ഗാന്ധിജി കണ്ട ആധുനിക ഇന്ത്യ

768px-gandhiji

 

ഞാന്‍ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി. നിങ്ങളുടെ ഗാന്ധിജി. കൂടുതല്‍ അടുപ്പമുള്ളവര്‍ എന്നെ മഹാത്മജി എന്നും ബാപ്പുജി എന്നുമൊക്കെ വിളിക്കും. ഞാന്‍ ഏറെ സ്നേഹിക്കുന്ന, ഞാന്‍ കൂടി ചേര്‍ന്ന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഈ നാടിനെയും ജനങ്ങളെയും ഒരിക്കല്‍ കൂടി അടുത്തു കാണണം എന്നത് ഏറെ നാളത്തെ എന്‍റെ ആഗ്രഹമായിരുന്നു. പക്ഷേ ഭാരതം മറ്റൊരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിലാണ് അതിനുള്ള ഭാഗ്യം സിദ്ധിച്ചത്. എനിക്ക് ലഭിച്ചത് ഭാഗ്യമാണോ അതോ നിര്‍ഭാഗ്യമാണോ എന്ന്‍ ഈ അനുഭവക്കുറിപ്പ് വായിച്ച് നിങ്ങള്‍ തന്നെ വിലയിരുത്തണം.

ഭാരതത്തിന്‍റെ ആത്മാവ് തേടിയുള്ള എന്‍റെ ഈ യാത്ര മറ്റൊരു സത്യാന്വേഷണ പരീക്ഷ തന്നെയായിരുന്നു. പിറന്ന നാടിനെ പ്രാണവായുവിനേക്കാളേറെ സ്നേഹിച്ച എന്‍റെ പഴയ ചില സതീര്‍ഥ്യരും ഈ യാത്രയില്‍ എനിക്കൊപ്പം പങ്കുചേര്‍ന്നു. സുഭാഷ് ചന്ദ്ര ബോസ്, ലാലാ ലജ്പത്ത് റായ്, ബാല ഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലെ, ഭഗത് സിംഗ്……………………. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ മനസും ലക്ഷ്യവും ഒന്നായിരുന്നു. എന്തുവില കൊടുത്തും ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന്‍ ഇന്ത്യയെ മോചിപ്പിക്കുക. അതിനായി ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാറായിരുന്നു. അങ്ങനെ പതിനായിരങ്ങള്‍ നേരിട്ട കൊടിയ യാതനകളുടെയും കണ്ണുനീരിന്‍റെയും പോരാട്ടങ്ങളുടെയും ഫലമാണ് 1947 ആഗസ്റ്റ് 14നു അര്‍ദ്ധരാത്രി നമ്മള്‍ കണ്ടത്. എന്നാല്‍ അതുകഴിഞ്ഞു അര നൂറ്റാണ്ടിനപ്പുറമെത്തുമ്പോള്‍ ഞങ്ങള്‍ സ്വപ്നം കണ്ട ഇന്ത്യ ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന വേദനയാണ് ഞങ്ങളില്‍ പലരും യാത്രയില്‍ പങ്കുവെച്ചത്.

വിവിധ മേഖലകളിലെ കൈക്കൂലിയുടെയും അഴിമതിയുടെയും കഥകള്‍ കേട്ടപ്പോള്‍ കാര്യങ്ങള്‍ പഴയതിലും മോശമാണെന്ന് ലാല ഇടക്ക് വേദനയോടെ എന്നോട് പറഞ്ഞു. അത് ശരിയുമായിരുന്നു. നമ്മുടെ സമ്പത്ത് വിദേശികള്‍ കട്ടുമുടിക്കുന്നത് കണ്ടപ്പോഴാണ് വേലുത്തമ്പി ദളവയെയും ഝാന്‍സി റാണിയെയും പോലുള്ളവര്‍ പോരാട്ടത്തിന് തുടക്കം കുറിച്ചത്. പക്ഷേ ഇപ്പോള്‍………………. വിദേശികള്‍ക്ക് പകരം സ്വദേശികളായെന്ന വ്യത്യാസം മാത്രം.

