ലോക ചരിത്രത്തിലെ ഇരുണ്ട മുഖങ്ങള്‍

ലോക ചരിത്രത്തിലെ ഇരുണ്ട മുഖങ്ങള്‍ 1

മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചും എതിരാളികളെ കൊന്നൊടുക്കിയും ഒരു സമൂഹത്തെ അടക്കിവാണ ഭരണാധികാരികള്‍ ചരിത്രാതീത കാലം മുതലേ നമുക്കിടയിലുണ്ട്. മംഗോളിയന്‍ ചക്രവര്‍ത്തിയായിരുന്ന ചെങ്കിസ് ഖാനും വലേഷ്യന്‍ രാജകുമാരനായിരുന്ന വ്ലാഡ് മൂന്നാമനുമൊക്കെ പുരാതന കാലത്ത് ക്രൂരതയുടെ പര്യായമായെങ്കില്‍ അഡോള്‍ഫ് ഹിറ്റ്ലറെയും ജോസഫ് സ്റ്റാലിനെയും പോലുള്ളവര്‍ ഇരുപതാം നൂറ്റാണ്ടിലെ അവരുടെ പിന്മുറക്കാരായി. ശത്രുക്കളെയും പ്രതിഷേധിച്ചവരെയുമൊക്കെ അവര്‍ എങ്ങനെയാണ് നേരിട്ടതെന്നറിഞ്ഞാല്‍ ഏതെങ്കിലും എഴുത്തുകാരന്‍റെ ഭാവനയാണോ എന്നു പോലും ഇന്നത്തെ ലോകം സംശയിക്കും.

ഭരണകര്‍ത്താക്കളുടെ സ്വേച്ഛാധിപത്യം മൂലം വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളാണ് കഷ്ടതയനുഭവിച്ചത്. പലരും നിരന്തരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടു, അവശേഷിച്ചവര്‍ അടിമവേല ചെയ്ത് കാലം കഴിച്ചു. ലോകം കീഴടക്കാന്‍ പുറപ്പെട്ട ചെങ്കിസ് ഖാന്‍ ചെയ്ത ക്രൂരതകള്‍ക്ക് കണക്കില്ല. പക്ഷേ ലക്ഷ്യം നേടാനാവാതെ അദ്ദേഹം പെട്ടെന്ന് മരണത്തിന് കീഴടങ്ങി. എന്നാല്‍ ഖാനെ എവിടെയാണ് അടക്കിയതെന്ന കാര്യം ഇന്നും ആര്‍ക്കും അറിയില്ല. പഴയ മംഗോളിയയിലെ അജ്ഞാതമായ ഏതോ വനപ്രദേശത്താണ് അദ്ദേഹത്തെ സംസ്കരിച്ചതെന്ന് പറയപ്പെടുന്നു. ശത്രുക്കള്‍ സ്ഥലം തിരിച്ചറിയാതിരിക്കാനായി സംസ്ക്കാരചടങ്ങില്‍ പങ്കെടുത്ത എല്ലാ സൈനികരെയും ഖാന്‍റെ പിന്‍ഗാമികള്‍ പിന്നീട് വക വരുത്തി. അങ്ങനെ നേതാവിന്‍റെ ക്രൂരതയുടെ ചരിത്രം പുതിയ അവകാശികളും ആവര്‍ത്തിച്ചു.

ഇതെല്ലാം പഴയ കാലത്താണെങ്കില്‍ പുതിയ യുഗത്തിലും സ്വേച്ഛാധിപത്യത്തിന്‍റെ അവതാരങ്ങളുണ്ടായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ലോക മഹായുദ്ധങ്ങള്‍ പോലും പൊട്ടിപ്പുറപ്പെട്ടു. അത്തരക്കാരായ ചിലര്‍ ഇവരാണ്.

 

1. അഡോള്‍ഫ് ഹിറ്റ്ലര്‍

History

ഹിറ്റ്ലര്‍ എന്ന ക്രൂരതയുടെ പര്യായം തന്നെയാണ് പട്ടികയില്‍ ഒന്നാമത്. ആസ്ട്രിയയില്‍ ജനിച്ച് ഒരു പതിറ്റാണ്ട് കാലം ജര്‍മ്മനി അടക്കിവാണ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് അരക്കോടി ജൂതന്മാര്‍ ഉള്‍പ്പടെ ഏകദേശം ഒരു കോടി ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

