ജയലളിത അഥവാ അഗ്നിനക്ഷത്രം

Chennai: AIADMK supremo J Jayalalithaa after administering oath as Tamil Nadu Chief Minister at Madras University Centenary auditorium in Chennai on Monday. PTI Photo by R Senthil Kumar(PTI5_23_2016_000103B)

Image Credit: The Indian Express

ജയലളിത ജയരാമന്‍. അഥവാ തമിഴകത്തിന്‍റെ പുരട്ചി തലൈവി. എംജിആറിനു ശേഷം തമിഴകത്തെ ഇത്ര മാത്രം സ്വാധീനിച്ച മറ്റൊരു നേതാവില്ല. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മേലുകൊട്ടെയില്‍ നിന്ന് പോയസ് ഗാര്‍ഡനിലേക്കുള്ള അവരുടെ വളര്‍ച്ച സംഭവ ബഹുലവും ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ചയും കൂടിയാണ്. നൃത്തം, സംഗീതം, സാഹിത്യം, കായികം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ ജയ കഴിവ് തെളിയിച്ച മേഖലകള്‍ അനവധിയാണ്. കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്‍റെ സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അമ്മു എന്ന് അടുപ്പക്കാര്‍ക്കിടയില്‍ വിളിപ്പേരുള്ള ജയലളിത പിന്നീട് തമിഴ് സിനിമയിലെ കിരീടം വയ്ക്കാത്ത രാജ്ഞിയും അണ്ണാ ഡിഎംകെയുടെ അനിഷേധ്യ നേതാവുമായി. രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാതെ നേതൃ പദവിയില്‍ എത്തിയ അവര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ ചുറ്റുമുള്ള എല്ലാവരെയും ചൊല്‍പ്പടിയില്‍ നിര്‍ത്തിയത് എങ്ങനെയാണ് എന്നത് എതിരാളികള്‍ക്ക് പോലും അത്ഭുതമാണ്.

1982ല്‍ അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നെങ്കിലും എംജിആറിന്‍റെ മരണത്തോടെയാണ് തമിഴ്‌നാട്ടില്‍ ജയയുഗത്തിന് തുടക്കമാകുന്നത്. എംജിആറിന്‍റെ ശവമഞ്ചം വഹിച്ച വാഹനത്തില്‍ നിന്ന് ഭാര്യ ജാനകിയുടെ ആളുകള്‍ ചവിട്ടിപ്പുറത്താക്കിയതോടെ ജയലളിതയുടെ പേര് സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് എന്നന്നേക്കുമായി ഇല്ലാതാകും എന്നാണ് ചിലരെങ്കിലും വിചാരിച്ചത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നു മാത്രം. കുറച്ചു നാളുകള്‍ മാത്രം മുഖ്യധാരയില്‍ നിന്ന ജാനകി രാമചന്ദ്രന്‍ ക്രമേണ അപ്രസക്തയായതിനും ആ സ്ഥാനത്തേയ്ക്ക് ജയലളിത അവരോധിതയായതിനും ചരിത്രം സാക്ഷിയാണ്. അധികാരത്തില്‍ ഇരുന്നപ്പോള്‍ എതിരാളികളോട് യാതൊരു ദാക്ഷിണ്യവും കാണിക്കാതിരുന്ന അവര്‍ മുഖ്യമന്ത്രി പദത്തിലെ രണ്ടാമൂഴം മുതല്‍ ജനലക്ഷങ്ങളെ കയ്യിലെടുക്കുന്നതിനും മടിച്ചില്ല.

ആരെയും സുഖിപ്പിക്കുന്ന വര്‍ത്തമാനമില്ല, അണികളിലേക്ക് ഇറങ്ങി ചെല്ലുന്ന പതിവുമില്ല. ടിവി സ്ക്രീനിന് പുറത്ത് തമിഴകം ജയയെ കണ്ടിട്ടും വര്‍ഷങ്ങളായി. എന്നിട്ടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ എല്ലാവരും അമ്മയ്ക്ക് വേണ്ടി ആര്‍പ്പു വിളിച്ചു, ആ വാക്കുകള്‍ ശിരസ്സാ വഹിച്ച് സ്ഥാനാര്‍ഥിയുടെ പേര് പോലും നോക്കാതെ രണ്ടിലക്ക് വോട്ട് ചെയ്തു. മന്ത്രിമാര്‍ മുതല്‍ ജീവിതത്തില്‍ ഇന്നുവരെ നേരില്‍ കാണാത്ത സാധാരണക്കാര്‍ വരെയുള്ളവരെ ഒരു വാക്കിലോ നോട്ടത്തിലോ വശത്താക്കാനുള്ള മാന്ത്രികത ഒരു പക്ഷേ ജയലളിതയ്ക്ക് മാത്രമാകും സ്വന്തമായുണ്ടാകുക.

