Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മധുവിധുവിന് പോകുന്നതിനുമുമ്പ് ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍

Share this post

വിവാഹം എന്നത് രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരലാണെങ്കില്‍ മധുവിധു എന്നത് രണ്ടു വ്യക്തികള്‍ക്ക് മനസ്സ് തുറക്കാനും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള വേളയാണ്. വളരെ ചുരുങ്ങിയ നാളത്തെ മാത്രം പരിചയമുള്ള യുവമിഥുനങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അടുത്തറിയാനും സങ്കോചമില്ലാതെ ഇടപഴകാനുമുള്ള സമയമായതുകൊണ്ട് ഹണിമൂണ്‍ അവരുടെ ജീവിതത്തിലെ നിര്‍ണ്ണായക ചുവടുവെയ്പ്പ് കൂടിയാണ്. അതില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ അത് അവരുടെ തുടര്‍ന്നുള്ള ജീവിതത്തെയും ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ ഹണിമൂണ്‍ പ്ലാന്‍ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1) ബഡ്ജറ്റ് നിശ്ചയിക്കുക

വിദേശ രാജ്യത്തോ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലോ പോകാനുള്ള പണം നിങ്ങളുടെ കയ്യിലുണ്ടോ ? യാത്രക്കുള്ള ബഡ്ജറ്റ് ആദ്യമേ നിശ്ചയിക്കുക.അപ്രതീക്ഷിതമായി ഇടക്ക് വരാനിടയുള്ള അനുബന്ധ ചിലവുകള്‍ കൂടി പരിഗണിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ. വ്യക്തമായ പ്ലാനിങ് ഇല്ലെങ്കില്‍ യാത്ര ഇടക്ക് വെച്ച് അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്ന്‍ പണം കടം വാങ്ങുകയോ ചെയ്യേണ്ടി വരും.

2) ആശയം പങ്കുവെയ്ക്കുക

മധുവിധുവിനെ കുറിച്ചുള്ള ആശയം പങ്കാളിയുമായി ആദ്യമേ തന്നെ പങ്കുവെയ്ക്കുക. മലയോര റിസോര്‍ട്ട്, ബീച്ച് ഹോട്ടല്‍, ഹൌസ്ബോട്ട് എന്നിങ്ങനെ അവളുടെ ഇഷ്ടം ഏതാണെന്ന് നേരത്തെ മനസിലാക്കി വെക്കുന്നത് നല്ലതാണ്. വിവാഹത്തിന് മുമ്പുള്ള സല്ലാപ വേളയില്‍ ഇതും ചര്‍ച്ച ചെയ്യാം. തന്‍റെ അഭിപ്രായങ്ങള്‍ക്ക് പങ്കാളി വില കല്‍പ്പിക്കുന്നുണ്ട് എന്നത് അവളെ സന്തോഷിപ്പിക്കും.

3) യാത്ര പോകേണ്ട സ്ഥലം തിരഞ്ഞെടുക്കുക

മൂന്നാര്‍, കൂര്‍ഗ്, വയനാട് പോലുള്ള സ്ഥലങ്ങള്‍ വിലപിടിപ്പുള്ളതാണെങ്കിലും സീസണ്‍, ഓഫ് സീസണ്‍ അനുസരിച്ച് അവിടത്തെ നിരക്കുകളില്‍ വ്യത്യാസമുണ്ടാകും. അത് നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നതാണെങ്കില്‍ റൂം മുന്‍കൂട്ടി ബുക്ക് ചെയ്യുക. വിദേശ യാത്രയാണ് ഉദേശിക്കുന്നതെങ്കില്‍ വിസ നേരത്തെ തന്നെ ഉറപ്പുവരുത്തുകയോ വിശ്വസ്തനായ ഒരു ട്രാവല്‍ ഏജന്‍റിനെ ഏല്‍പ്പിക്കുകയോ ചെയ്യുക. അവസാന നിമിഷത്തേക്ക് മാറ്റിവെച്ചാല്‍ ഒരുപക്ഷേ എല്ലാം അവതാളത്തിലാകും.

4) വിശ്വസനീയമായ ഹോട്ടലുകളില്‍ മാത്രം താമസിക്കുക

പ്രശസ്തവും വിശ്വസ്തവുമായ ഹോട്ടലുകളില്‍ മാത്രം താമസിക്കുക. ഇക്കാര്യത്തില്‍ മുമ്പ് ആ സ്ഥലത്തേക്ക് യാത്ര ചെയ്തിട്ടുള്ള സുഹൃത്തുക്കളില്‍ നിന്നോ ട്രാവല്‍ പ്ലാനിങ് വെബ്സൈറ്റുകളില്‍ നിന്നോ ഉപദേശം തേടാവുന്നതാണ്. ചില ഹോട്ടലുകളില്‍ നിരക്ക് കുറവായിരിക്കുമെങ്കിലും അവ വിശ്വസനീയം ആകണമെന്നില്ല. നിങ്ങള്‍ മധുവിധു യാത്രക്കാണ് വന്നതെന്ന്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ തന്നെ പറയുന്നത് നല്ലതാണ്. കസ്റ്റമര്‍ വീണ്ടും വരും എന്ന പ്രതീക്ഷയില്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കും.