1933ല്‍ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആയ ഹിറ്റ്ലര്‍ 1945ല്‍ മരണം വരെ ആ പദവിയില്‍ തുടര്‍ന്നു. ശത്രുരാജ്യങ്ങളെ ആക്രമിക്കാനായി പോകുന്ന നാസിപ്പടക്കൊപ്പം പ്രത്യേകം തയ്യാറാക്കിയ കൊലപാതകി സംഘങ്ങളെയും ഹിറ്റ്ലര്‍ അയച്ചിരുന്നു. പുതിയ രാജ്യത്തെ ജൂതന്മാരും റൊമാനികളും ഉള്‍പ്പടെയുള്ള സമൂഹത്തെ ഉന്‍മൂലനം ചെയ്യുക എന്നതായിരുന്നു അവരുടെ ദൌത്യം. രാജ്യത്തിനകത്തും പുറത്തും അത്തരത്തില്‍ അനവധി പീഡന ക്യാമ്പുകള്‍ തുറന്ന ഹിറ്റ്ലര്‍ എതിര്‍ക്കുന്നവരെ ഗ്യാസടിപ്പിച്ചും വൈദ്യുതാഘാതമേല്‍പ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഹിറ്റ്ലര്‍ വെറുതെ വിട്ടില്ല.

നാസിപ്പടയുടെ ആക്രമണം ഭയന്ന്‍ ജര്‍മ്മനിയിലും ആസ്ട്രിയയിലും പോളണ്ടിലുമൊക്കെ ആയിരക്കണക്കിന് ആളുകളാണ് മാസങ്ങളോളം ഒളിവ് ജീവിതം നയിച്ചത്. പക്ഷേ ആരും രക്ഷപ്പെട്ടില്ല. ഒരു നാള്‍ ഹിറ്റ്ലറുടെ പട അവരെ കണ്ടെത്തുക തന്നെ ചെയ്തു. നാസികളെ ഭയന്നു കഴിഞ്ഞ നാളുകളുടെ ഓര്‍മകള്‍ ഡയറിത്താളുകളിലേക്ക് പകര്‍ത്തിയ ആന്‍ഫ്രാങ്ക് എന്ന പത്തുവയസുകാരി ഇന്നും ചരിത്രാന്വേഷികളുടെ മനസിലെ ഒരു നീറുന്ന ഓര്‍മയാണ്.

2. ജോസഫ് സ്റ്റാലിന്‍

History

വ്ലാഡിമിര്‍ ലെനിന്‍റെ മരണത്തെ തുടര്‍ന്ന്‍ 1923ലാണ് ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയന്‍റെ ഭരണം ഏറ്റെടുക്കുന്നത്.1952ല്‍ മരണം വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. രാജ്യത്ത് വ്യവസായവല്‍ക്കരണത്തിന് തുടക്കമിട്ട സ്റ്റാലിന്‍ പ്രതിഷേധിച്ച ലക്ഷക്കണക്കിന് ആളുകളെ നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകള്‍ എന്നു വിളിക്കപ്പെട്ട തടവറയില്‍ അടച്ചു, ചിലരെ വിജനമായ പ്രദേശത്തേക്ക് നാടു കടത്തി. 1936ല്‍ പ്രതിപക്ഷ നിരയിലെ പ്രധാനികളെ ഉന്മൂലനം ചെയ്യാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയ അദ്ദേഹം ആയിരക്കണക്കിന് ആളുകളെയാണ് അത്തരത്തില്‍ കൊലപ്പെടുത്തിയത്.

1937ലും 38ലുമായി ഏകദേശം 7 ലക്ഷം ആളുകള്‍ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് വിവിധ രഹസ്യ രേഖകള്‍ ഉദ്ധരിച്ച് ചരിത്രകാരന്മാര്‍ പറയുന്നു.എന്നാല്‍ അക്കാലത്തെ സര്‍ക്കാരിന്‍റെ രേഖകള്‍ അപൂര്‍ണ്ണമാണെന്ന വാദവുമുണ്ട്. ലോകമെങ്ങുമുള്ള സോവിയറ്റ് യൂണിയന്‍റെ ശത്രുക്കളെ വക വരുത്താന്‍ ഒരു സേന തന്നെ രൂപീകരിച്ച സ്റ്റാലിന്‍ അക്കാലത്ത് എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു.

