Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

നമ്മുടെ സെലബ്രിറ്റികള്‍ക്ക് സംഭവിക്കുന്നതെന്താണ് ?

Share this post

നമ്മുടെ സെലബ്രിറ്റികള്‍ക്ക് സംഭവിക്കുന്നതെന്താണ് ? 1

     

ടി.വി അവതാരക രഞ്ജിനി ഹരിദാസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. എ.പി.ജെ അബ്ദുള്‍ കലാമും കെ.ആര്‍ നാരായണനും മന്‍മോഹന്‍ സിങ്ങും തമിഴ് നടന്‍ അജിത്ത് കുമാറുമൊക്കെ ക്യൂവില്‍ കാത്തു നിന്ന്‍ വോട്ട് ചെയ്യുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടതാണ്. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമെങ്കില്‍ രഞ്ജിനിക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ എന്ന്‍ പലരും ചോദിക്കുന്നുണ്ട്. സംശയം ന്യായമാണ്. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തിയപ്പോഴും കലാമും കെ.ആര്‍ നാരായണനുമൊക്കെ എളിമയുടെ പ്രതിരൂപങ്ങളായിരുന്നു. ഒരു രാഷ്ട്രപതി എങ്ങനെയായിരിക്കണം എന്ന്‍ നമുക്ക് കാണിച്ചു തന്നു അവര്‍ ഇരുവരും. പക്ഷേ എല്ലാവര്‍ക്കും അങ്ങനെയാവാന്‍ പറ്റണമെന്നില്ല.

 എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ക്ലിയറന്‍സിന് ഒറ്റ ക്യൂവാണ് ഉണ്ടായിരുന്നത് എന്നാണ് രഞ്ജിനി വിവാദത്തിലൂടെ ശ്രദ്ധാകേന്ദ്രമായ ബിനോയ് പിന്നീട് പറഞ്ഞത്. യു.എസില്‍ ബിസിനസ് ചെയ്യുന്ന അദ്ദേഹം അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയതാണ്. ബിനോയിയുടെഏറെ പുറകിലായിരുന്ന രഞ്ജിനി അദേഹത്തെ മറി കടന്ന്‍ മുന്നിലെത്തിയത് അദ്ദേഹം ചോദ്യം ചെയ്തു. അതില്‍ കുപിതയായ അവര്‍ അദേഹത്തോട് ദേഷ്യപ്പെടുകയും ഒപ്പം മറ്റു രണ്ടു പേരെ കൂടിബിനോയിയുടെ മുന്നില്‍ കെട്ടി നിര്‍ത്തുകയും ചെയ്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ ഇതിനെക്കാളൊക്കെ അപഹാസ്യമായി തോന്നിയത് കസ്റ്റംസുകാരും രഞ്ജിനിയുടെപരാതിയനുസരിച്ച് സ്ഥലത്തെത്തിയ പോലീസും എടുത്ത നിലപാടാണ്. രഞ്ജിനിയെ അറിയില്ലേ എന്നാണ് ഇരു കൂട്ടരും ഒരേ സ്വരത്തില്‍ ബിനോയിയോട് ചോദിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു സെലബ്രിറ്റിയുടെ ആരാധകരായി മാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഒരു ടി.വി അവതാരകയോട് ഇങ്ങനെയാണ് അവര്‍ പെരുമാറുന്നതെങ്കില്‍ ദീപിക പദുക്കോണോ കരീന കപൂറോ വന്നാല്‍ പോലീസും കസ്റ്റംസും എങ്ങനെ പെരുമാറും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

എയര്‍പോര്‍ട്ടിലായാലും റേഷന്‍ കടയിലായാലും ബിവറേജസ് കോര്‍പ്പറേഷന്‍റെ മുന്നിലായാലും ക്യൂ നില്‍ക്കുന്നവരെല്ലാം അത്യാവശ്യക്കാര്‍ തന്നെയാണ്. എല്ലാവര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടാവും. അതിന് സെലബ്രിറ്റിയെന്നോ മറ്റുള്ളവരെന്നോ ഉള്ള വ്യത്യാസമില്ല. അത് സാധാരണക്കാരും അവരുടെപ്രോല്‍സാഹനം കൊണ്ട് സെലബ്രിറ്റിയായവരും മനസിലാക്കണം. വിനയപൂര്‍വം പെരുമാറുന്നത് ഒരു കുറവല്ല അത് ആ വ്യക്തിയുടെ മഹത്വത്തെയാണ് കാണിക്കുന്നത്. ഗാന്ധിജിയുടെ സമരങ്ങളെക്കാള്‍ ജനങ്ങള്‍ ഇന്നും ആദരിക്കുന്നത് അദേഹത്തിന്‍റെ ലാളിത്യത്തെയാണ്. ധീര വിപ്ലവകാരികളുടെ രക്തരൂക്ഷിത പ്രക്ഷോഭങ്ങളെക്കാള്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭയപ്പെട്ടിരുന്നതും ആ സാധു മനുഷ്യനെയായിരുന്നു. അത്രയ്ക്കുണ്ട് വിനയത്തിന്‍റെ ശക്തി.