5) ലഗ്ഗേജ് രണ്ടു വട്ടം പരിശോധിക്കുക

യാത്ര പോകുന്നതിനു മുമ്പായി അത്യാവശ്യം വേണ്ടതെല്ലാം എടുത്തു എന്നുറപ്പു വരുത്തുക. കമ്പിളി, ഐഡന്‍റിറ്റി പ്രൂഫ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, അത്യാവശ്യ മരുന്നുകള്‍, കോണ്ടം, ക്രെഡിറ്റ് കാര്‍ഡുകള്‍, കറന്‍സി, പാസ്പോര്‍ട്ട് എന്നിവ മറക്കാതെ എടുക്കുക. യാത്ര പോകുന്ന സ്ഥലത്ത് ഏത് മൊബൈലിനാണ് കവറേജ് ഉള്ളതെന്ന് ആദ്യമേ അറിഞ്ഞു വെക്കുന്നത് നല്ലതാണ്. പ്രീപെയ്ഡ് ആണെങ്കില്‍ ആവശ്യത്തിന് റീചാര്‍ജ്ജ് ചെയ്യുക.

6) ഔദ്യോഗിക കാര്യങ്ങള്‍ മാറ്റി വെക്കുക

ഹണിമൂണ്‍ യാത്രയിലും ഓഫീസ് കാര്യങ്ങളോര്‍ത്ത് തലപുകയ്ക്കുന്ന സാഹചര്യം ഒഴിവാക്കുക. പോകുന്ന സ്ഥലത്ത് ഏറെ നേരം മൊബൈലിലോ കംപ്യൂട്ടറിലോ സമയം ചിലവഴിക്കുന്നത് പങ്കാളിക്ക് നീരസമുണ്ടാക്കും. കഴിയുമെങ്കില്‍ വളരെ അടുപ്പമുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ഒരു പ്രൈവറ്റ് നമ്പര്‍ യാത്രയില്‍ ഉപയോഗിക്കുക.

 

7) മനസിന് ഇഷ്ടപ്പെട്ട ആഹാരം മാത്രം കഴിക്കുക

ശുചിത്വവും നിലവാരവുമുള്ള റെസ്റ്റോറന്‍റുകളില്‍ നിന്നു മാത്രം ഭക്ഷണം കഴിക്കുക. ആഹാരകാര്യങ്ങളില്‍ അനാവശ്യ പരീക്ഷണങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചാല്‍ നിങ്ങളുടെ മധുവിധു യാത്ര കുളമാകും എന്നോര്‍ക്കുക.

8) പങ്കാളിയുടെ മനസറിഞ്ഞ് ഇടപെടുക. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക

അനാവശ്യ കാര്യങ്ങളില്‍ തര്‍ക്കിക്കുകയും സംശയിക്കുകയും ചെയ്യുന്നത് ആ ദിവസങ്ങളുടെ മാധുര്യം ഇല്ലാതാക്കും. നല്ല ലൈംഗികതയ്ക്ക് രണ്ടു മനസുകളുടെ കൂടിചേരലാണ് ആദ്യം വേണ്ടത്. അതിനുള്ള സാഹചര്യം ആദ്യം തന്നെ ഒരുക്കുക. ഇത് നിങ്ങളുടെ ജീവിതമാണ്. മധുവിധു യാത്രയില്‍ ബന്ധുക്കളെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ വാ തോരാതെ സംസാരിക്കുന്നത് ഒഴിവാക്കുക. കോളേജിലെ സ്ത്രീ-പുരുഷ സൌഹൃദത്തെ കുറിച്ച് കൂടുതല്‍ പറയുന്നത് പങ്കാളിയില്‍ സംശയമുണ്ടാക്കും.

9) സെക്സ് പരമാവധി ആസ്വദിക്കുക

സെക്സ് ദാമ്പത്യ ജീവിതത്തിന്‍റെ അടിസ്ഥാന ശിലയാണ്. ആദ്യരാത്രിയിലുണ്ടായ തടസങ്ങളും കുറവുകളും അതിജീവിച്ചുകൊണ്ട് അത് പരമാവധി ആസ്വദിക്കാനും പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിയാനും ഹണിമൂണ്‍ യാത്രകള്‍ സഹായിക്കും. സാധാരണ വേഷങ്ങള്‍ക്ക് പകരം ഹോട്ട്- സെക്സി വേഷങ്ങള്‍ ധരിക്കുന്നത് പങ്കാളിയില്‍ ആകര്‍ഷണീയത്വവും ഇഷ്ടവും ജനിപ്പിക്കും. മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിക്കുന്നതും പങ്കാളി ഇഷ്ടപ്പെടുന്ന സമ്മാനം നല്‍കുന്നതും മൂഡ് ഉണര്‍ത്താന്‍ സഹായിക്കും. ഈ ലോകത്ത് നിങ്ങള്‍ മാത്രമേയുള്ളൂ എന്ന ധാരണയില്‍ പരസ്പരം ഇടപെടുക.

കിടപ്പറയിലെ മനോഹര നിമിഷങ്ങള്‍ക്കൊപ്പം നിങ്ങള്‍ വന്നിരിക്കുന്ന സ്ഥലത്തിന്‍റെ പ്രത്യേകതകള്‍ ആസ്വദിക്കാനും സമയം കണ്ടെത്തുക. ഹൌസ്ബോട്ടില്‍ ഒരു ദിവസം ചിലവഴിക്കുന്നതും ബീച്ചിലോ പാര്‍ക്കിലോ പോകുന്നതും സമീപത്തുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും മനസിന് ഉണര്‍വും സന്തോഷവും നല്‍കും. ഓര്‍ക്കുക, ഇത് നിങ്ങളുടെ മധുവിധുവാണ്. പക്ഷേ നിങ്ങള്‍ ഇരുവരും ഒരുപോലെ മനസ് വെച്ചാല്‍ മാത്രമേ അതിന്‍റെ മാധുര്യം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കൂ.

The End


Share this post