Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

2014ലെ മികച്ച മലയാള ചിത്രങ്ങള്‍

Share this post

 

2014 അവസാനത്തോട് അടുക്കുന്നു. ക്രിസ്തുമസ് അവധിക്കാലത്ത് പുറത്തിറങ്ങുന്ന ഏതാനും ചിത്രങ്ങള്‍ കൂടി കഴിഞ്ഞാല്‍ പുതുവര്‍ഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ ആമയും മുയലും വൈശാഖ് ചിത്രമായ കസിന്‍സ് എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് വരും ദിവസങ്ങളില്‍ തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി ചിത്രമായ ഫയര്‍മാന്‍ ക്രിസ്തുമസ് റിലീസാണെന്ന് കരുതിയിരുന്നുവെങ്കിലും ജനുവരി ആദ്യ വാരമേ പുറത്തിറങ്ങൂ എന്നാണ് ഇപ്പോഴത്തെ സൂചന. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1) വര്‍ഷം

best malayalam movies of 2014

മമ്മൂട്ടിയുടെ മികച്ച പ്രകടനവുമായി തിയറ്ററുകളെ നിറച്ച സിനിമയാണ് വര്‍ഷം. തുടര്‍ച്ചയായ പരാജയങ്ങളില്‍ വീര്‍പ്പു മുട്ടിയിരുന്ന മെഗാ താരത്തിനു ചിത്രത്തിന്‍റെ വിജയം വലിയ ഒരാശ്വാസമായി. രഞ്ജിത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ വേണു എന്ന ബിസിനസുകാരന്‍റെ ജീവിതത്തിന്‍റെ വ്യത്യസ്ഥ തലങ്ങളില്‍ കൂടിയാണ് കടന്നു പോയത്. പ്ലേ ഹൌസ് സിനിമയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിച്ച സിനിമയില്‍ ആശ ശരത്, മമ്ത മോഹന്‍ദാസ്, ടിജി രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2) ബാംഗ്ലൂര്‍ ഡേയ്സ്

best malayalam movies of 2014

Image Credit: Filmibeat

മലയാളികള്‍ അടുത്ത കാലത്ത് ഇത്ര മാത്രം ആഘോഷിച്ച ഒരു സിനിമ വേറെയുണ്ടാവില്ല. നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, ഇഷ തല്‍വാര്‍, പാര്‍വതി എന്നിവര്‍ അഭിനയിച്ച സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ്. മലയാളി ജീവിതവും നാഗരിക സംസ്കാരവും മനോഹരമായി ഇഴ ചേര്‍ത്ത സിനിമ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും സാക്ഷ്യം വഹിച്ചു. അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ നിര്‍മ്മിച്ചത് സംവിധായകന്‍ കൂടിയായ അന്‍വര്‍ റഷീദാണ്.

3) ഹൌ ഓള്‍ഡ് ആര്‍ യൂ

best malayalam movies of 2014

റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത ഈ സിനിമയില്‍ കൂടിയാണ് മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്. ബോബി, സഞ്ജയ് എന്നിവര്‍ രചന നിര്‍വഹിച്ച ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളില്‍ ഒന്നാണെന്ന് നിരൂപകരും സാധാരണ പ്രേക്ഷകരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിരുന്നു. നിരുപമ എന്ന സാധാരണ വീട്ടമ്മയുടെ ഉയര്‍ച്ച, താഴ്ചകളിലൂടെ സഞ്ചരിച്ച സിനിമ മഞ്ജുവിന്‍റെ അഭിനയമികവ് നല്ലതുപോലെ പ്രയോജനപ്പെടുത്തി. കുഞ്ചാക്കോ ബോബന്‍, കനിഹ, ലാലു അലക്സ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

4) മുന്നറിയിപ്പ്

best malayalam movies of 2014

Image Credit: Nine Kerala

മമ്മൂട്ടി മികച്ച പ്രകടനം നടത്തിയ 2014ലെ ആദ്യ ചിത്രം. സികെ രാഘവന്‍ എന്ന തടവുപുള്ളിയായി അദ്ദേഹം ജീവിച്ച സിനിമ വന്‍വിജയം നേടിയില്ലെങ്കിലും നല്ല സിനിമയുടെ വക്താക്കളെ സന്തോഷിപ്പിച്ചു. ഛായാഗ്രാഹകന്‍ കൂടിയായ വേണു സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് സംവിധായകന്‍ രഞ്ജിത്താണ്. അപര്‍ണ്ണ ഗോപിനാഥ്, നെടുമുടി വേണു, രഞ്ജി പണിക്കര്‍, ജോയ് മാത്യു എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച സിനിമയില്‍ പൃഥ്വി രാജും അതിഥി താരമായെത്തി.

5) 1983

best malayalam movies of 2014

Image Credit: Mango Medias

ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയെടുത്ത സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. നിവിന്‍ പോളി നായക കഥാപാത്രമായ രമേശനെ അവതരിപ്പിച്ച സിനിമയില്‍ അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൈജു കുറുപ്പ്, ശ്രിന്ദ അഷാബ് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. സംവിധാനം എബ്രിഡ് ഷൈന്‍.

6) ഓം ശാന്തി ഓശാന

best malayalam movies of 2014

Image Credit: Malayalam movie talk

പതിവ് പെണ്ണു കാണല്‍ ചടങ്ങുകളില്‍ നിന്ന്‍ വിഭിന്നമായി ഒരു ആണു കാണല്‍ ചടങ്ങിന്‍റെ കഥ പറഞ്ഞ സിനിമ നവീനമായ ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നിവിന്‍ പോളി, നസ്രിയ നസീം, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്‍റണി ജോസഫാണ്.

7) ഇയ്യോബിന്‍റെ പുസ്തകം

best malayalam movies of 2014

ഈ അമല്‍ നീരദ് ചിത്രം കാണുമ്പോള്‍ കഥയാണോ അതോ കവിതയാണോ എന്ന്‍ സംശയം തോന്നാം. മൂന്നാറിന്‍റെ പോയകാലം വരച്ചു കാട്ടിയ സിനിമ മനോഹരമായ ഒരു പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും കഥയാണ് പറഞ്ഞത്. സംവിധായകനും നായകന്‍ കൂടിയായ ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മിച്ച സിനിമയില്‍ ജയസൂര്യ, ലാല്‍, ഇഷ, പത്മപ്രിയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

[My article published in KVartha on 09.12.2014]

 


Share this post