എസ്ര- സിനിമ റിവ്യു

Share this post

Ezra movie review

 

പേടിപ്പിക്കാനായി എസ്ര എത്തി. പൃഥ്വിരാജ്, ടോവിനോ തോമസ്‌, പ്രിയ ആനന്ദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ഹൊറര്‍ ത്രില്ലര്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തിയറ്ററുകളില്‍ എത്തിയത്. ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് ആദ്യ ദിനം തന്നെ തെളിയിച്ചു. 

കേരളത്തിലെ അവസാനത്തെ ജൂതന്‍റെ മരണത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീട് മുംബെയിലുള്ള രഞ്ജന്‍ മാത്യു എന്ന ഷിപ്പിംഗ് കമ്പനി മാനേജറുടെ ജീവിതത്തിലേക്ക് സിനിമ ശ്രദ്ധ തിരിക്കുന്നു. അയാള്‍ സ്ഥലം മാറി ഭാര്യാസമേതം കൊച്ചിയില്‍ വരുകയാണ്. ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ ഇരുനില വീട്ടില്‍ താമസത്തിനെത്തിയ രഞ്ജനെയും ഇന്‍റിരിയര്‍ ഡിസൈനര്‍ കൂടിയായ ഭാര്യ പ്രിയയെയും കാത്തിരുന്നത് ചില അപ്രതിക്ഷിത സംഭവങ്ങളാണ്. അത് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. 

പതിറ്റാണ്ടുകളായി കേരളീയ ജീവിതത്തിന്‍റെ പ്രത്യേകിച്ച് കൊച്ചിയുടെ ഭാഗമാണ് മട്ടാഞ്ചേരിയിലെ ജൂത സമൂഹം. പക്ഷെ അവരുടെ ജീവിതരീതികളെ ചിത്രികരിക്കുന്ന സിനിമകളൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണ്‍ ഒരു അപവാദമായി ചൂണ്ടിക്കാട്ടാമെങ്കിലും അതില്‍ ജൂതന്മാരെക്കുറിച്ച്  വെറുതെ പറഞ്ഞു പോകുന്നതല്ലാതെ ആഴത്തിലുള്ള ഒന്നും കാണാന്‍ സാധിക്കില്ല. ഇവിടെയാണ്‌ എസ്ര വ്യത്യസ്ഥമാകുന്നത്. ഡിബുക്ക് പോലെ ജൂതസമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധ വിശ്വാസങ്ങളെ വിശകലനം ചെയ്യുന്ന സിനിമ നല്ലൊരു ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. 

ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകന്‍ ജയ്‌ വരവറിയിച്ചു. മനു ഗോപാലിനൊപ്പം എഴുതിയ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, പശ്ചാത്തലം തുടങ്ങി സകല മേഖലകളിലും സിനിമ മികവ് പുലര്‍ത്തുന്നു. ഛായാഗ്രഹകന്‍ സുജിത് വാസുദേവനെയും സംഗീതം നല്‍കിയ രാഹുല്‍ രാജ്, സുശിന്‍ ശ്യാം എന്നിവരെയും അഭിനന്ദിക്കാതെ വയ്യ. പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് അവരുടെ പങ്ക് എത്രത്തോളമുണ്ടെന്ന് സിനിമ കണ്ടവര്‍ക്കറിയാം.

പൃഥ്വിരാജ് പതിവ് പോലെ കസറി. ടോവിനോ തോമസ്‌, പ്രിയ ആനന്ദ്, സുജിത് ശങ്കര്‍ എന്നിവരും നിറഞ്ഞു നിന്ന എസ്രയില്‍ വിജയ രാഘവന്‍, ബാബു ആന്‍റണി, അലന്‍സിയര്‍ എന്നിവരും നല്ല പ്രകടനം കാഴ്ച വച്ചു. 

The End


Share this post