Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കെപിസിസിയുടെ ദാനം; ഇന്ദിരാ ഭവനിലെ ബാധോപദ്രവം

Share this post

b77gvcn

കെപിസിസി ദാനമായി കൊടുത്ത ഒരു കോടി രൂപ കണ്ട് സാക്ഷാല്‍ രാഹുല്‍ജിയുടെ കണ്ണ്‍ നിറഞ്ഞു എന്നാണ് കേട്ടത്. കൈ നീട്ടി വാങ്ങാന്‍ മാത്രം ശീലിച്ച കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് നല്ല ബുദ്ധി തോന്നി തുടങ്ങിയോ എന്ന ആത്മഗതവും അദ്ദേഹത്തില്‍ നിന്നുണ്ടായത്രേ. എന്നാല്‍ ഇത് ദാനമല്ലെന്നും മോദി കൊടുങ്കാറ്റില്‍ നട്ടം തിരിയുന്ന കേന്ദ്ര നേതൃത്വത്തിന് നല്‍കുന്ന ദുരിതാശ്വാസ സഹായം മാത്രമാണെന്നുമാണ് യുഡിഎഫിലെ തന്നെ ചില കുബുദ്ധികള്‍ പറഞ്ഞു പരത്തുന്നത്. പണ്ട് മഹാരാഷ്ട്രയില്‍ ഭൂകമ്പമുണ്ടായപ്പോഴും ഒറീസയില്‍ ചുഴലിക്കൊടുങ്കാറ്റ് വന്നപ്പോഴും പാര്‍ട്ടി ഇതുപോലുള്ള സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലഹരി വിരുദ്ധ സന്ദേശവുമായി തുടങ്ങിയ ജനപക്ഷ യാത്ര ജനങ്ങളില്‍ എത്തിയതില്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന് അതിയായ സന്തോഷമുണ്ട്. ഇനി എല്ലാവരും മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കുമെന്നും വിഷരഹിത പച്ചക്കറി കൃഷി കൂടി നടത്തി കുഞ്ഞാടുകള്‍ ആകുമെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. അതിന്‍റെ മുന്നോടിയെന്നോണം യാത്രയിലുടനീളം സിപിഎമ്മിനെയും നരേന്ദ്ര മോദിയെയും വെറുതെ വിട്ട അദ്ദേഹം ബാര്‍ മുതലാളിമാരെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ആ വാക്കുകളില്‍ നിന്ന്‍ ആവേശം കൊണ്ട ചില പ്രവര്‍ത്തകന്മാരും വെറുതെയിരുന്നില്ല. സ്വന്തമായി അടിച്ച ഒരു കെട്ട് രസീത് ബുക്കുകളുമായാണ് അവര്‍ മദ്യക്കച്ചവടക്കാരെ ആക്രമിച്ചത്. ഇന്ദിരാ ഭവനോട് ആലോചിക്കുക പോലും ചെയ്യാതെ അക്കങ്ങളുടെ പുറകില്‍ പൂജ്യങ്ങള്‍ കൊണ്ട് അമ്മാനമാടിയ അവര്‍ സാത്താന്‍റെ പ്രതിരൂപങ്ങളെ പരമാവധി ഞെക്കിപ്പിഴിയുകയും ചെയ്തു.

യാത്ര വിജയിപ്പിക്കാന്‍ അകമഴിഞ്ഞു സഹായിച്ച തങ്ങളെ അവസാനം കെപിസിസി അവഗണിച്ചു എന്നാണ് ബാര്‍ മുതലാളിമാരുടെ ഇപ്പോഴത്തെ പരാതി. മറ്റുള്ളവര്‍ പത്തും നൂറും സംഭാവനയായി കൊടുത്തപ്പോള്‍ ആയിരങ്ങള്‍ കൊടുത്ത തങ്ങളെ സമാപന ചടങ്ങില്‍ വച്ച് മൊമന്‍റോ തന്ന്‍ അനുമോദിക്കുകയെങ്കിലും ചെയ്യണമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.ആവശ്യം ചാനലുകള്‍ വഴി മുന്നിലെത്തിയെങ്കിലും സുധീരന്‍ കേട്ട ഭാവം കാണിച്ചില്ല. ഇതെല്ലാം നന്മ ചെയ്യുന്നവരെ അതില്‍ നിന്ന്‍ പിന്തിരിപ്പിക്കാനുള്ള സാത്താന്‍റെ വേലയാണെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ തുടങ്ങിയ മദ്യ നിരോധനം പടിപടിയായി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പിന്നീട് ഇന്ത്യ മുഴുവനും വ്യാപിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.അങ്ങനെ നമ്മുടെ രാജ്യം ഒരു സ്വര്‍ഗ്ഗ മനോജ്ഞ ഭൂമിയാകുമത്രേ. എന്നാല്‍ അത്രയൊന്നും കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ചിലര്‍ ഇപ്പോഴേ മറുപണി തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമാണ് ഇന്ദിരാഭവനില്‍ ഒരു ബാധ കേറിയിട്ടുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയോട് വെളിപ്പെടുത്തിയത്. ഭയന്നു പോയ ഉപാധ്യക്ഷന്‍ എസ്പിജി കമാന്‍റോകളെ വിട്ട് മന്ദിരം മുഴുവന്‍ തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും ആ ബാധ ഒരു പ്രത്യേക തരം ബാധയാണെന്നും മദ്യ മുതലാളിമാര്‍, മാഫിയകള്‍ എന്നിവരെ മാത്രമാണു അത് ആക്രമിക്കുകയെന്നുമൊക്കെ കണ്‍വീനറില്‍ നിന്ന്‍ കേട്ടപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്. പക്ഷേ അതിനെ ഒഴിപ്പിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഓര്‍മിപ്പിക്കാനും അവര്‍ മറന്നില്ല.

താന്‍ തന്നെ മുന്‍കയ്യെടുത്ത് പ്രസിഡന്‍റിന്‍റെ കസേരയില്‍ കുടിയിരുത്തിയ ബാധയാണെന്ന് കൂടി കേട്ടപ്പോള്‍ രാഹുലിന് ഇരിപ്പുറച്ചില്ല. പരിഹാരമായി മേപ്പാടനെ വരുത്താമെന്ന് അദ്ദേഹം നിര്‍ദേശിച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയും കൂട്ടരും അംഗീകരിച്ചില്ല. നാഗവല്ലിയെ പോലുള്ള ചെറിയ ബാധകള്‍ ഒഴിപ്പിക്കാനേ മേപ്പാടന് കഴിയൂവെന്നും സുധീരമായ ബാധകള്‍ക്ക് സംഘടനാ തിരഞ്ഞെടുപ്പ് മാത്രമാണു പരിഹാരമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആവശ്യം തത്വത്തില്‍ അംഗീകരിച്ചാണ് രാഹുല്‍ജി മടങ്ങിയത്. ഇന്ദിരാഭവനിലെ ശുദ്ധീകരണ ക്രിയ താമസിയാതെ തുടങ്ങുമെന്നും കേള്‍ക്കുന്നു. അതുവരെ അവിടെ നിന്നുള്ള ഒച്ചയും ബഹളവും തുടരുമെന്ന് ചുരുക്കം.

[My article published in British Pathram on 12.12.2014]


Image Credit: The Hindu Businessline

 


Share this post