ഇന്ത്യ ഏകാധിപത്യത്തിലേക്ക്

ഇന്ത്യ ഏകാധിപത്യത്തിലേക്ക് 1

 

അങ്ങനെ മോദി അധികാരത്തിലെത്തി. ചരിത്രത്തിലാദ്യമായാണ് അയല്‍പക്കത്തുള്ള ഭരണാധികാരികളെയെല്ലാം സാക്ഷി നിര്‍ത്തി ഒരു ഇന്ത്യന്‍ നേതാവ് ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ്ങ്, സുഷമ സ്വരാജ്, ഉമാ ഭാരതി എന്നീ പ്രമുഖ നേതാക്കളുള്‍പ്പടെ 45 പേരാണ് മോദിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. അദ്വാനി പക്ഷത്തെ പ്രമുഖനും ആര്‍എസ്എസിന്‍റെ കണ്ണിലുണ്ണിയുമായ മുരളി മനോഹര്‍ ജോഷിയെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

മോദി വിരുദ്ധ ക്യാമ്പിലെ പ്രമുഖരായ സുഷമ സ്വരാജിന് വിദേശകാര്യവും ഉമാ ഭാരതിക്ക് ജലവിഭവവും ഗംഗ നദിയുടെ പുനരുദ്ധാരണവും നല്‍കിയെങ്കിലും അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ് സിങ്ങുമാണ് മന്ത്രിസഭയിലെ താരങ്ങളായത്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും രാജ്യസഭാംഗമായ ജെയ്റ്റ്ലിക്ക് ധനകാര്യവും പ്രതിരോധവും കിട്ടി. പാര്‍ട്ടി പ്രസിഡന്‍റായിരുന്ന രാജ്നാഥിന്‍റെ പേരില്‍ ആഭ്യന്തരം കൂടി മോദി കയ്യാളും. പ്രതിരോധവും അധികം താമസിയാതെ അദ്ദേഹം തന്നെ ഏറ്റെടുത്തേക്കും.

നമോ മന്ത്രമാണ് ഇത്ര മികച്ച വിജയം പാര്‍ട്ടിക്ക് സമ്മാനിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്‍റെ പരിണിതഫലം താമസിയാതെ തന്നെ മറ്റു ഭരണപക്ഷ നേതാക്കള്‍ അനുഭവിച്ചു തുടങ്ങും. മന്ത്രിമാരെക്കാള്‍ സൂപ്പര്‍ പവറുള്ള പിഎംഒയാണ് അണിയറയില്‍ ഒരുങ്ങുന്നത്. നേരിട്ട് തിരഞ്ഞെടുത്ത പ്രഗത്ഭരായ ഉദ്യോഗസ്ഥര്‍ വഴി മോദി ഓരോ വകുപ്പിന്‍റെയും കാര്യങ്ങള്‍ നിയന്ത്രിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ സമര്‍ത്ഥരായ ഒരു കൂട്ടം ബ്യൂറോകാറ്റുകളെ അദ്ദേഹം വിശ്വസ്തവൃന്ദത്തില്‍ കൂടി വളര്‍ത്തിയെടുത്തിട്ടുണ്ട്. അവരില്‍ ചിലര്‍ ഇനി ഡല്‍ഹിയിലുമെത്തും. എങ്കിലും ഗാന്ധിനഗറിലെ കാര്യങ്ങള്‍ കൈവിട്ട് കളയാന്‍ അദ്ദേഹം തയ്യാറാവില്ല. ഏറ്റവും അടുപ്പമുള്ള ആനന്ദി ബെന്‍ പട്ടേലിനെ തന്നെ മോദി അവിടെ മുഖ്യമന്ത്രിയായി അവരോധിച്ചത് അതിന്‍റെ ഭാഗമായാണ്.