3. പോള്‍ പോട്ട്

History

കമ്പോഡിയയിലെ ഖമര്‍ റൂഷ് ഭരണകൂടത്തെ 1976 മുതല്‍ 79വരെ നയിച്ച നേതാവ്. ഇക്കാലയളവില്‍ നിര്‍ബന്ധിത തൊഴില്‍ സേവനം, പീഡനങ്ങള്‍ എന്നിവ വഴി ജനസംഖ്യയുടെ 25 ശതമാനം ആളുകളെയാണ് അദ്ദേഹം കൊന്നൊടുക്കിയത്. ഏകദേശം മൂന്നു ദശലക്ഷം ആളുകള്‍ അങ്ങനെ ഭൂമുഖത്ത് നിന്ന്‍ അപ്രത്യക്ഷരായി.

4. ഇദി അമിന്‍

History

1971 മുതല്‍ 79 വരെ ഉഗാണ്ട അടക്കിവാണ സ്വേച്ഛാധിപതി. അഴിമതിയുടെയും നരഹത്യകളുടെയും പേരില്‍ കുപ്രസിദ്ധമായ ഈ കാലഘട്ടത്തില്‍ അഞ്ചു ലക്ഷം വരെ ആളുകള്‍ വധിക്കപ്പെട്ടു. പത്രപ്രവര്‍ത്തകരും കലാകാരന്മാരും പുരോഹിതന്മാരും ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളെ കാണാതായി. അവരില്‍ പലരെയും വെടിവച്ചു കൊന്ന്‍ മൃതദേഹങ്ങള്‍ നൈല്‍ നദിയില്‍ തള്ളുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

5. സദ്ദാം ഹുസൈന്‍

History

1979 മുതല്‍ 2003 വരെയാണ് സദ്ദാം ഹുസൈന്‍ ഇറാക്ക് അടക്കി വാണത്. ആദ്യം അമേരിക്കയുടെ സഹയാത്രികനായിരുന്ന സദ്ദാം 1990ലെ ഗള്‍ഫ് അധിനിവേശത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നകന്നത്. കുര്‍ദുകള്‍ ഉള്‍പ്പടെയുള്ള ശത്രുക്കളെ രാസായുധ പ്രയോഗത്തിലൂടെ വധിച്ച അദ്ദേഹം കൂറു മാറിയ ജാമാതാക്കളെ പോലും വെറുതെ വിട്ടില്ല. പുറം നാടുകളില്‍ അഭയം തേടിയ അവരെ നയത്തില്‍ രാജ്യത്ത് വിളിച്ചുവരുത്തി വെടിവച്ച് കൊല്ലുകയായിരുന്നു. സദ്ദാം ഭരണകാലത്ത് എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച കൃത്യമായ കണക്ക് ഇനിയും ലഭ്യമല്ല.

6. മാവോസെതൂങ്

History

ആധുനിക ചൈനയുടെ സ്ഥാപകന്‍. 1945മുതല്‍ 1976ല്‍ മരണം വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാരഥ്യം വഹിച്ച മാവോ 1954 ല്‍ ചൈനയുടെ ആദ്യ ചെയര്‍മാനായി. അനുയായികള്‍ അദ്ദേഹത്തെ മഹാനായ നേതാവെന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച ഭരണാധികാരി എന്നുമൊക്കെയാണ് വാഴ്ത്തുന്നത്.പക്ഷേ മാവോ ഭരണകാലത്ത് ചൈനയില്‍ 40-70 ദശലക്ഷം ആളുകള്‍ ഇല്ലാതായെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാനവികതയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായാണ് മാവോയുടെ ഭരണത്തെ ഇന്ന്‍ പൊതുവേ വിശേഷിപ്പിക്കുന്നത്.

7. ആഗസ്റ്റോ പിനോഷെ

History

1973 മുതല്‍ 1990 വരെ ഒരു ജനതയുടെ പേടിസ്വപ്നമായിരുന്ന ചിലിയന്‍ ഭരണാധികാരി. പിനോഷെയുടെ ഭരണകാലത്ത് ആയിരക്കണക്കിന് ആളുകളാണ് ചിലിയില്‍ കൊല്ലപ്പെട്ടത്, അത്ര തന്നെ ആളുകളെ കാണാതാകുകയും, മുപ്പത്തിനായിരത്തോളം പേര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും ഒരു കേസിലും ശിക്ഷ അനുഭവിക്കാതെ 2006 ഡിസംബര്‍ 3നു പിനോഷെ മരിച്ചു.

