Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

രാഷ്ട്ര പിതാവിന്‍റെ ഭാവി

Share this post

IcXiRql

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അറുപത്തേഴ് സംവല്‍സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുകയും ജീവന്‍ വെടിയുകയും ചെയ്ത ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ സമര്‍പ്പണത്തിന്‍റെ ഫലമാണ് ഇന്ന്‍ നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ ഓര്‍മകള്‍ക്ക് പോലും ഇന്ന്‍ വിഭാഗീയതയുടെ നിറം വന്നിരിക്കുന്നു. ഗാന്ധിജിയെയും സര്‍ദാറിനെയും നെഹ്രുവിനെയും ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്ര ബോസിനെയുമൊക്കെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വീതം വെച്ച് എടുത്ത കാഴ്ച ഇന്ന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണാം.

ഗാന്ധിജി ഉള്‍പ്പടെ മിക്ക നേതാക്കളും ഒരു കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പാര്‍ട്ടി പിരിച്ചു വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടെങ്കിലും ജവഹര്‍ലാല്‍ നെഹ്രു വഴങ്ങിയില്ല. സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി രാജ്യം മുഴുവനുമുള്ള ജനങ്ങളെ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം തുടങ്ങിയതെന്നും ഇനി അതിന്‍റെ ആവശ്യമില്ലെന്നുമാണ് രാഷ്ട്ര പിതാവ് വാദിച്ചത്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് നീങ്ങുന്ന സ്വതന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസ്സിന് ക്രിയാത്മകമായ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന നെഹ്റുവിന്‍റെ വാദഗതി വിജയിച്ചു. സ്വാതന്ത്ര്യം ലഭിച്ച് അധികം വൈകാതെ ഗാന്ധിജി ദാരുണമായി മരണപ്പെട്ടുവെങ്കിലും നെഹ്റുവിന്‍റെ ദീര്‍ഘ ദര്‍ശനം നിറഞ്ഞ നേതൃത്വത്തിന്‍ കീഴില്‍ മറ്റ് നേതാക്കള്‍ രാജ്യ പുരോഗതിക്ക് നിര്‍ണ്ണായകമായ സംഭാവനയാണ് നല്‍കിയത്.

മരണം വരെയുള്ള ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ഭരണവും തുടര്‍ന്നുവന്ന ശാസ്ത്രിയുടെയും ഇന്ദിരയുടെയും സര്‍ക്കാരുകളും തെക്കു മുതല്‍ വടക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുമുള്ള വികസനത്തിന് ശക്തമായ അടിത്തറ പാകി. എന്നാല്‍ 1975ലെ അടിയന്തിരാവസ്ഥ കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു. അധികാരം നിലനിര്‍ത്താനായി മാത്രം അവതരിപ്പിച്ച അടിച്ചമര്‍ത്തല്‍ വ്യവസ്ഥിതിയില്‍ മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും സ്വാതന്ത്ര്യം തന്നെ അപ്രസക്തമാകുകയും ചെയ്തു. എണ്‍പതുകളില്‍ ഒരുപടി കൂടി കടന്ന്‍ പഞ്ചാബിലും തമിഴ്നാട്ടിലും തീവ്രവാദം ശക്തിപ്പെടുന്നതിനും അതിനു ഭരണകൂടം തന്നെ ചെല്ലും ചെലവും കൊടുക്കുന്നതിനും രാജ്യം സാക്ഷിയായി. രക്ത രഹിത പോരാട്ടത്തിലൂടെയും ഒരു ജനതയെ അടിമത്തത്തില്‍ നിന്ന്‍ സ്വതന്ത്രമാക്കാം എന്ന്‍ ലോകത്തിന് കാണിച്ചുകൊടുത്ത മഹനീയമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇതിനെല്ലാം വളം വച്ചു കൊടുത്തത് എന്നതാണ് ദയനീയം.

മാറി മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വാതന്ത്ര്യത്തെ നെഹ്രു കുടുംബത്തിന്‍റെ മാത്രം ത്യാഗത്തിന്‍റെ ഫലമായി ചിത്രീകരിച്ചു എന്നാണ് എതിരാളികളുടെ ആക്ഷേപം. ഇന്ദിരയുടെയും രാജീവിന്‍റെയും മരണങ്ങള്‍ക്ക് ലാലാ ലജ്പത് റായുടെയും സുഭാഷ് ചന്ദ്ര ബോസിന്‍റെയും ഭഗത് സിങ്ങിന്‍റെയും ചന്ദ്രശേഖര്‍ ആസാദിന്‍റെയുമൊക്കെ രക്തസാക്ഷിത്വത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചു എന്ന വാദം ശരിയുമാണ്. കോണ്‍ഗ്രസ് മുന്‍ പ്രധാനമന്ത്രിമാരുടെ ജന്മ വാര്‍ഷികങ്ങള്‍ക്കും ചരമവാര്‍ഷികങ്ങള്‍ക്കുമൊക്കെ പത്ര പരസ്യങ്ങളും അനുസ്മരണ ചടങ്ങുകളും സംഘടിപ്പിക്കാന്‍ മല്‍സരിച്ച സര്‍ക്കാരുകള്‍ പക്ഷേ മറ്റുള്ളവരെ കണ്ടില്ലെന്ന്‍ നടിച്ചു. സര്‍ദാറിന്‍റെയും ഗോഖലെയുടെയും ടാഗോറിന്‍റെയുമൊക്കെ ജന്മ ദിനങ്ങളും ചരമ ദിനങ്ങളും നമ്മളില്‍ ബഹു ഭൂരിപക്ഷത്തിനും അറിയില്ല എന്നറിയുമ്പോഴാണ് എത്ര ക്രൂരമായ അവഗണനയാണ് അവര്‍ ഏറ്റു വാങ്ങിയത് എന്ന്‍ മനസിലാകുക.

