Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ശ്രീശാന്തിന് മോക്ക; മറ്റുള്ളവര്‍ക്ക് ജാമ്യം

Share this post

ശ്രീശാന്തിന് മോക്ക; മറ്റുള്ളവര്‍ക്ക് ജാമ്യം 1

 ശ്രീശാന്തിനെതിരെ മോക്ക നിയമം ചുമത്തി ഡൽഹി പോലിസ് സ്വയം അപഹാസ്യരാവുകയാണ്. അദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാൻ കാണിക്കുന്ന ഉത്സാഹം പോലിസ് മറ്റു വമ്പന്മാരുടെ കാര്യത്തിൽ കാണിക്കുന്നില്ല . വാതുവെയ്പ്പിന് വ്യക്തമായ തെളിവുകളുള്ള ചെന്നൈ സൂപ്പർ കിങ്ങ്സ് ഉടമ മെയ്യപ്പനും ബോളിവുഡ് താരം വിന്ദു ധാരാസിങ്ങും ജാമ്യം നേടി പുറത്തുവന്നത് ഇതിനു തെളിവാണ്. ഇവരുമായി ബന്ധമുള്ള മറ്റു ക്രിക്കറ്റ് താരങ്ങളെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല . ഇതെല്ലാം ശ്രീശാന്തിനെതിരെയുള്ളത് മനപ്പൂർവം കെട്ടിച്ചമച്ച കേസണോ എന്ന സംശയം ബലപ്പെടുത്തുന്നു.

ഒരു ടവ്വലാണ് ആദ്യം മുതലേ ശ്രീശാന്തിനെതിരെയുള്ളകേസിലെ കേന്ദ്ര ബിന്ദു. മല്‍സരത്തിനിടക്ക് ശ്രീശാന്ത് അരയില്‍ വെച്ച ടവ്വലിനപ്പുറം അദേഹത്തിനെതിരെ യാതൊരു തെളിവും പോലീസിന്‍റെ പക്കലില്ല എന്ന സംശയം ഇപ്പോള്‍ ശക്തമാണ്. തെളിവുകള്‍ കണ്ടെത്തുന്നതിലും അവ പങ്കുവെയ്ക്കുന്നതിലും ഡല്‍ഹിയിലെയും മുംബെയിലെയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ തമ്മില്‍ ശക്തമായ ശീതസമരം നടക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് തകര്‍ന്ന തങ്ങളുടെ പ്രതിച്ഛായ ഈ കോഴക്കേസ് വഴി മെച്ചപ്പെടുത്തുക എന്നതാണ് ഇരുക്കൂട്ടരുടെയും ലക്ഷ്യം. അതല്ലാതെ ഒത്തുകളിയിലെ വമ്പന്‍ സ്രാവുകളെ പിടിക്കാനുള്ള ആത്മാര്‍ഥത ആരും കാണിക്കുന്നില്ല. എന്നതാണ് സത്യം.

ദാവൂദിന്‍റെ ഇന്ത്യയിലെ ഏജന്‍റായ ആമീര്‍ എന്ന ആളാണ് വാതുവെയ്പ്പിന്‍റെ സൂത്രധാരനെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അയാളെ ഇനിയും കണ്ടെത്തിയിട്ടില്ല. വിവാദത്തില്‍ പെട്ട ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ തല്ക്കാലത്തേക്ക് സ്ഥാനമൊഴിഞ്ഞെങ്കിലും ഇപ്പോഴും അണിയറയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നു. കുറ്റം തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്ന് വാദിക്കാമെങ്കിലും ഇത്തരം സംഭവങ്ങൾ ശ്രീശാന്തിന് ഒരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു നീതിയുമാണോ എന്ന സംശയമാണ് ഉണ്ടാക്കുന്നത്. ശ്രീശാന്തിനെ സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന്‍ പിടിക്കാന്‍ കാണിച്ചതിന്‍റെ പകുതി ഉല്‍സാഹമെങ്കിലും ഡല്‍ഹി പോലീസ് സ്വന്തം നാട്ടിലെ ക്രമസമാധാനപാലനത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ നമ്മുടെ രാജ്യ തലസ്ഥാനം ഇന്ന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാകുമായിരുന്നു. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സാക്ഷിയായിരുന്ന സംസ്ഥാനം ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്

