Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഇന്ത്യന്‍ സിനിമകളിലെ ചില അത്ഭുത കാഴ്ചകള്‍

Share this post

ഇന്ത്യന്‍ സിനിമകളിലെ ചില അത്ഭുത കാഴ്ചകള്‍ 1 

ഇന്ന്‍ തട്ടുപൊളിപ്പന്‍ സിനിമകളോടാണ് എല്ലാവര്‍ക്കും താല്‍പര്യം. നായകന്‍റെ വണ്‍മാന്‍ ഷോ രംഗങ്ങളും ഉശിരന്‍ ഡയലോഗുകളും കുത്തി നിറച്ച സിനിമകള്‍ ബോക്സ് ഓഫീസില്‍ കോടികള്‍ കൊയ്യുന്നു.അത്തരം സിനിമകളുടെ കഥാ സന്ദര്‍ഭങ്ങളില്‍ യാഥാര്‍ഥ്യത്തിനോ യുക്തിബോധത്തിനോ സ്ഥാനവുമില്ല.അല്ലെങ്കില്‍ തന്നെ പത്തമ്പത് ഗുണ്ടകളെ ഒറ്റയടിക്ക് നിലംപരിശാക്കുന്ന നായകന്‍റെ വീര സാഹസങ്ങളില്‍ ലയിച്ചിരിക്കുമ്പോള്‍ ഏത് ആരാധകനാണ് അത് പ്രായോഗികമാണോ എന്നൊക്കെ ആലോചിച്ച് മെനക്കെടുന്നത് ?

കഥയും സിനിമയും മനോഹരമായി പറയുന്ന കള്ളമാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അവിടെ ജീവിതം അതേപടി പകര്‍ത്തിയാല്‍ പലപ്പോഴും പരാജയപ്പെടും. അപ്പോള്‍ കുറെ സങ്കല്‍പ്പങ്ങളും ഭാവനയും ചേര്‍ക്കേണ്ടി വരും. ചുരുക്കത്തില്‍ കാഴ്ചക്കാരന്‍റെ മനസ് നിറയ്ക്കുന്നതും ദൈനംദിന പ്രശ്നങ്ങള്‍ കുറേ നേരത്തെയ്ക്കെങ്കിലും മറക്കാന്‍ അവനെ സഹായിക്കുന്നതുമാകണം ഇന്നത്തെ മാസ് സിനിമ. ഇവിടെ അടുത്ത കാലത്തിറങ്ങിയ ചില മലയാളം-തമിഴ്-ഹിന്ദി സിനിമകളിലെ യുക്തിക്ക് നിരക്കാത്ത കഥാ സന്ദര്‍ഭങ്ങള്‍ സരസമായി അവതരിപ്പിക്കുന്നു. ഇത് ഒരിക്കലും അത്തരം സിനിമകളെ താറടിച്ചു കാണിക്കാനുള്ള ശ്രമമല്ല. അങ്ങനെയൊക്കെ അവതരിപ്പിച്ചില്ലെങ്കില്‍ ഏത് സൂപ്പര്‍താരത്തിന്‍റെ ചിത്രവും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീഴും എന്നതാണ് പരമാര്‍ഥം.

  • സാധാരണ ബോംബ് സ്ഫോടനം നടക്കുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് മരിക്കുക. എന്നാല്‍ വില്ലനോട് പ്രതികാരം ചെയ്യാന്‍ സൂപ്പര്‍താരമാണ് ബോംബ് പൊട്ടിക്കുന്നതെങ്കില്‍ സ്ഥിതി മാറും. നായകന്‍ മുംബൈ പോലുള്ള തിരക്കേറിയ നഗരത്തിലെ വമ്പന്‍ ഷോപ്പിങ് മാളുകളും എതിരാളികളുടെ മറ്റ് കേന്ദ്രങ്ങളും ബോംബ് വച്ച് തകര്‍ത്താലും ഒരാള്‍ പോലും മരിക്കില്ല, സിനിമയുടെ അവസാനം വരെ പിടിക്കപ്പെടുകയുമില്ല. (ആരംഭം-തമിഴ്)
  • പോലീസ് സേനയില്‍ ഒരാള്‍ ജോലിക്ക് കയറുന്നതിന് മുമ്പ് അയാളെ കുറിച്ച് ഡിപ്പാര്‍ട്ട്മെന്‍റുതല വെരിഫിക്കേഷന്‍ നടത്താറുണ്ട്. ഉദ്യോഗാര്‍ഥി ഇതുവരെ സിവിലായോ ക്രിമിനലായോ കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്ന്‍ ഉറപ്പുവരുത്താനാണിത്. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് അതൊന്നും ബാധകമല്ല. തലേന്ന്‍ വരെ ഗുണ്ടാപണിക്ക് പോയ ആളെ തൊട്ടടുത്ത ദിവസം മധുര അസിസ്റ്റന്‍റ് കമ്മിഷണര്‍ വേഷത്തിലാകും കാണാന്‍ കഴിയുക. ഒപ്പം പോലീസുകാരിയായ  നായികയോടുള്ള കൊടുക്കല്‍ വാങ്ങലുകളും പ്രണയവും കൂടിയാകുമ്പോള്‍ സംഗതി കുശാല്‍. (ജില്ല)
  • ആത്മഹത്യ മുനമ്പില്‍ നിന്ന്‍ വീണാല്‍ ഒരാള്‍ മരിക്കും എന്ന്‍ നമുക്കെല്ലാം അറിയാം. എന്നാല്‍ സംവിധായകന്‍ വിചാരിച്ചാല്‍ സംഭവം ഒരു ഷോക്കില്‍ ഒതുക്കാം. തല്‍ഫലമായി കൊക്കയില്‍ വീണ നായകന്‍ വര്‍ഷങ്ങളോളം വികാരങ്ങളൊന്നുമില്ലാതെ ചലനമറ്റ് ഇരിക്കും എന്നല്ലാതെ ദേഹത്ത് ഒരു ചെറിയ പോറല്‍ പോലും എല്‍ക്കില്ല. (ഫ്രണ്ട്സ്) 

