ബാറിലെ മാണിക്യത്തിന് വിലയെത്ര ?

Bars in Kerala

പാലയില്‍ മാണിക്യം നിക്ഷേപമുണ്ടെന്ന് ആദ്യം കണ്ടെത്തിയത് ചില പ്രാദേശിക ബിജെപി നേതാക്കളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അത്. ജന്‍മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പെട്ട പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കൂടിയായ വി മുരളീധരന്‍ സ്ഥലം സന്ദര്‍ശിക്കുകയും കുപ്പയില്‍ കണ്ടുവരുന്ന വില കുറഞ്ഞ മാണിക്യമാണ് പാലായിലുള്ളതെന്ന് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. മോദിയുടെ റേസ്കോഴ്സ് വസതിയിലേക്കുള്ള പടയോട്ടത്തിന് ശക്തി പകരാന്‍ മാണിക്യം ഖനനം ചെയ്തെടുക്കണമെന്ന് ഒരു വിഭാഗം വാദിച്ചെങ്കിലും മുരളീധരന്‍ വഴങ്ങിയില്ല. അമിത് ഷായും വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതോടെ സുരേന്ദ്രന്‍ജിയും കൂട്ടരും മനസ്സില്ലാമനസ്സോടെയാണെങ്കിലും മാണിക്യത്തെ മറന്നു. കഥ അവിടം കൊണ്ട് അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് പൂട്ടിക്കിടക്കുന്ന ഏതോ ബാറില്‍ നിന്ന്‍ മാണിക്യത്തെ കണ്ടെടുത്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നത്.

ബാറും ബാര്‍ മുതലാളിമാരും പണ്ടു മുതലേ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊന്‍മുട്ടയിടുന്ന താറാവാണ്. നാഴികയ്ക്ക് നാല്പതു വട്ടം അവരെ കുറ്റം പറയുമെങ്കിലും സംസ്ഥാന ഖജനാവ് പരിപാലിക്കുന്നതിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സമയാസമയം കൊടുക്കുന്നതിലും മദ്യപര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇല്ലത്തിന്‍റെ ഗതകാല പ്രൌഡിയെക്കുറിച്ച് നെടുവീര്‍പ്പിട്ടു കൊണ്ട് നമ്മുടെ ധനമന്ത്രി പതിവ് പോലെ കഴിഞ്ഞ മാസവും കൈ നീട്ടിയത് ബിവറേജസ് ഭഗവതിയുടെ മുന്നിലാണ്. ഘട്ടം ഘട്ടമായി ബ്രാഞ്ചുകളെല്ലാം പൂട്ടുമെന്ന സര്‍ക്കാര്‍ തിരുമാനത്തില്‍ അനിഷ്ടമൊന്നും കാണിക്കാതെ ദേവി അന്തസ്സായി മുന്നൂറോ നാന്നൂറോ കോടി രൂപ ദാനമായി കൊടുക്കുകയും ചെയ്തു. അങ്ങനെ കാര്യങ്ങള്‍ സുഭിക്ഷമായി പോകുമ്പോഴാണ് കോടതി ഇടങ്കോലിട്ടതും സര്‍ക്കാര്‍ ചവിട്ടിയ ബാര്‍ മുതലാളിമാര്‍ എന്ന വിഷപാമ്പുകള്‍ തിരിഞ്ഞു കൊത്തിയതും.

ബാറുകള്‍ക്കും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും ഇടയില്‍ കോടികളുടെ മേല്‍പ്പാലമുണ്ടായിരുന്നുവെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അബ്കാരിമാര്‍ സര്‍ക്കാരിനെയും പോലീസിനെയും വരച്ച വരയില്‍ നിര്‍ത്തുന്ന കഥകള്‍ നമ്മള്‍ വെള്ളിത്തിരയിലും പുറത്തും യഥേഷ്ടം കണ്ടിട്ടുമുണ്ട്. അതുകൊണ്ടാവണം അത്താഴ പഷ്ണിക്കാരായ ഷാപ്പുകാരെയും വ്യാജ വാറ്റുകാരെയും വിറപ്പിച്ചിരുന്ന എക്സൈസ് ബാര്‍ മുതലാളിമാരെ വേണ്ടവിധം ബഹുമാനിച്ചു പോന്നു. അത്തരത്തില്‍പ്പെട്ട ഒരു ബാര്‍ മുതലാളിയാണ് പൂട്ടിക്കിടന്ന ബാറുകളില്‍ മാണിക്യം നിക്ഷേപമുണ്ടെന്നും അതിന് ഒരു മന്ത്രി അഞ്ചു കോടിയാണ് വിലയിട്ടതെന്നും കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്. കരാറിന്‍റെ ആദ്യ പടിയായി ഒരു കോടി രൂപ മന്ത്രിക്ക് കൊടുത്തെങ്കിലും ഖനനം ചെയ്യാനുള്ള അനുമതി ലഭിച്ചില്ല. അതിന് കാരണക്കാരന്‍ അടുത്ത കാലത്തായി ഇന്ദിരാ ഭവന്‍റെ തലപ്പത്തെത്തിയ ആദര്‍ശവാനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഏതായാലും അതോടെ പാവം മുതലാളിമാരുടെ പണം വെള്ളത്തിലായെന്ന് പറയപ്പെടുന്നു. ദയാഹര്‍ജിയുമായി മന്ത്രിയെ കണ്ടെങ്കിലും ഏത് പണം, എവിടെ വച്ച് തന്നു എന്ന്‍ ചോദിച്ച് അദ്ദേഹം കൈമലര്‍ത്തിയത്രേ.