 രാഷ്ട്ര പിതാവിന്‍റെ ഭാവി 1

ഇപ്പോള്‍ നരേന്ദ്ര മോദി എല്ലാവരെയും കടത്തി വെട്ടിയിരിക്കുന്നു. ഗാന്ധിജിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും ഒഴിച്ച് വേറെ ആരുടേയും ജന്മചരമ വാര്‍ഷികങ്ങള്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ആചരിക്കേണ്ടതില്ല എന്നാണ് ബിജെപി തീരുമാനം. നെഹ്രു കുടുംബത്തോടുള്ള അന്ധമായ വിരോധമാണ് പ്രസ്തുത തീരുമാനത്തിന് മോദിയെ പ്രേരിപ്പിച്ചതെങ്കിലും അത് നല്ലതിനാണോ എന്നുകൂടി ചിന്തിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും രാജ്യ പുരോഗതിക്ക് മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല. അതല്ല വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലും പഞ്ചാബിലും നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് മോദി ഈ രാഷ്ട്രീയ ചതുരംഗ കളിക്ക് ഇറങ്ങി തിരിച്ചിരിക്കുന്നതെങ്കില്‍ അതിനെ അതിദയനീയം എന്നേ വിശേഷിപ്പിക്കാനാകൂ. തിരഞ്ഞെടുപ്പില്‍ വിജയം നേടേണ്ടത് ഒരിക്കലും പഴയകാല നേതാക്കളെ ഇകഴ്ത്തി കൊണ്ടാകരുത്, മറിച്ച് സ്വന്തം നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാകണം.

ഗുജറാത്തില്‍ വഡോദരയ്ക്ക് സമീപം മൂവായിരം കോടി രൂപ ചിലവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 2018ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാകും അത്. പട്ടേലിനുള്ള ആദരവ് എന്നാണ് മോദി വിശേഷിപ്പിക്കുന്നതെങ്കിലും ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും നട്ടം തിരിയുന്ന ഒരു രാജ്യത്ത് ഇങ്ങനെയൊരു ധൂര്‍ത്തിന്‍റെ ആവശ്യമുണ്ടോ എന്ന സംശയം ന്യായമാണ്.

ഗാന്ധിജിയല്ല സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് ഇന്ത്യയുടെ രാഷ്ട്രപിതാവാകാന്‍ സര്‍വ്വതാ യോഗ്യനെന്ന ചിന്ത സംഘ പരിവാര്‍ വൃത്തങ്ങളില്‍ ഏറെ നാളായി നിലവിലുണ്ട്. അതിന്‍റെ ആദ്യ പടിയായിട്ടാകാം തന്‍റെ സ്വപ്ന പദ്ധതിയായ പ്രതിമാ നിര്‍മാണവുമായി നരേന്ദ്ര മോദി ഇറങ്ങി തിരിച്ചത്. ഗുജറാത്തി കൂടിയായ മഹാത്മാ ഗാന്ധിയെ അവഗണിച്ച് പട്ടേലിനെ ലോകത്തിലെ ഒന്നാമനാക്കാനുള്ള ശ്രമത്തിന് മറ്റൊരു ന്യായീകരണം നമുക്ക് കണ്ടെത്താനുമാകില്ല. ചുരുക്കത്തില്‍ വര്‍ണ്ണ വര്‍ഗ്ഗ വിവേചനത്തിന് അതീതമായി ഒരു ജനതയെ മുഴുവന്‍ ഒന്നിപ്പിക്കുകയും അവരെ ബ്രിട്ടിഷ് മേല്‍ക്കോയ്മക്കെതിരെ അണി നിരത്തുകയും ചെയ്ത ധീര സമര സേനാനികളുടെ പേരില്‍ അതേ ജനതയെ ഭിന്നിപ്പിക്കാനുള്ള ഇന്നത്തെ നേതാക്കളുടെ ശ്രമമാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

[My article published in British Pathram]


Image credit

Dailymail


Share this post