വര്‍ഗ്ഗീയ കലാപങ്ങളുടെയും കൂട്ടക്കൊലകളുടെയും കഥകള്‍ കേട്ടപ്പോള്‍ 47ല്‍ കറാച്ചിയില്‍ നടന്ന ദാരുണ സംഭവങ്ങളാണ് എന്‍റെ മനസില്‍ തെളിഞ്ഞത്. അതില്‍ ചിലത് എന്‍റെ ഗുജറാത്തിലാണ് നടന്നത് എന്നറിഞ്ഞപ്പോള്‍ നാണക്കേട് കാരണം എന്‍റെ തല കുനിഞ്ഞുപോയി. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും അങ്ങനെ നടന്നിട്ടുണ്ടെന്നും ഒരുപാട് നിരപരാധികള്‍ അതില്‍ മരണപ്പെട്ടുവെന്നും ചില ചരിത്ര പുസ്തകങ്ങള്‍ നോക്കി ഗോഖലെ ഞങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ഇതിന് പുറമേയാണ്. എല്ലാം ബാധിക്കുന്നത് സാധാരണക്കാരെ മാത്രമാണ് എന്നതാണു സത്യം. നേതാക്കള്‍ പിന്നില്‍ നിന്നു മാത്രം കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ഞങ്ങളുടെ കാലത്ത് പക്ഷേ നേരെ തിരിച്ചായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് നേതാക്കളെ വീഴ്ത്തിയീട്ടെ പ്രവര്‍ത്തകരെ തൊടാന്‍ പറ്റിയിരുന്നുള്ളൂ. ലാലയുടെ മരണവും അങ്ങനെയൊരു സംഘട്ടനത്തിലായിരുന്നല്ലോ.

സമ്പത്ത് ചിലയിടങ്ങളില്‍ മാത്രം കുമിഞ്ഞു കൂടുമ്പോള്‍ മറുവശത്ത് ദാരിദ്ര്യവും പട്ടിണിയുമാണ്. ഇതിനൊന്നും പരിഹാരം കാണാനാവാതെ ഭരണകൂടം നിസ്സഹായരായി നില്‍ക്കുന്നു എന്നതാണ് ദു:ഖകരം. വിദ്യാലയങ്ങളെക്കാള്‍ കൂടുതല്‍ മദ്യശാലകളും ഞങ്ങള്‍ ഈ യാത്രയില്‍ കണ്ടു. മദ്യം ശത്രുവാണ്, അത് കഴിക്കരുത് എന്നു പണ്ടു ഞാന്‍ പറഞ്ഞത് ആരും വകവെയ്ക്കുന്നില്ലെന്ന് എനിക്കതോടെ മനസിലായി. അല്ലെങ്കിലും മരിച്ച ഗാന്ധിയെക്കാള്‍ വിലയുള്ളത് കറന്‍സിയിലെ ഗാന്ധിക്കാണല്ലോ. അതിനു വേണ്ടിയാണ് എല്ലാവരും ഇങ്ങനെ ഓരോന്ന്‍ ചെയ്യുന്നത്. ചുരുക്കത്തില്‍ അഴിമതിക്കും കൂട്ടിക്കൊടുപ്പിനും തുടങ്ങി എന്തു കൊള്ളരുതായ്മക്കും സാക്ഷി ഈ ഗാന്ധിയാണ്. നോട്ടുക്കെട്ടുകളിലെ എന്നെ ഏതെങ്കിലും കോടതി സാക്ഷിയായി വിസ്തരിച്ചിരുന്നുവെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ എനിക്ക് വിളിച്ചുപറയാന്‍ കഴിയുമായിരുന്നു. ഭാഗ്യം ഞാന്‍ നേരത്തെ പോയത്. അല്ലായിരുന്നുവെങ്കില്‍ സത്യം പുറത്തുവരാതിരിക്കാന്‍ ഈ ദുഷ്ടന്മാര്‍ തന്നെ എന്നെ കൊല്ലുമായിരുന്നു.