maxresdefault

ബിജെപിക്കാര്‍ കൈവിട്ടെങ്കിലും പാലയിലെ മാണിക്യത്തില്‍ കുറെ നാളായി സിപിഎമ്മിന് ഒരു നോട്ടമുണ്ട്. വേലിക്കല്‍ നിന്ന്‍ ആടു നിറച്ചതും ബിരിയാണിയും കാണിച്ച് ലീഗിനെ പലക്കുറി കൈകാട്ടി വിളിച്ചെങ്കിലും അവര്‍ വഴങ്ങാതായതോടെയാണ് കാരാട്ടും കൂട്ടരും കേരള കോണ്‍ഗ്രസ്സിന് നേരെ തിരിഞ്ഞത്. പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ പോലെ മദ്ധ്യ തിരുവിതാംകൂറില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടില പാര്‍ട്ടിയെ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും. ഒരു കുഴപ്പമേയുള്ളൂ. മാണിയെ വിളിച്ചാല്‍ കൂടെ പിസിയും വരും. വിക്രമാദിത്യന്‍റെ കൂടെ എപ്പോഴും വേതാളവും ഉണ്ടാകും എന്നത് പോലെ അതും സഹിക്കുകയേ തരമുള്ളൂ. അങ്ങനെ എകെജി സെന്‍ററില്‍ കൊണ്ടുപോയി മാമ്മോദീസ മുക്കി മാണിയെ മാണി സഖാവാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴാണ് കഷ്ടക്കാലം ഒരു ബിജു രമേശിന്‍റെ രൂപത്തില്‍ പൊട്ടി വീണത്. എങ്കിലും പിണറായി സഖാവ് മാണിക്യത്തെ കൈവിട്ടില്ല. ബാറിലെ മാണിക്യത്തിന് മുഖ്യമന്ത്രി സ്ഥാനത്തോളം വിലയുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. സ്വന്തം കസേര കൈ വിട്ടു പോകാതിരിക്കാനായി ഉമ്മച്ചനാണത്രേ എല്ലാം ചെയ്യുന്നത്. സിബിഐയെ കൊണ്ടുവരണമെന്ന് പാര്‍ട്ടിയുടെ മുടിയനായ കാരണവര്‍ ആവശ്യപ്പെട്ടെങ്കിലും ഏറെ നാളായി ആ പേര് കേള്‍ക്കുന്നതേ ചതുര്‍ഥിയായ സഖാവ് ആ വഴിയേ ചിന്തിച്ചത് കൂടെയില്ല.

യുഡിഎഫിന്‍റെ ആസ്ഥാന ശകുനിയായ പിസി ജോര്‍ജ്ജിന്‍റെ അഭിപ്രായവും വ്യത്യസ്തമായില്ല. ഉമ്മച്ചനെ പ്രതി സ്ഥാനത്ത് നിര്‍ത്തിയ അദ്ദേഹം കരുണാകരന്‍റെയും നമ്പി നാരായണന്‍റെയും അനുഭവം തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ പരസ്പര വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഉമ്മച്ചനും മാണിച്ചായനും ചാനല്‍ ക്യാമറകളെ പോലും പുളകം കൊള്ളിച്ചു. തനിക്ക് സുധീരനെക്കാള്‍ വിശ്വാസം മാണിക്യത്തെയാണെന്നും അദ്ദേഹം ശരിക്ക് തങ്കപ്പനല്ല പൊന്നപ്പനാണ്എന്നു പറയാനും മുഖ്യന്‍ മടിച്ചില്ല. പിസി പറഞ്ഞത് പോലെ പ്രതിയാകുമെന്ന പേടി കൊണ്ടോ അല്ലെങ്കില്‍ ചെന്നിത്തല പോലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ടോ ഒരു തരത്തിലുള്ള അന്വേഷണവും നടത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വിവാദം പടരുമ്പോഴും ബാറില്‍ വീണുപോയ മാണിക്യത്തെ ഇനിയും കണ്ടെടുത്തിട്ടില്ല എന്നറിയുന്നു. കണ്ടു കിട്ടുന്നവര്‍ അത് അടുത്തുള്ള ഏതെങ്കിലും ചാനല്‍ ഓഫീസിലോ അല്ലെങ്കില്‍ പന്ന്യന്‍ സഖാവിനെയോ ഏല്‍പ്പിക്കാന്‍ താല്‍പര്യപ്പെടുന്നു. പേയ്മെന്‍റ് സീറ്റിന്‍റെ കാര്യത്തില്‍ ഏറെ പേരുദോഷം കേള്‍പ്പിച്ചെങ്കിലും മാണിക്യത്തെ ഏറ്റെടുക്കില്ലെന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചു തന്നെയാണ്. സഖാവ് അത് ഉത്തരവാദപ്പെട്ട ഏതെങ്കിലും കേന്ദ്രങ്ങളില്‍ എത്തിക്കുമെന്ന് ആശിക്കാം.

[My article published in British Pathram]

 


Image credit

Economic Times

Leave a Comment

Your email address will not be published. Required fields are marked *