സംസ്ഥാനത്ത് ബിജെപിക്ക് നേതാക്കള്‍ അനവധിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും കാര്യങ്ങള്‍ തിരുമാനിച്ചിരുന്നത് മോദി ഒറ്റയ്ക്കാണ്. കലാപത്തിന്‍റെ പേരില്‍ അദ്ദേഹം മാത്രം പഴി കേട്ടതും വെറുതെയല്ല. എതിര്‍ക്കാന്‍ ശ്രമിച്ച മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലും സഞ്ജയ് ജോഷിയുമടക്കം പല പ്രമുഖരും പാര്‍ട്ടിക്ക് പുറത്തായി. പട്ടേല്‍ അടുത്തിടെ തിരിച്ചെത്തിയെങ്കിലും ജോഷി ഇപ്പൊഴും പടിക്കു പുറത്തു തന്നെയാണ്. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ഉമ ഭാരതിയും നിലം തൊടാതെ മാതൃ സംഘടനയില്‍ തിരിച്ചെത്തി.

സീറ്റ് കിട്ടാത്തതിന്‍റെ പേരില്‍ മോദിയെ വിമര്‍ശിച്ച് തിരഞ്ഞെടുപ്പുകാലത്ത് ബിജെപി വിട്ട ജസ്വന്ത് സിങ്ങും ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഗുജറാത്തിലെ പോലെ തന്നെ ദേശീയ തലത്തിലും പാര്‍ട്ടിയില്‍ ഇനി മോദി വിചാരിക്കുന്നതിനപ്പുറം ഒന്നും നടക്കില്ല. അടുത്ത രാഷ്ട്രപതിയാകണമെങ്കില്‍ അദ്വാനിയും പഴയ ശിഷ്യന്‍ പറയുന്നതിനനുസരിച്ച് നില്‍ക്കേണ്ടി വരും. അല്ലാത്തപക്ഷം പ്രധാനമന്ത്രി സ്ഥാനം പോലെ രാജ്യത്തിന്‍റെ പരമോന്നത പദവും അദ്ദേഹത്തിന് സ്വപ്നമായി അവശേഷിക്കും.

narendra modi

ഭരണത്തലവന്‍ എന്ന നിലയില്‍ മറ്റു വകുപ്പുകളില്‍ ഇടപെടുന്നതിന് നരേന്ദ്ര മോദിയ്ക്ക് അവകാശമുണ്ട്. അദ്ദേഹത്തെ ഉയര്‍ത്തിക്കാണിച്ചാണ് ബിജെപി വോട്ട് തേടിയതും വിജയിച്ചതും. അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്‍റെ കടമയാണ്. മന്‍മോഹന്‍ സിങിനെ പോലെ കാഴ്ചക്കാരനായിരിക്കാന്‍ മോദി ഒരിക്കലും തയാറാകില്ല. ജനപ്രതിനിധികളായ തങ്ങള്‍ക്ക് മുകളില്‍ ബ്യൂറോകാറ്റുകളെ പ്രതിഷ്ഠിക്കുന്നത് പക്ഷേ ഭരണമുന്നണിയിലെ മറ്റ് നേതാക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും എന്നുറപ്പാണ്.

അധികാരമേല്‍ക്കും മുമ്പു തന്നെ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് കഴിയും എന്ന്‍ മോദി തെളിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രജപക്ഷയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നതിനെ തമിഴ്നാട്ടിലെ സുഹൃത്തുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം വകവച്ചില്ല.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഡിഎംകെയെ പേടിച്ച് മന്‍മോഹന്‍ ശ്രീലങ്കന്‍ നയത്തില്‍ പലവട്ടം വെള്ളം ചേര്‍ത്തിരുന്നു. ഇന്ത്യക്കു ശക്തമായ നേതൃത്വമില്ലെന്ന തോന്നല്‍ അതോടെ അയല്‍പക്കത്തുണ്ടായി. പാക്കിസ്ഥാന്‍റെ കാര്യത്തിലും സംഭവിച്ചത് മറിച്ചല്ല. എന്നാല്‍ കഴിഞ്ഞ ദിവസം നവാസ് ഷെറീഫിനെ ക്ഷണിക്കുന്നതിനെ സഖ്യകക്ഷിയായ ശിവസേന എതിര്‍ത്തെങ്കിലും നരേന്ദ്ര മോദി പിന്‍മാറിയില്ല.

