Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കോണ്‍ഗ്രസ്സിന് ശനിദശ

Share this post

കോണ്‍ഗ്രസ്സിന് ശനിദശ 1

കോണ്‍ഗ്രസ്സിന് ഇത് കഷ്ടകാലമാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഗ്രഹപ്പിഴ ഒഴിഞ്ഞു എന്നു കരുതിയെങ്കിലും ആ ശനിദശ ഇപ്പോഴും പാര്‍ട്ടിയെ വിടാതെ പിന്തുടരുകയാണ്. അടുത്തിടെ നടന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭരണം നഷ്ടപ്പെടുകയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത കോണ്‍ഗ്രസ്സിന് ഏറ്റവും ഒടുവിലത്തെ അടി കിട്ടിയത് തമിഴ്നാട്ടില്‍ നിന്നാണ്. മുന്‍ കേന്ദ്രമന്ത്രിയും ജികെ മൂപ്പനാരുടെ മകനുമായ ജികെ വാസന്‍ അനുയായികള്‍ക്കൊപ്പം പാര്‍ട്ടി വിട്ടത് കഴിഞ്ഞ ദിവസമാണ്. കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന ചില നേതാക്കളും ആകെയുള്ള അഞ്ച് എംഎല്‍എ മാരില്‍ മൂന്നു പേരും വാസന്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജികെ മൂപ്പനാര്‍ സ്ഥാപിച്ച തമിഴ് മാനില കോണ്‍ഗ്രസ്സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് പി ചിദംബരവും ജികെ വാസനും. ടിഎംസി 2002ല്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചെങ്കിലും സ്വന്തം പാര്‍ട്ടിയുമായി മുന്നോട്ട് പോയ ചിദംബരം 2004ലാണ് മടങ്ങിയെത്തിയത്. പക്ഷേ വളരെ വേഗം കേന്ദ്ര നേതൃത്വത്തിന്‍റെ വിശ്വാസം പിടിച്ചു പറ്റിയ അദ്ദേഹം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ ഗണത്തിലേക്ക് ഉയര്‍ന്നതോടെ വാസന് പിന്‍നിരയില്‍ ഒതുങ്ങേണ്ടി വന്നു. ഇരുവരുടെയും ഗ്രൂപ്പ് പോര് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ഏറെ തലവേദന ഉണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് അംഗത്വ ഫോമില്‍ നിന്ന്‍ കാമരാജിന്‍റെയും മൂപ്പനാരുടെയും ചിത്രങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് വാസന്‍ പാര്‍ട്ടി വിട്ടതെങ്കിലും ചിദംബരത്തിന് ഡല്‍ഹിയില്‍ ലഭിക്കുന്ന സ്വീകാര്യതയില്‍ അദ്ദേഹം ഏറെ നാളായി അസ്വസ്ഥനായിരുന്നു.

തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് അടുത്ത കാലത്തൊന്നും ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് വാസന് നന്നായറിയാം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് മല്‍സരിച്ച കോണ്‍ഗ്രസ്സിന് 4.3 ശതമാനം വോട്ടാണ് കിട്ടിയത്. കോണ്‍ഗ്രസ് വിട്ടു പുറത്തുവന്നാല്‍ പണ്ട് അച്ഛന്‍ ചെയ്തത് പോലെ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കാമെന്നും അധികാരം പങ്കിടാമെന്നും വരെ അദ്ദേഹം കണക്കു കൂട്ടുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്‍റെ സ്ഥിതി ആശാവഹമല്ല. തെലുങ്കാന രൂപീകരണത്തോടെ ആന്ധ്ര പ്രദേശിലെ മിക്ക നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു. തെലുഗുദേശം അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പില്‍ മുന്‍ ഭരണപക്ഷമായ കോണ്‍ഗ്രസ് നിലം തൊട്ടതേയില്ല. തെലുങ്കാന രൂപീകരിച്ചാല്‍ ടിആര്‍എസ് കോണ്‍ഗ്രസ്സില്‍ ലയിക്കുമെന്ന് ചന്ദ്രശേഖര റാവു നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും കാറ്റ് മാറി വീശുന്നതറിഞ്ഞു അദ്ദേഹം കളം മാറ്റി ചവിട്ടിയതോടെ ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തീര്‍ത്തും ഒറ്റപ്പെട്ടു. വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തോടെയാണ് ആന്ധ്രയില്‍ പാര്‍ട്ടി തിരിച്ചടികളെ നേരിട്ടു തുടങ്ങിയത്. പിതാവിന്‍റെ മാതൃകയില്‍ സംസ്ഥാന ഭരണം കയ്യാളാന്‍ വൈഎസ്ആറിന്‍റെ മകന്‍ ജഗന്‍ മോഹന്‍ ആശിച്ചെങ്കിലും ഹൈക്കമാന്‍റ് വിലങ്ങു തടിയായതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ടതും വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി ചുരുങ്ങിയ കാലത്തിനുള്ളില്‍ മാതൃ സംഘടനയെ നിലം പരിശാക്കിയതും ഇന്ന്‍ ചരിത്രം.