കലാഭവന്‍ മണി വനപാലകരെ ആക്രമിച്ചുവെന്ന വാര്‍ത്തയും കഴിഞ്ഞ ആഴ്ച പത്രങ്ങളില്‍ വന്നു. അതിന്‍റെ സത്യാവസ്ഥ പൂര്‍ണമായും പുറത്തു വന്നിട്ടില്ല എങ്കിലും വാഹന പരിശോധനക്കു ശ്രമിച്ച തങ്ങളെ നടനും സുഹൃത്തും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് വനപാലകര്‍ പോലീസിന് മൊഴി നല്‍കി. ഒപ്പം വാഹനം ഇടിപ്പിക്കാനും ശ്രമിച്ചുവെന്ന് പരുക്കേറ്റ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ തന്‍റെ സുഹൃത്തിന്‍റെ ഭാര്യയെ വനപാലകര്‍ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് താന്‍ ചെയ്തതെന്ന്‍ മണി പിന്നീട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ തന്‍റെ ജാതിപ്പെര് ചേര്‍ത്ത് വിളിച്ചുവെന്ന ഗുരുതരമായ ആരോപണവും നടന്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഒളിവില്‍ പോയ മണി ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് സൂചനകള്‍.

മണിയുടെ കേസില്‍ ആര് പറയുന്നതാണ് സത്യം എന്ന്‍ ഇനിയും അറിവായിട്ടില്ല. പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ വാഹന പരിശോധനക്ക് നടന്‍ വഴങ്ങാത്തത് എന്തുകൊണ്ടാണെന്ന സംശയവും നിലനില്‍ക്കുന്നു. മണിക്കെതിരെ സമാനമായ ആരോപണങ്ങള്‍ മുമ്പും വന്നിട്ടുണ്ട്. പക്ഷേ അവയൊന്നും ഇത്ര വാര്‍ത്താ പ്രാധാന്യം നേടിയിട്ടില്ല.

നമ്മുടെ സെലബ്രിറ്റികള്‍ക്ക് സംഭവിക്കുന്നതെന്താണ് ? 2

 

അടുത്തിടെ നടന്ന ഈ രണ്ടു സംഭവങ്ങളും സെലബ്രിറ്റികള്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമാണോ എന്ന സംശയമുണര്‍ത്തുന്നു. സിനിമ തിയറ്ററിലോ ബസ് സ്റ്റാന്‍റിലോ ക്യൂ തെറ്റിച്ചാല്‍ പോലീസിന്‍റെ അടി വാങ്ങുന്നവരാണ് നമ്മള്‍ പൊതുജനം. എന്നാല്‍ അതേ പോലീസ് തന്നെ രഞ്ജിനിയെ അറിയില്ലേ എന്ന്‍ പരാതിക്കാരനോട് ചോദിക്കുന്നു. അതായത് നാലാള്‍ അറിയുന്ന വ്യക്തിയാണെങ്കില്‍ ഇവിടെ എന്തു തോന്ന്യാസവും കാണിക്കാം. അമേരിക്കയിലും ആസ്ത്രേലിയയിലുമൊക്കെ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് അവിടത്തെ പ്രസിഡന്‍റുമാരെക്കൊണ്ട് സാധാ പോലീസുകാരന്‍ പിഴ അടപ്പിച്ച ചരിത്രമുണ്ട്. അതിന്‍റെ പേരില്‍ ആരും ആ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിട്ടില്ല. കാറില്‍ പ്രസിഡണ്ടാണ് എന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ആരായാലും പിഴ അടച്ചിട്ട് പോയാല്‍ മതി എന്നാണ് ട്രാഫിക്ക് പോലീസുകാരന്‍ നിസ്സംഗതയോടെ പറഞ്ഞത്.