മരണത്തെ ഞാന്‍ ഭയക്കുന്നില്ല. പക്ഷേ ബ്രിട്ടീഷുകാര്‍ക്ക് അത് പണ്ടേ ചെയ്യാമായിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തില്ല. പകരം സത്യാഗ്രഹം എന്ന എന്‍റെ സമരമുറയ്ക്ക് മുന്നില്‍ അവര്‍ പലപ്പോഴും കീഴടങ്ങി. എന്നാല്‍ ഞാന്‍ ആ സമരം നടത്തി തോറ്റത് ഒരിക്കല്‍ മാത്രമാണ്. 1947ലെ പാക്കിസ്താന്‍ വിഭജനകാലത്ത്. ഒരുകൂട്ടം മതഭ്രാന്തന്‍മാരുടെ പിടിവാശിക്ക് മുന്നില്‍ തോറ്റുപോയ എനിക്ക് അധികം താമസിയാതെ 1948 ജനുവരി 31നു ഭാരതം ഒരിക്കലും മറക്കാത്ത ഒരു സമ്മാനവും കിട്ടി. അതൊക്കെ പോട്ടെ, നാടിന്‍റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോള്‍ മറ്റൊരു സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സമയമായെന്ന് ചന്ദ്ര ബോസും ഭഗത് സിംഗും പറയുന്നത് കേട്ടപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. പിറന്ന നാടിനെ ഒറ്റുകൊടുക്കുന്ന രാജ്യ ദ്രോഹികളും നാടിന്‍റെ സമ്പത്ത് കട്ടുമുടിക്കുന്നവരും ഒരുപോലെയാണെന്ന് ബാല ഗംഗാധര തിലകന്‍ ഇടക്ക് രോഷത്തോടെ പറഞ്ഞു.

പെട്ടെന്ന് ഒരു കവിത കേട്ടപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ഞങ്ങളെയെല്ലാം ആവേശം കൊള്ളിച്ചിരുന്ന വരികളാണ് ആരോ പാടുന്നത്.

 വരിക വരിക സഹജരേ

 സഹന സമര സമയമായ്

 കരളുറച്ചു കൈകള്‍ കോര്‍ത്തു

       കാല്‍ നടയ്ക്കു പോക നാം !

തൊട്ട് അപ്പുറത്ത് ഒഴിഞ്ഞ കടത്തിണ്ണയില്‍ കിടക്കുന്ന ആളാണ് പാടുന്നതെന്ന് ഒടുവില്‍ ഗോഖലെ പറഞ്ഞു.

വല്ല കുടിയന്‍മാരുമായിരിക്കും. ഇത്തരം കവിതകള്‍ ഇന്ന്‍ അവര്‍ മാത്രമാണ് പാടുന്നത് : ഭഗത് സിംഗ് തന്‍റെ മീശ പിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ അങ്ങനെയല്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. നല്ല പരിചയമുള്ള സ്വരം.

ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ചെന്നു. ആരൊക്കെയോ വരുന്ന ശബ്ദം കേട്ട് ആ മനുഷ്യന്‍ എഴുന്നേറ്റു. അയാളെ കണ്ടതും ഞങ്ങളൊന്ന്‍ ഞെട്ടി.

അംശി നാരായണപിള്ള. സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും ആവേശവും പകര്‍ന്ന മഹാകവി. അദ്ദേഹവും ഞങ്ങളെ പോലെ നാടു കാണാന്‍ ഇറങ്ങിത്തിരിച്ചതായിരിക്കുമെന്ന്‍ പെട്ടെന്ന് ഞാന്‍ ഊഹിച്ചു.

ഞങ്ങളെയെല്ലാം കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി. പിന്നീടുള്ള യാത്ര ഞങ്ങള്‍ ഒരുമിച്ചായിരുന്നു. പുതിയ പോരാളികളെ തേടി അവര്‍ക്ക് ആവേശം പകരാനുള്ള ആ യാത്രയില്‍ അദ്ദേഹത്തിന്‍റെ ശബ്ദവും വരികളും ഞങ്ങള്‍ക്ക് ജീവശ്വാസമായി മാറി.

വരിക വരിക സഹജരേ

        സഹന സമര സമയമായ്………………