Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നു

Share this post

ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നു 1

 

          മഞ്ജുവും ദിലീപും വിവാഹബന്ധം വേര്‍പ്പെടുത്തും. എത്രയും വേഗം ഇരുവരും വിശ്വസ്തരായ അഭിഭാഷകര്‍ക്കൊപ്പം കുടുംബകോടതിയില്‍ മോചനത്തിനുള്ള അപേക്ഷ നല്‍കും. എന്നാല്‍ മകള്‍ മീനാക്ഷിയെകുറിച്ച് വ്യക്തമായ ധാരണയായില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങള്‍ പുറത്തു വരുമെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ദിലീപും മഞ്ജുവും തമ്മില്‍ പിരിയുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസ്സങ്ങളില്‍ ശക്തമായിരുന്നുവെങ്കിലും വാര്‍ത്ത ഇരുവരും നിഷേധിച്ചിരുന്നു. മഞ്ജു വരും നാളുകളില്‍ നൃത്തത്തിലും സിനിമയിലും കൂടുതല്‍ സജീവമാകുമെന്നാണ് കരുതുന്നത്. ഇതിന്‍റെ ഭാഗമായി തുടങ്ങിയ www.manjuwarrier.com എന്ന അവരുടെ സ്വന്തം സൈറ്റ് കഴിഞ്ഞ ദിവസം നിലവില്‍ വന്നിരുന്നു.

കേരളത്തിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് ദിലീപും മഞ്ജു വാര്യരും. ദിലീപ് വ്യത്യസ്ഥ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാളത്തിലെ ഒന്നാം നിര നടന്‍. മഞ്ജു അഭിനയം അവസാനിപ്പിച്ച് ഒരു പതിറ്റാണ്ടിലേറെ ആയെങ്കിലും മലയാളികള്‍ക്ക് ഇന്നും അവരോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടി, മോഹന്‍ലാലിന്‍റെ സ്ത്രീ രൂപം എന്നീ പേരുകളില്‍ പലരും അവരെ വാഴ്ത്തുന്നുമുണ്ട്. സ്നേഹവായ്പ്പുകള്‍ നല്‍കുന്നതിനൊപ്പം തന്നെ ഇരുവരുടെയും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ തേടി എക്കാലവും നമ്മുടെ മാധ്യമങ്ങള്‍ ഇവര്‍ക്ക് പിന്നാലേ തന്നെയുണ്ടായിരുന്നു.

ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നു 2

 

  ദിലീപും മഞ്ജുവും വേര്‍പിരിയുന്നു എന്ന മട്ടിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കാവ്യ മാധവനാണ് അതിനു കാരണം എന്നുവരെ ചിലര്‍ പ്രചരിപ്പിച്ചു. കാവ്യയുടെ വിവാഹമോചനം കൂടിയായപ്പോള്‍ പ്രചരണത്തിന് ആക്കം കൂടി. കാവ്യയുടെ ഭര്‍ത്തൃകുടുംബവും നിശാല്‍-കാവ്യ ബന്ധം തകര്‍ന്നതിന് കാരണക്കാരനായി ദിലീപിനെയാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അന്ന് അത്തരം ആരോപണങ്ങളൊക്കെ ദിലീപും മഞ്ജുവും ചിരിച്ചു തള്ളുകയാണ് ചെയ്തത്.

1992ല്‍ കമലിന്‍റെ സഹ സംവിധായകനായാണ് ദിലീപ് സിനിമ ജീവിതം തുടങ്ങിയത്. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും മഞ്ജു വാര്യരോടൊപ്പം അഭിനയിച്ച സല്ലാപമാണ് ഇരുവര്‍ക്കും വഴിത്തിരിവായത്. സിനിമ വന്‍ഹിറ്റായതോടെ ഇരുവര്‍ക്കും തിരക്കായി. പിന്നീട് ഈ പുഴയും കടന്ന്‍, കുടമാറ്റം തുടങ്ങിയ ചില ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഏതാനും വര്‍ഷത്തെ പ്രണയത്തിനു ശേഷം 1998ല്‍ ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തോടെ മഞ്ജു സിനിമയോടും നൃത്ത വേദിയോടും വിട പറഞ്ഞു. മഞ്ജു ജീവിതത്തിലേക്ക് വന്നതോടെയാണ് ദിലീപിന് കരിയറില്‍ ഉയര്‍ച്ചയുണ്ടായത്. 2000ല്‍ ലോഹിതദാസിന്‍റെ ജോക്കര്‍ ചെയ്തതിന് ശേഷം അദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ സിനിമ നിര്‍മാണവും വിതരണവും മറ്റ് ബിസിനസുകളുമായി ഏറെ തിരക്കിലാണ് താരം.

ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നു 3

മീശമാധവന്‍, കുഞ്ഞിക്കൂനന്‍, സി.ഐ.ഡി മൂസ, സല്ലാപം, ചാന്തുപൊട്ട്, മായമോഹിനി, കാര്യസ്ഥന്‍, ക്രേസി ഗോപാലന്‍, സൌണ്ട് തോമ എന്നിവയാണ് ദിലീപിന്‍റെ ശ്രദ്ധേയമായ സിനിമകള്‍. കന്മദം, ഈ പുഴയും കടന്ന്‍, പത്രം, ആറാം തമ്പുരാന്‍, കണ്ടെഴുതി പൊട്ടും തൊട്ട്, സമ്മര്‍ ഇന്‍ ബത് ലഹേം, ദയ, പ്രണയവര്‍ണങ്ങള്‍, കളിയാട്ടം എന്നിവയാണ് മഞ്ജുവിന്‍റെ പ്രശസ്തമായ സിനിമകള്‍.

2011ലെ മികച്ച നടനുള്ള അവാര്‍ഡ് ഉള്‍പ്പടെ നാല് സംസ്ഥാന അവാര്‍ഡുകള്‍ ദിലീപിന് കിട്ടിയിട്ടുണ്ട്. ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മഞ്ജു വാര്യര്‍ക്ക് 1996ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അവസാന ചിത്രങ്ങളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് 1999 ല്‍ ദേശീയ തലത്തില്‍ പ്രത്യേക പ്രശംസയും കിട്ടി.

മഞ്ജു അടുത്തിടെ നൃത്തവേദിയിലേക്ക് നടത്തിയ തിരിച്ചുവരവ് വന്‍ വാര്‍ത്താ പ്രാധാന്യവും ജനശ്രദ്ധയുമാണ് നേടിയത്. ഗുരുവായൂരില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു തുടര്‍ന്നു സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നൃത്തം അവതരിപ്പിച്ചെങ്കിലും എവിടേയും ദിലീപ് എത്തിയില്ല. തിരക്കുകള്‍ കാരണമാണ് താന്‍ എത്താത്തതെന്ന് ദിലീപ് പിന്നീട് പ്രതികരിച്ചു. പക്ഷേ ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്ന ഉല്‍ഘാടനങ്ങള്‍ക്കും സ്റ്റേജ് ഷോകള്‍ക്കുമൊക്കെ നേരം കണ്ടെത്തുന്ന അദേഹത്തിന് ഭാര്യയുടെ നൃത്ത പരിപാടി കാണാന്‍ മാത്രം സമയമില്ല എന്നതില്‍ പലരും സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നു മഞ്ജുവും ദിലീപിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തു വന്നെങ്കിലും അത് അത്ര ഫലം കണ്ടില്ല.