അമേരിക്കയിലെ സാധാ പോലീസുകാരന്‍റെ ആര്‍ജവവും ചങ്കൂറ്റവും നമ്മുടെ നാട്ടിലെ ഡി.ജി.പി യില്‍ നിന്നോ സി.ബി.ഐ.യില്‍ നിന്നോ പോലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. കാരണം ഭരണത്തിലുള്ളവര്‍ക്ക് അഹിതമായി എന്തെങ്കിലും ചെയ്താല്‍ അത് ആരായാലും അവര്‍ക്ക് സസ്പെന്‍ഷനായിരിക്കും കിട്ടുക. ഭരണപക്ഷം തെറ്റായി എന്തെങ്കിലും ചെയ്താലും കണ്ണടക്കണം എന്നതാണ് ഭാരതത്തിലെ അലിഖിത നിയമം. അല്ലാത്തവര്‍ രാജ്യദ്രോഹികളാവും. രാജു നാരായണ സ്വാമിയേ പോലുള്ള പ്രഗല്‍ഭര്‍ ജോലിയൊന്നുമില്ലാതെ വെറുതെ ഇരുന്ന നാളുകള്‍ നമുക്ക് മറക്കാറായിട്ടില്ല.

ഭരണത്തിലും രാഷ്ട്രീയത്തിലും തങ്ങള്‍ക്കുള്ള സ്വാധീനം തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ് പ്രമാണിമാരുടെ ഇത്തരം തോന്ന്യാസങ്ങള്‍ നാള്‍ക്കുനാള്‍ കൂടുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ പോലീസ് ഡി.ജി.പി യെയോ കേന്ദ്രമന്ത്രിയെയോ ഒക്കെയായിരിക്കും വിളിക്കുക. സംഭവത്തിന്‍റെ നിജസ്ഥിതി പോലും അന്വേഷിക്കാതെ അവര്‍ കേസില്‍ ഇടപെടുകയും ചെയ്യും. ഒരര്‍ഥത്തില്‍ അത്തരം ഇടപെടലുകളാണ് നിയമലംഘകരെ ഇവിടെ വളര്‍ത്തുന്നത്. പോരാത്തതിന് സ്ത്രീ പീഡനം എന്ന പുതിയ ഒരു ആയുധവും ഇറങ്ങിയിട്ടുണ്ട്. ഒരു വിധത്തിലും കേസില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ആവുന്നില്ല എന്നു വരുമ്പോള്‍ എതിരാളി കൂടെയുള്ള സ്ത്രീയെ അപമാനിച്ചു എന്ന ആരോപണമായിരിക്കും പ്രതിസ്ഥാനത്തുള്ളവര്‍ ഉയര്‍ത്തുക. മിക്ക ആളുകളും ആ വജ്രായുധത്തില്‍ കമിഴ്ന്നടിച്ച് വീഴുകയും ചെയ്യും.

സ്വയം വലിയവനാണെന്ന ഭാവം,  ഉന്നത തലത്തിലുള്ള സ്വാധീനം,പണക്കൊഴുപ്പ്, നിയമം എങ്ങനെയും വിലക്ക് വാങ്ങിക്കാം എന്ന തോന്നല്‍ എന്നിവയും ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുണ്ട്. അതുകൊണ്ടാണ് വെറുതെയിരുന്ന് ബോറടിക്കുമ്പോള്‍ കൃഷ്ണ മൃഗത്തെ വേട്ടയാടാം അല്ലെങ്കില്‍ ഫുട്ട്പ്പാത്തില്‍ കൂടി വണ്ടിയോടിച്ച് കളിക്കാം എന്നൊക്കെ സല്‍മാന്‍ ഖാനെ പോലുള്ളവര്‍ക്ക് തോന്നുന്നത്. കോഴക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വിളിക്കും എന്ന്‍ ശ്രീശാന്തിനെ പോലുള്ള കൊച്ചു കുട്ടികള്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിനും കാരണം മറ്റൊന്നല്ല. പക്ഷേ ഇന്നുവരെ ഒരു സിനിമയിലോ പരസ്യ ചിത്രത്തിലോ പോലും മുഖം കാണിക്കാത്ത കലാമിനെ പോലുള്ളവര്‍ക്കും പ്രായത്തെ തോല്‍പ്പിച്ചു കൊണ്ട് ക്രിക്കറ്റിനെ പുണര്‍ന്നു നില്‍ക്കുന്ന എന്നാല്‍ അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സച്ചിനെപോലുള്ളവര്‍ക്കും ഇവരെക്കാളൊക്കെ ജനമനസ്സുകളില്‍ സ്ഥാനമുണ്ട്. ചെയ്യുന്ന ജോലിയെക്കാളുപരിആള്‍ക്കാരോടുള്ള വിനയത്തോടെയുള്ള അവരുടെ പെരുമാറ്റമാണ് അതിന് കാരണം. അത് എല്ലാവിധ സ്വാധീനങ്ങള്‍ക്കും കോടികളുടെ പണത്തൂക്കത്തിനും അപ്പുറമാണ്.


Share this post