സമാനമായ രംഗം ധൂം 2 എന്ന ഹിന്ദി ചിത്രത്തിലും കാണാം. ക്ലൈമാക്സില്‍ നായികയുടെ വെടിയേറ്റ് വെള്ളച്ചാട്ടത്തിലേക്ക് വീഴുന്ന ഹൃതിക്കിന്‍റെ കഥാപാത്രം തൊട്ടടുത്ത രംഗത്ത് യാതൊന്നും സംഭവിക്കാതെ ബീച്ച് ഹോട്ടലില്‍ ഇരിക്കുന്നത് കാണുമ്പോള്‍ താരത്തിന്‍റെ ഏത് ആരാധകനും കോള്‍മയിര്‍ കൊള്ളും.

  • നൂറുകണക്കിന് വെടിയുണ്ടകള്‍ക്കിടയില്‍ കൂടി ഒരു പോറല്‍ പോലും എല്‍ക്കാതെ ഓടി രക്ഷപ്പെടാന്‍ കഴിയുന്ന ലോകത്തിലെ ഏക വ്യക്തി രജനികാന്താണ്. (വിവിധ ചിത്രങ്ങള്‍)
  • ആഫ്രിക്കയിലും എന്തിന് അമേരിക്കയില്‍ പോലും നിയമം നടപ്പാക്കണമെങ്കില്‍ അഥവാ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പോലീസ് തന്നെ വേണം. ഇന്ത്യയില്‍ നിന്നു വരുന്ന നായകനെ അനുഗമിക്കുക എന്നത് മാത്രമാണ് അതാതിടങ്ങളിലെ പോലീസുകാരുടെ ജോലി. (സിങ്കം 2, ധൂം 3)
  • കാലമിത്ര കഴിഞ്ഞിട്ടും വളര്‍ച്ച മുരടിച്ച കുട്ടികളാണ് മമ്മൂട്ടിക്കുള്ളത്. എണ്‍പതുകളിലെ ബേബി ശാലിനി മുതല്‍ ഇമ്മാനുവലിലെ മാസ്റ്റര്‍ ഗൌരി ശങ്കര്‍ വരെയുള്ള അദ്ദേഹത്തിന്‍റെ കുട്ടികളില്‍ അധികം പേരും ഇനിയും ഹൈസ്കൂള്‍ തരം കടന്നിട്ടില്ല. അതുകൊണ്ടാവണം അദ്ദേഹത്തിന്‍റെ തലമുടി ഇനിയും നരച്ചിട്ടുമില്ല. (വിവിധ ചിത്രങ്ങള്‍)
  • അമേരിക്ക കരുതുന്നത് പോലെ അത്ര ഭീകരന്മാരൊന്നുമല്ല താലിബാന്‍കാര്‍. നമ്മുടെ മാവോയിസ്റ്റുകളെ പോലും നാണിപ്പിക്കുന്ന മൂന്നാം കിട പരിശീലനമാണ് അവര്‍ അഫ്ഗാനിസ്ഥാനില്‍ നടത്തുന്നത്. (വിശ്വരൂപം)
  • സ്വന്തമായി ഡോക്ടറേറ്റ് നേടിയിട്ടുണ്ടെങ്കിലും തന്‍റെ ഭര്‍ത്താവ് യഥാര്‍ഥത്തില്‍ ആരാണെന്നോ അയാളുടെ ജാതിയും മതവും എന്താണെന്നോ അറിയാത്ത സ്ത്രീകളും അമേരിക്കയിലുണ്ട്. ഭര്‍ത്താവിനെ നിരീക്ഷിക്കാനായി ചാരന്മാരെ വരെ ഏര്‍പ്പെടുത്തുന്ന അവര്‍ ഒടുവില്‍ അത്തരക്കാര്‍ വഴിയാകും സത്യം തിരിച്ചറിയുന്നത്. ജാതിയും മതവും മാത്രമല്ല ജാതകപൊരുത്തവും കുടുംബമഹിമയും നോക്കി മാത്രം കല്യാണം കഴിക്കുന്ന നമ്മള്‍ മലയാളികളില്‍ നിന്ന്‍ അമേരിക്കയിലെ ഭാര്യമാര്‍ ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ചുരുക്കം. (വിശ്വരൂപം)

 


Share this post