ശ്രീശാന്തിന് മോക്ക; മറ്റുള്ളവര്‍ക്ക് ജാമ്യം 2

ഒരാള്‍ കാമുകിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു കൊടുക്കുന്നതും പെണ്‍കുട്ടികളുമായി ഹോട്ടല്‍ മുറിയില്‍ വരുന്നതും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നതും വലിയ കാര്യമല്ല. അങ്ങനെ ചെയ്യുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയോ അല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏക കളിക്കാരനോ അല്ല ശ്രീശാന്ത്. പക്ഷേ അതെല്ലാം വലിയ കാര്യമാണെന്ന മട്ടിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം ഒരു മറാത്തി നടി കൂടി ഉണ്ടായിരുന്നു എന്നാദ്യം വാര്‍ത്ത പ്രചരിച്ചെങ്കിലും അത് സിസിഎല്‍ താരമായിരുന്ന രാജീവ് പിള്ളയായിരുന്നു എന്നാണ് ഇന്നലെ പോലീസ് കോടതിയില്‍ പറഞ്ഞത്. കോഴക്കേസ് തെളിയിക്കുന്നതിനപ്പുറം സദാചാര പോലീസ് ചമയാനാണ് സേനയും ഒരു വിഭാഗം മാധ്യമങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്. ശ്രീശാന്ത് ഒരു ആഭാസനാണെന്ന് അവര്‍ പറയാതെ പറയുന്നു. എങ്കില്‍ അത്തരം വെളിപ്പെടുത്തലുകള്‍ ഒരു ശ്രീശാന്തില്‍ മാത്രമായി ഒതുക്കി നിര്‍ത്തരുത്. വഴിവിട്ടു ജീവിക്കുന്ന, ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന എല്ലാവരെയും, അത് എത്ര വലിയവനായാലും, അവരെ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടണം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീശാന്ത് ഒരു നിസ്സാരക്കാരനല്ല എന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. ഒരൊറ്റ കേസ് വഴി അദ്ദേഹം ഒരുപാട് പേരെയാണ് സഹായിച്ചത്. പ്രതിച്ഛായ അമ്പേ തകര്‍ന്നു നില്‍ക്കുകയായിരുന്ന ഡല്‍ഹി പോലീസിന് ഒരൊറ്റ ദിവസം കൊണ്ട് താരപരിവേഷം നല്‍കിയത് ശ്രീശാന്തിന്‍റെ അറസ്റ്റാണ്. നിരവധി അഴിമതിക്കേസുകളില്‍പ്പെട്ട് നട്ടം തിരിയുകയായിരുന്ന യു.പി.എ സര്‍ക്കാരില്‍ നിന്ന്‍ ജനശ്രദ്ധ തിരിച്ചുവിടാനും ശ്രീശാന്ത് ഒരു നിമിത്തമായി. ഇപ്പോള്‍ 2ജി അഴിമതിക്കേസിനെ കുറിച്ചോ കല്‍ക്കരിക്കേസിനെ കുറിച്ചോ ആരും സംസാരിക്കുന്നു കൂടിയില്ല. ശ്രീശാന്ത് തുടങ്ങിവെച്ച ഒത്തുകളി വിവാദം ഏറ്റവും അവസാനം ബിസിസിഐ പ്രസിഡന്റിന്റെ കസേര വരെ തെറിപ്പിച്ചു . . ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക സംഘടനയുടെ മേധാവിയുടെ കസേരക്ക് ഇളക്കം തട്ടണമെങ്കില്‍ അതിനു തുടക്കം കുറിച്ച ആള്‍ ഒട്ടും നിസ്സാരക്കാരനാവില്ല. നത്തോലി ഒരു ചെറിയ മീനല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ശ്രീശാന്ത് ഒരു നത്തോലിയല്ല, വലിയ പരല്‍ മീനുമല്ല, ഭയങ്കരനായ തിമിംഗലം തന്നെയാണ്. എന്തിനെയും വിഴുങ്ങാന്‍ കഴിവുള്ള, എന്തും തച്ചുടക്കാന്‍ ശേഷിയുള്ള വലിയ ഒരു തിമിംഗലം…………….


Share this post