Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സിനിമയിലെ ഗോസിപ്പ് കാഴ്ചകള്‍

Share this post

സിനിമയിലെ ഗോസിപ്പ് കാഴ്ചകള്‍ 1

വിനോദ വ്യവസായത്തിന്‍റെ കൂടപിറപ്പാണ് ഗോസിപ്പുകള്‍. നടിമാരെ കൂടെ പ്രവര്‍ത്തിക്കുന്ന നടന്മാരുമായും സാങ്കേതിക പ്രവര്‍ത്തകന്‍മാരുമായും ബന്ധപ്പെടുത്തി നിറം പിടിപ്പിച്ച പല കഥകളും പ്രചരിപ്പിക്കുന്നത് സിനിമയുടെ ആദിമകാലം മുതലേയുള്ള പതിവാണ്. ചില കഥകള്‍ സിനിമയുടെ പ്രചരണത്തിന് വേണ്ടി ആസൂത്രണം ചെയ്തതാണെങ്കില്‍ മറ്റുള്ളവ നേരും നുണയും നിറഞ്ഞതായിരിക്കും. മലയാള സിനിമയിലെ നിത്യ ഹരിത പ്രണയ ജോഡികളായ പ്രേംനസീര്‍ഷീല മുതല്‍ പുത്തന്‍ തലമുറയിലെ ഉണ്ണി മുകുന്ദന്‍രമ്യ നമ്പീശന്‍ വരെ വ്യാപിച്ചു കിടക്കുന്നു ഗോസിപ്പ് കഥകളുടെ ചരിത്രം.

പ്രശസ്തര്‍ ഉള്‍പ്പെട്ട ഗോസിപ്പുകള്‍ക്കാണ് പ്രചാരമെങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള അപഖ്യാതികള്‍ക്ക് നാട്ടിന്‍പുറത്തും പഞ്ഞമില്ല. അയല്‍പക്കത്തെ പെണ്‍കുട്ടിക്ക് ഒരു പ്രണയമുണ്ടെന്നറിയുമ്പോള്‍ പുറമേ സഹതപിച്ചുകൊണ്ട് ഉള്ളില്‍ സന്തോഷിക്കുന്ന എത്രയോ ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. ആ പ്രണയത്തിനു പോലും കൃത്യമായ മാനദണ്ഡം അവര്‍ കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്. അവള്‍ പ്രണയിക്കേണ്ടത് ഒന്നുകില്‍ അന്യ ജാതിക്കാരനെ അല്ലെങ്കില്‍ സ്വന്തം വീടുമായി തട്ടിച്ചു നോക്കുമ്പോള്‍ തീര്‍ത്തും താഴെക്കിടയിലുള്ള ആളിനെയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ എത്ര അടുത്ത ബന്ധമാണെങ്കിലും ചില അയല്‍ക്കാരുടെ മനസ് നിറയും. എന്നാല്‍ ഒരു പണക്കാരനെയാണ് അവള്‍ സ്നേഹിക്കുന്നതെന്നറിഞ്ഞാല്‍ അസൂയ കൊണ്ട് കണ്ണു കാണാതെയുമാകും. പെണ്‍കുട്ടികളുടെ കാര്യത്തില്‍ നമ്മുടെ ചിന്ത ഇങ്ങനെയാണെങ്കില്‍ ആണുങ്ങളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. അവന്‍ ജീവിത പങ്കാളിയാക്കേണ്ടത് സാമ്പത്തിക നില മോശമായതും താഴ്ന്ന ജാതിയില്‍ പെട്ടതുമായ ഒരു പെണ്‍കുട്ടിയെയാണ്. അത്തരം ചിന്തകള്‍ ഒരു ശരാശരി മനുഷ്യന്‍റെ മനോവ്യാപാരത്തിന്‍റെ ഭാഗമാണ്.

അയല്‍പക്കത്തേക്ക് ഇങ്ങനെ ഒളിഞ്ഞു നോക്കുന്നവര്‍ പക്ഷേ സ്വന്തം ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും പകച്ചു നില്‍ക്കുന്നത് കാണാം. സ്വന്തം മകനോ മകളോ അത്തരം പ്രണയങ്ങളില്‍ ചെന്നു ചാടുമ്പോഴാണ് നേരത്തെ തങ്ങള്‍ സന്തോഷിച്ചത് എത്ര മാത്രം ക്രൂരമായിരുന്നുവെന്ന് ചില മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. പക്ഷേ അപ്പോഴേക്കും പുതിയ പുതിയ കഥാപാത്രങ്ങള്‍ ജീവിത കാഴ്ചകളില്‍ അവതരിക്കുകയും ഒളിഞ്ഞു നോട്ടം തുടരുകയും ചെയ്യും. ഈ മനോഭാവം തന്നെയാണ് പത്രത്താളുകളിലെ ഗോസ്സിപ്പ് കോളങ്ങളിലും തെളിയുന്നത്.

സാധാരണക്കാരെ പോലെ തന്നെ സിനിമ പ്രവര്‍ത്തകര്‍ക്കും കായിക താരങ്ങള്‍ക്കുമൊക്കെ ഇഷ്ടമുള്ളയാളെ പ്രണയിക്കുവാനും വിവാഹം കഴിക്കുവാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒന്നു രണ്ടു പ്രാവശ്യം അവരെ എതിര്‍ ലിംഗത്തില്‍ പെട്ട ഏതെങ്കിലും സുഹൃത്തിനോടൊപ്പം കണ്ടാല്‍ അല്ലെങ്കില്‍ രണ്ടു സിനിമകളില്‍ ഒന്നിച്ചഭിനയിച്ചാല്‍ കമിതാക്കളായി ചിത്രീകരിക്കുന്നതാണ് പപ്പരാസികളുടെ രീതി. പിന്നീട് പൊടിപ്പും തൊങ്ങലും വച്ച് കഥകള്‍ പ്രചരിക്കുകയും ചെയ്യും.

