Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഗ്യാങ്സ്റ്റര്‍- മൂവി റിവ്യൂ

Share this post

 ഗ്യാങ്സ്റ്റര്‍- മൂവി റിവ്യൂ 1

 

ടുവില്‍ അക്ബര്‍ അലി ഖാന്‍ എത്തി. ബിഗ്ബിക്കു ശേഷം തീര്‍ത്തും വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നൈല ഉഷ, കുഞ്ചന്‍, ജോണ്‍ പോള്‍, ശേഖര്‍ മേനോന്‍, അപര്‍ണ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള ദൃശ്യ ഭംഗിയും സാങ്കേതിക തികവും പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ സംവിധായകന്‍ ആഷിക് അബു ഒരു പരിധി വരെ വിജയിച്ചു എന്നു തന്നെ പറയാം.

മാംഗളൂര്‍ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മുംബൈ അധോലോക രാജാവായിരുന്ന അച്ഛന്‍റെ മരണത്തിനുശേഷം മംഗലാപുരത്തേക്ക് താവളം മാറ്റുന്ന അക്ബര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നഗരത്തില്‍ സ്വന്തമായ ഒരു സമാന്തര സാമ്രാജ്യം പടുത്തുയര്‍ത്തുന്നു. അച്ഛന്‍റെ ഘാതകരോട് പ്രതികാരം ചെയ്യുന്ന അയാള്‍ തന്‍റെ നിതാന്ത ശത്രുവായ രാഘവേന്ദ്ര ഗൌഡയെ കൊലപ്പെടുത്തുക കൂടി ചെയ്യുന്നതോടെ എന്തിന്‍റെയും ഏതിന്‍റെയും അവസാന വാക്കായി മാറുന്നു. പഴയകാല അധോലോക നേതാക്കളായ മണി മേനോനും(കുഞ്ചന്‍) അങ്കിള്‍ സാമും(ജോണ്‍ പോള്‍) കൂടി ചേരുന്നതോടെ മൂവര്‍ സംഘത്തിന്‍റെ നിയന്ത്രണത്തിലായി നഗരം.

അങ്കിള്‍ സാമിന്‍റെ കൊച്ചു മകനായ ആന്‍റോ (ശേഖര്‍ മേനോന്‍) രംഗത്തെത്തുന്നതോടെയാണ് ചിത്രത്തിന്‍റെ ഗതി മാറുന്നത്. സ്വല്‍പ്പം മനോരോഗി കൂടിയായ അയാള്‍ നഗരത്തിലെ മയക്കുമരുന്ന് വ്യാപാരം കൊഴുപ്പിക്കാനും അതിനായി വിദേശത്തു നിന്ന്‍ കാലഹരണപ്പെട്ട സിറിഞ്ചുകള്‍ ഇറക്കുമതി ചെയ്ത് വിപണനം നടത്താനും തീരുമാനിക്കുന്നു. അക്ബര്‍ പദ്ധതിയെ എതിര്‍ക്കുന്നതോടെ ഇരുവരും എതിര്‍ ചേരിയിലാവുകയും ആന്‍റോ ശത്രുവിനെ വകവരുത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നു. വധശ്രമത്തില്‍ മാരകമായി മുറിവേറ്റ അക്ബര്‍ രക്ഷപ്പെട്ടെങ്കിലും ഭാര്യ ഡോക്ടര്‍ സന(നൈല ഉഷ) മരണപ്പെടുന്നു.

എല്ലാം മറക്കാനായി തന്‍റെ പിതാവിന്‍റെ പഴയ സുഹൃത്തായിരുന്ന ഹാജി (ടിജി രവി)യുടെ ഉപദേശ പ്രകാരം അക്ബര്‍ തീര്‍ഥാടനത്തിന് പോയെങ്കിലും അയാളുടെ മനസ്സിന്‍റെ മുറിവുണക്കാന്‍ അതുപകരിച്ചില്ല. എല്ലാത്തിനും പക വീട്ടാനായി തന്‍റെ പഴയ തട്ടകമായ മംഗലാപുരത്ത് അക്ബര്‍ മടങ്ങിയെത്തുന്നതോടെ ചിത്രം ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നു.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷവും കഥാപാത്രത്തിന്‍റെ അവതരണവുമാണ് ഗ്യാങ്സ്റ്ററിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ആരാധകരുടെ പ്രതീക്ഷ നിറവേറ്റുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ താരപ്രഭയില്‍ നിറം മങ്ങിയെങ്കിലും മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഡാ തടിയാ എന്ന സിനിമയ്ക്കു ശേഷം ശേഖര്‍ മേനോന്‍റെ ശ്രദ്ധേയ വേഷമായി ആന്‍റോ എന്ന വില്ലന്‍ വേഷം.

ഏറെക്കാലമായി പറഞ്ഞു കേട്ടിരുന്ന ഗ്യാങ്സ്റ്ററിനെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ സാങ്കേതിക പ്രവര്‍ത്തകരും നല്ലവണ്ണം പരിശ്രമിച്ചിട്ടുണ്ട്. ആല്‍ബിയുടെ ഛായാഗ്രഹണവും ദീപക് ദേവിന്‍റെ സംഗീതവും നിലവാരത്തിനൊത്തുയര്‍ന്നു. തിരക്കഥയിലെ ചില ചില്ലറ പോരായ്മകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തന്‍റെ കരിയറിലെ രണ്ടാമത്തെ സൂപ്പര്‍സ്റ്റാര്‍ ചിത്രം ആഷിക് അബു ഭംഗിയാക്കി എന്നു തന്നെ പറയാം.


Share this post