8. ഫ്രാന്‍സിസ്കോ ഫ്രാങ്കോ

History

1939 മുതല്‍ 1975 വരെ സ്പെയിന്‍ ഭരിച്ച ഏകാധിപതി. തന്‍റെ ഭരണകാലത്ത് രണ്ടു ലക്ഷം മുതല്‍ നാലുലക്ഷം വരെ ആളുകളെയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തി ഫ്രാങ്കോ കൊന്നൊടുക്കിയത്. 1975ല്‍ എണ്‍പത്തിരണ്ടാം വയസില്‍ അദ്ദേഹം മരണപ്പെട്ടതോടെ രാജ്യത്തെ സ്വേച്ഛാധിപത്യം ജനാധിപത്യത്തിന് വഴിമാറി.
 

9. മെങ്ങിസ്തു ഹൈലെ മറിയം

History

1974 മുതല്‍ 1991 വരെ എത്യോപ്യ ഭരിച്ച പട്ടാള മേധാവി. 20 ലക്ഷം ആളുകളാണ് ഇക്കാലയളവില്‍ രാജ്യത്ത് വധിക്കപ്പെട്ടത്. 1991ല്‍ പ്രതിഷേധം ശക്തമായപ്പോള്‍ മറിയം സിംബാബ് വേയിലേക്ക് കടന്നു. തുടര്‍ന്ന്‍ കൂട്ടക്കൊലകളുടെ പേരില്‍ എതോപ്യന്‍ കോടതി അദ്ദേഹത്തെ മരണശിക്ഷയ്ക്ക് വിധിച്ചെങ്കിലും മെങ്ങിസ്തുവിനെ വിട്ടുകൊടുക്കാന്‍ സിംബാബ് വെ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. തങ്ങളുടെ രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നിര്‍ണ്ണായക സഹായങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹം തങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളാണെന്നും അതിനാല്‍ വിട്ടുകൊടുക്കില്ല എന്നുമാണ് അവര്‍ പറയുന്നത്.

10. ബെനിറ്റോ മുസ്സോളിനി

History

പത്രപ്രവര്‍ത്തകനും ഫാസിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന മുസ്സോളിനി 1922മുതല്‍ 1945 വരെയുള്ള കാലഘട്ടത്തിലാണ് ഇറ്റലി ഭരിച്ചത്. രാഷ്ട്രീയ എതിരാളികളെ രഹസ്യ പോലീസ് വഴി ഇല്ലാതാക്കിയ അദ്ദേഹം രാജ്യത്തെ തികഞ്ഞ ഏകാധിപത്യത്തിലേക്ക് നയിച്ചു. ആദ്യകാലങ്ങളില്‍ ഹിറ്റ്ലറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുസ്സോളിനി അടുത്ത സുഹൃത്തും ആസ്ത്രിയന്‍ ഭരണാധികാരിയുമായിരുന്ന ഡോള്‍ഫസിനെ നാസിപ്പട കൊലപ്പെടുത്തിയതോടെ ജര്‍മനിയില്‍ നിന്ന്‍ അല്‍പം അകന്നു. എങ്കിലും അവസാനകാലത്ത് ഇറ്റലി തടവിലാക്കിയ അദ്ദേഹത്തെ ജര്‍മ്മന്‍ പട്ടാളം വന്ന്‍ രക്ഷപ്പെടുത്തി. 1945ല്‍ മുസ്സോളിനിയെയും ഭാര്യയെയും പുതിയ സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരം വെടിവച്ച് കൊന്നു.

അധികാരം എങ്ങനെയെല്ലാം ദുര്‍വിനിയോഗം ചെയ്യാം എന്ന്‍ ഈ വ്യക്തികള്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ജനങ്ങളെ എല്ലാ അര്‍ഥത്തിലും അടിച്ചമര്‍ത്തി ഭരിച്ച പത്ത് പേരും ആധുനിക കാലത്തെ ഇരുണ്ട മുഖങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എങ്കിലും അപൂര്‍വം ചിലരൊഴിച്ച് ബാക്കിയുള്ളവര്‍ യാതൊരു ശിക്ഷയും അനുഭവിക്കാതെ തികച്ചും സ്വാഭാവികമായ രീതിയില്‍ മരണപ്പെട്ടു എന്നത് ഒരു വിധി വൈപരീത്യമാണ്.

 

The End

[ My article originally published in British Pathram, in early May]

1 thought on “ലോക ചരിത്രത്തിലെ ഇരുണ്ട മുഖങ്ങള്‍”

Leave a Comment

Your email address will not be published. Required fields are marked *