നെഹ്രു കുടുംബത്തിന്‍റെ അപ്രമാദിത്വവും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ കൂടിയാണ് ഇന്ന്‍ കോണ്‍ഗ്രസ് കടന്നു പോകുന്നത്. ചരിത്രത്തില്‍ ആദ്യമായി ലോക്സഭയില്‍ അമ്പതില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങിയതോടെ രാഹുലിന് പകരം പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന ആവശ്യം പാര്‍ട്ടിയോട് ബന്ധപ്പെട്ട് നില്‍ക്കുന്ന പലരും ഉന്നയിച്ചിരുന്നു. തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും തോല്‍വി ആവര്‍ത്തിച്ചതോടെ വിമര്‍ശകരുടെ ആവശ്യത്തിന് മൂര്‍ച്ച കൂടി. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ ഉള്‍വലിഞ്ഞു നടക്കുന്ന രാഹുലിന്‍റെ ശൈലിയാണ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയതെന്ന് പല മുതിര്‍ന്ന നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. നരേന്ദ്ര മോദിക്ക് ശക്തനായ ഒരു എതിരാളിയാകാനോ വികസനകാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കാനോ കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

നെഹ്രു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ കോണ്‍ഗ്രസ്സിനെ നയിക്കുമെന്ന് അടുത്തിടെ പി ചിദംബരം പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെതിരായ വികാരം രൂപപ്പെടുന്നതിന്‍റെ സൂചനയാണ്. സോണിയയും രാഹുലും മുന്‍കയ്യെടുത്ത് പാര്‍ട്ടിയില്‍ കൊണ്ടുവന്ന ശശി തരൂരും അടുത്തിടെ ബിജെപി അനുകൂല പരാമര്‍ശങ്ങളുമായി നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരുന്നു. കെപിസിസിയുടെ ശുപാര്‍ശ പ്രകാരം പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്ന്‍ നീക്കിയെങ്കിലും അദ്ദേഹം മോദി സ്തുതി നിര്‍ത്താത്തത് കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഒരുപോലെ അലോസരമുണ്ടാക്കുന്നു.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പമുണ്ടായിരുന്ന സഖ്യകക്ഷികളില്‍ പലതും പിന്നീട് മുന്നണി വിട്ടു. കേരളത്തിന് പുറത്ത് ചൂണ്ടിക്കാണിക്കാന്‍ ശക്തനായ ഒരു സുഹൃത്ത് ഇല്ലാത്തത് സമീപ ഭാവിയില്‍ കോണ്‍ഗ്രസ്സിന്‍റെ തിരിച്ചുവരവ് അസാധ്യമാക്കുന്നു. മൂന്നു വട്ടം തുടര്‍ച്ചയായി ഭരിച്ച ഡല്‍ഹിയില്‍ അടുത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിത്രത്തിലേ ഇല്ല എന്നു പറയാം. ബിജെപിയും ആം ആദ്മിയും തമ്മിലുള്ള മല്‍സരമായാണ് കടുത്ത കോണ്‍ഗ്രസ് അനുഭാവികള്‍ പോലും തിരഞ്ഞെടുപ്പിനെ കാണുന്നത്. ഡല്‍ഹി, ആന്ധ്ര, തെലുങ്കാന, ബംഗാള്‍, മധ്യപ്രദേശ്, ഒറീസ, ഉത്തര്‍ പ്രദേശ് തുടങ്ങിയ പഴയ ശക്തി കേന്ദ്രങ്ങളില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന മികച്ച ഒരു നേതാവില്ലാത്തത് പാര്‍ട്ടിയെ ശരിക്ക് വലയ്ക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെ എത്രകണ്ട് അതിജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസ്സിന്‍റെ ജയത്തിലേക്കും അധികാരത്തിലേക്കുമുള്ള തിരിച്ചുവരവ്.

[My article published in British Pathram]

 


Share this post