ജയയുടെ തന്‍പ്രമാദിത്വമാണ് സര്‍ക്കാര്‍ കാര്യങ്ങളില്‍ നടക്കുന്നതെന്നും അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുമ്പോള്‍ പോലും അതിന് മാറ്റമില്ലെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു. ദേശീയ നേതാക്കളെ വരെ വരച്ച വരയില്‍ നിര്‍ത്തുന്ന തലൈവിയുടെ ആജ്ഞാ ശക്തിയും സാധാരണക്കാരെ മുന്നില്‍ കണ്ടു കൊണ്ട് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുമാണ് എംജിആറിനു ശേഷം അധികാരം നിലനിര്‍ത്തിയ ആദ്യ നേതാവെന്ന പദവിയിലെത്താന്‍ അവരെ തുണച്ചതെന്ന് നിസ്സംശയം പറയാം. അഴിമതിക്കേസുകളില്‍പ്പെട്ട് നട്ടം തിരിഞ്ഞ ഇരുണ്ട കാലത്തിന് ശേഷം മുഖ്യമന്ത്രി പദത്തിലെത്തിയ ജയ എതിരാളികളോട് കണക്ക് തീര്‍ക്കാനാണ് രണ്ടാമൂഴം പ്രധാനമായും ഉപയോഗിച്ചത്. നിതാന്ത ശത്രുവായ കരുണാനിധി മുതല്‍ കാഞ്ചി ശങ്കരാചാര്യരായിരുന്ന ജയേന്ദ്ര സരസ്വതി വരെ അക്കാലത്ത് അവരുടെ കോപാഗ്നിക്കിരയായി. പണിമുടക്കിനിടയില്‍ അക്രമം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടാനും ജയലളിതയ്ക്ക് മടിയുണ്ടായില്ല.

മൂന്നാം വട്ടം തിരിച്ചെത്തിയ അവര്‍ വികസന പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ വച്ചത്. എല്ലാവര്‍ക്കും നിത്യോപയോഗ സാധനങ്ങളും വീടും തുടങ്ങി സകലതും കുറഞ്ഞ വിലയ്ക്കോ സൌജന്യമായോ നല്‍കിയ ജയലളിത കുടുംബശ്രീ മാതൃകയില്‍ ന്യായവില ഹോട്ടലുകളും ആരംഭിച്ചു. ജീവിത ചെലവ് കുറഞ്ഞത് എല്ലാ വിഭാഗങ്ങളെയും സന്തോഷിപ്പിച്ചു. വീടില്ലാത്തവര്‍ക്ക് വീട്, പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം എന്നിങ്ങനെ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം കയ്യടി കിട്ടി. അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചപ്പോഴും ജനം അവരെ കൈവിട്ടില്ല. തലൈവിയുടെ ഭൂതകാലത്തെ കാലത്തിന്‍റെ ചവറ്റുക്കുട്ടയില്‍ തള്ളിയ ആരാധകര്‍ അവരുടെ സമീപകാല ചെയ്തികള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകരോട് തര്‍ക്കിച്ചിരുന്നത്. രണ്ടു മാസത്തിലേറെ നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച് ജയ ഇപ്പോള്‍ അരങ്ങൊഴിഞ്ഞെങ്കിലും അമ്മ എഫക്റ്റ് മറികടക്കാന്‍ ഇനി വരുന്ന ഭരണാധികാരികള്‍ ഏറെ പണിപ്പെടുമെന്നുറപ്പ്. അവരുടെ ഏത് തിരുമാനത്തെയും തങ്ങളുടെ എല്ലാമെല്ലാമായിരുന്ന അമ്മയുമായിട്ടായിരിക്കും ജനം താരതമ്യം ചെയ്യുക.

തിരിച്ചടികളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു വന്ന ചരിത്രമാണ് ജയലളിതയ്ക്കുള്ളത്. അതുപോലെ ഇക്കുറിയും അവര്‍ മടങ്ങി വരുമെന്നായിരുന്നു അണികളുടെ പ്രതിക്ഷ. ആഗ്രഹങ്ങളും പ്രാര്‍ഥനകളും അസ്ഥാനത്താക്കി തമിഴകത്തിന്‍റെ ഇദയക്കനി അസ്തമിച്ചിരിക്കുന്നു. ഇനി എന്ത് എന്ന ചോദ്യമാണ് പാര്‍ട്ടിയെയും ജനങ്ങളെയും ഇപ്പോള്‍ അലട്ടുന്നത്. കാരണം പാര്‍ട്ടിയിലും ആരാധക മനസുകളിലും ജയലളിത ഒന്നും ബാക്കി വച്ചിട്ടില്ല. നാളിതുവരെ അണികള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ജയ അല്ലാതെ മറ്റൊരു നേതാവുണ്ടായിരുന്നില്ല, അങ്ങനെയൊരാള്‍ വേണമെന്ന് ആരും അവരെ പഠിപ്പിച്ചതുമില്ല. ചുരുക്കത്തില്‍ ജയലളിത ഒരു അവസാനമാണ്. വ്യക്തി കേന്ദ്രികൃത പാര്‍ട്ടികളെല്ലാം സമാനമായ സ്ഥിതി വിശേഷങ്ങളിലൂടെ കടന്നു പോകാറുണ്ടെങ്കിലും ജയ വരും തലമുറകള്‍ക്ക് പാഠപുസ്തകമാകേണ്ട സംഭവ ബഹുലമായ ഒരു ജീവിതത്തിന്‍റെ ഉടമ കൂടിയായിരുന്നു. വ്യക്തിപൂജകളും കൊടുക്കല്‍ വാങ്ങലുകളും ജനലക്ഷങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള അധികാര വടംവലികളും നിറഞ്ഞ തമിഴക രാഷ്ട്രീയത്തിലെ ഒരു അദ്ധ്യായം കൂടി അടയ്ക്കപ്പെടുമ്പോള്‍ അനുയായികള്‍ കാത്തിരിപ്പിലാണ്. പുരട്ചി തലൈവര്‍ക്കും തലൈവിക്കും ശേഷം തങ്ങളുടെ രക്ഷകനായി അവതാരമെടുക്കാന്‍ പോകുന്ന മറ്റൊരു താര ദൈവത്തിനായി.

The End

Leave a Comment

Your email address will not be published. Required fields are marked *