം മധു നീലകണ്ഠന്‍.

 

 


Share this post