പ്രഭുദേവയെയും അസിനെയും ചേര്‍ത്ത് മാസങ്ങള്‍ക്ക് മുമ്പ് ഏറെ കഥകള്‍ പ്രചരിച്ചിരുന്നു. കാനഡയിലെ ഒരു സുഖവാസ കേന്ദ്രത്തില്‍ വച്ച് ഇരുവരെയും ഒരുമിച്ച് കണ്ടതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രഭു അസിന്‍റെ മുംബെയിലെ ഫ്ലാറ്റിലെ നിത്യ സന്ദര്‍ശകനാണെന്നും പലപ്പോഴും പാതിരാത്രി വരെ അദ്ദേഹം അവിടെ സമയം ചെലവഴിക്കാറുണ്ടെന്നും ചില പത്രങ്ങള്‍ എഴുതി. പ്രഭുദേവ തമിഴില്‍ സംവിധാനം ചെയ്ത് വന്‍വിജയമായ പോക്കിരിയിലെ നായികയായിരുന്നു അസിന്‍. നയന്‍താരയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം തൃഷ, സൊനാക്ഷി സിന്‍ഹ എന്നിവരുമായി ചേര്‍ത്തും അദ്ദേഹത്തിന്‍റെ പേര് ഇടയ്ക്ക് കേട്ടു.ഏതായാലും ആരാധകര്‍ പ്രതീക്ഷിച്ച യാതൊന്നും ഇതുവരെ സംഭവിച്ചില്ല.

ചിമ്പുവിനെയും നയന്‍സിനെയും വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമിച്ച ചില സിനിമ എഴുത്തുകാര്‍ രന്‍ബീര്‍ കപൂറും കത്രീന കൈഫും നടത്തിയ അവധിക്കാല യാത്രയും ശരിക്ക് ആഘോഷിച്ചു. നേരത്തെ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന് കരുതപ്പെട്ടിരുന്ന കത്രീന ബിക്കിനി ധരിച്ച് രന്‍ബീറിനൊപ്പം ബീച്ചില്‍ നില്‍ക്കുന്ന രഹസ്യ ചിത്രങ്ങളാണ് പലരുടേയും കണ്ണുകള്‍ക്ക് വിരുന്നായത്. ഇരുവരും ഈ വര്‍ഷാവസാനം വിവാഹിതരാകും എന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

മലയാളത്തില്‍ ദിലീപ്കാവ്യ മാധവന്‍ പോലെ സിനിമവാരികകള്‍ അടുത്തകാലത്ത് ആഘോഷിച്ച മറ്റൊരു പ്രണയമുണ്ടാകില്ല. സിനിമയിലെ സൂപ്പര്‍ഹിറ്റ് പ്രണയ ജോഡികളായ ഇരുവരും ജീവിതത്തിലും വേര്‍പിരിയാനാവാത്ത സ്ഥിതിയിലാണെന്ന് പലരും എഴുതി. കാവ്യയുടെ ദാമ്പത്യം തകര്‍ന്നതിന് ദിലീപിനെയും ദിലീപ്മഞ്ജു ബന്ധം തകര്‍ന്നതിന് കാവ്യയെയുമാണ് ചിലര്‍ പഴിച്ചത്. ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നത് കാത്തിരുന്ന അസൂയാലുക്കള്‍ക്ക് അടുത്ത കാലത്താണ് ആശ്വാസമായത്. ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വാളയാര്‍ പരമശിവത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കും എന്നാണ് ഇപ്പോഴത്തെ പ്രചരണം.

മല്ലു സിങ്ങിലൂടെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനും രമ്യ നമ്പീശനും ചുരുങ്ങിയ കാലത്തേക്കാണെങ്കിലും ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരാണ്. പാതിരാമണല്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സിനിമയുടെ പ്രചാരണാര്‍ഥം ചിലപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ഇത്തരം കഥകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കാറുണ്ട്. ആര്യനയന്‍താര, കാര്‍ത്തിതമന്ന പ്രണയങ്ങള്‍ അതില്‍ ചിലത് മാത്രം.

ഭാവനയാണ് പ്രണയ കഥകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. അനൂപ് മേനോനുമായി ചേര്‍ത്ത് ആദ്യം അവരുടെ പേര് കേട്ടെങ്കിലും സിസിഎലുമായി ബന്ധപ്പെട്ട വ്യക്തിയാണ് തന്‍റെ ഹൃദയം കവര്‍ന്നതെന്ന് ഭാവന തന്നെ അടുത്തിടെ വെളിപ്പെടുത്തി. അടുത്ത വര്‍ഷം ആദ്യം വിവാഹമുണ്ടാകുമെന്ന് പറഞ്ഞ കേരള സ്ട്രൈക്കെഴ്സിന്‍റെ ബ്രാന്‍റ് അംബാസഡര്‍ കൂടിയായ നായിക സംഭവിച്ചതിനെല്ലാം നന്ദി പറയുന്നത് ക്രിക്കറ്റിനാണ്.

ഗോസ്സിപ്പ് കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. വിനോദ വ്യവസായവും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള ഒരു സാധാരണ പ്രേക്ഷകന്‍റെ മനസും ഉള്ളിടത്തോളം കാലം അത്തരം നിറം പിടിപ്പിച്ച വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടേയിരിക്കും.

The end

[ My article published in KVartha on 10/08/2014]


Share this post