മഞ്ജു ദിലീപുമായി വേര്‍പ്പിരിഞ്ഞു സ്വന്തം വീട്ടില്‍ താമസിക്കുകയാണെന്നും മകള്‍ മീനാക്ഷി ദിലീപിനൊപ്പം അദേഹത്തിന്‍റെ വീട്ടിലാണെന്നും വരെ ചില പാപ്പരാസികള്‍ പ്രചരിപ്പിച്ചു. കഴിഞ്ഞയാഴ്ച അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ പുട്ടുകടയുടെ ഉല്‍ഘാടന ചടങ്ങില്‍ മഞ്ജുവിന്‍റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മകള്‍ മീനാക്ഷി അച്ഛനോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു. തന്‍റെ പരിപാടിയില്‍ ദിലീപ് പങ്കെടുക്കാത്തതിന് മഞ്ജു പകരം വീട്ടിയതാണെന്നു വരെ വാര്‍ത്തകള്‍ വന്നു. കഴിഞ്ഞ മാസം ദിലീപ് ഓസ്ത്രേലിയന്‍ പര്യടനത്തിന് പോയപ്പോള്‍ മീനാക്ഷിയെ കൂടെ കൂട്ടിയെങ്കിലും മഞ്ജു ആ സമയം തൃശൂരിലെ സ്വന്തം വീട്ടിലാണ് ചെലവഴിച്ചത്.

ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നു 4

 

മഞ്ജുവിന്‍റെ നൃത്തവേദിയിലേക്കുള്ള തിരിച്ചുവരവാണ് ഇരുവരുടെയും അസ്വാരസ്യങ്ങള്‍ക്ക് കാരണമായതെന്നാണ് സൂചന. മഞ്ജു സിനിമയിലേക്ക് തിരിച്ചുവരുന്നത് ദിലീപ് ഇഷ്ടപ്പെട്ടിരുന്നില്ല എന്നു കരുതുന്നവര്‍ ഏറെയാണ്. മലയാളികള്‍ക്ക് അവരോടുള്ള ഇഷ്ടം അറിയാവുന്നത് കൊണ്ട് അദ്ദേഹം പരസ്യമായി അങ്ങനെ പറഞ്ഞില്ല എന്നുമാത്രം. സിനിമയിലേക്ക് മടങ്ങിവരാനാണ് മഞ്ജു നൃത്തത്തില്‍ സജീവമാകുന്നതെന്ന് സ്വാഭാവികമായും അദ്ദേഹം കരുതിയിട്ടുണ്ടാവും. വീണ്ടും അഭിനയിക്കാനുള്ള താല്‍പര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ മഞ്ജു തുറന്നു പറഞ്ഞിരുന്നു. ദിലീപിനെ വിവാഹം കഴിക്കാനുള്ള തന്‍റെ തീരുമാനം കടുപ്പമേറിയതായിരുന്നു എന്നു കൂടി അവര്‍ പറഞ്ഞത് പലരുടേയും നെറ്റി ചുളിപ്പിച്ചു. പ്രേംനസീര്‍- ഷീലയെ പോലെയാണ് ദിലീപും കാവ്യയും എന്ന ഷീലയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു രോഷം കൊള്ളുകയും ചെയ്തു.

ദിലീപും മഞ്ജുവും പിരിയാന്‍ പോകുന്നുവെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം സംശയം പ്രകടിപ്പിച്ചിരുന്നു.. മഞ്ജു തുടങ്ങാനിരുന്ന ഡാന്‍സ് അക്കാദമിയുടെ ബാങ്ക് വായ്പ്പക്ക് ജാമ്യം നില്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. മഞ്ജുവിന്‍റെ ഭാവി സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ തനിക്ക് താല്‍പര്യമില്ല എന്നു ദിലീപ് വ്യക്തമാക്കിയതായി അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. തങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കാന്‍ ഇരുവരും തയ്യാറെടുക്കുകയാണെന്നും അത് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും കൂടി അന്ന്‍ പത്രം പറഞ്ഞിരുന്നു.

ദാമ്പത്യ തകര്‍ച്ചകള്‍ കൂടി വരുന്ന ഇക്കാലത്ത് ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രസക്തിയില്ലെങ്കിലും ഇത് സത്യമാണെങ്കില്‍ ഏതൊരു മലയാളിയും വേദനിക്കും. കാരണം മലയാളികളുടെ മനസ്സില്‍ അത്ര മാത്രം ഇടം പിടിച്ചവരാണ് ഇരുവരും. അതിനാല്‍ ഇതെല്ലാം കുപ്രചരണങ്ങളാണെന്ന പ്രസ്താവനയുമായി ദിലീപും മഞ്ജുവും വൈകാതെ രംഗത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. .


Share this post