സാധാരണ ഇത്തരം വിഷയങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കാറുള്ള ബിജെപിയിലെ തീവ്ര ചിന്താഗതിക്കാരും സംഘ പരിവാറുമെല്ലാം പ്രശ്നത്തില്‍ മൌനം പാലിച്ചു. നമോ യുഗത്തില്‍ അദ്ദേഹത്തിന് അപ്രിയമായത് ചിന്തിക്കുക പോലും ചെയ്യില്ലെന്ന് തിരുമാനിച്ച മട്ടിലാണ് അവര്‍. ചുരുക്കത്തില്‍ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ ജയത്തിലൂടെ ഭരണപക്ഷത്ത് ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മാറിയിരിക്കുന്നു നരേന്ദ്ര ദാമോദര്‍ദാസ് മോദി.

narendra modi

പ്രതിപക്ഷത്തിന്‍റെ അവസ്ഥയും പരിതാപകരമാണ്. ലോക്സഭയില്‍ ഇരുന്നൂറോളം സീറ്റുകള്‍ പ്രതിപക്ഷ നിരയില്‍ ഉണ്ടെങ്കിലും ഒരു കാര്യത്തിലും അവര്‍ക്ക് അഭിപ്രായ ഐക്യമുണ്ടാകില്ല. ഓരോരോ വിഷയങ്ങളിലും അവര്‍ മാറിമാറി ബിജെപി സര്‍ക്കാരിനെ സഹായിക്കും. വിദേശ നിക്ഷേപത്തിന്‍റെയോ ഉദാരവല്‍ക്കരണത്തിന്‍റെയോ കാര്യം വന്നാല്‍ കോണ്‍ഗ്രസ് കണ്ണടച്ച് പിന്തുണയ്ക്കും. മറിച്ച് യുപിഎ സര്‍ക്കാരിന്‍റെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചാല്‍ ഇടതുപക്ഷം ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണയും മോദിക്ക് പ്രതീക്ഷിക്കാം. എന്നാല്‍ രാജ്യസഭയിലെ ഭൂരിപക്ഷം ഉയര്‍ത്തിക്കാണിച്ച് ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ നിശ്ചയിച്ചാല്‍ ഭരണപക്ഷം വിഷമിക്കും. എതിരാളികളുടെ ഏത് ആയുധത്തെയും മറികടക്കാന്‍ കഴിവുള്ള മോദിയുടെ തന്ത്രങ്ങളിലാണ് ബിജെപി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലെയും സെക്രട്ടേറിയറ്റുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശാഖ തുടങ്ങുമെന്ന് മോദി ക്യാമ്പ് പറയുന്നുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കും വേണ്ടി ഡല്‍ഹിയിലേക്ക് വിമാനം കയറുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പതിവ് രീതി അതോടെ ഇല്ലാതാകും. ഓരോ ഐഎഎസ് ഉദ്യോഗസ്ഥനും അതാത് ഓഫീസുകളുടെ ചുമതലയിലുണ്ടാകും. കേന്ദ്ര സഹായത്തിനു വേണ്ടി അതാത് ഓഫീസുകളില്‍ ബന്ധപ്പെട്ടാല്‍ മതി. ശ്ലാഘനീയമായ നടപടിയാണെങ്കിലും സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ചില പാര്‍ട്ടികളില്‍ നിന്ന്‍ ഇതിനകം എതിര്‍പ്പ് ഉയര്‍ന്നു വന്നിട്ടുണ്ട്.

ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച കാര്യങ്ങളാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ തുടക്കത്തില്‍ മോദി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ഒരു സംസ്ഥാനം പോലെയല്ല ഒരു രാഷ്ട്രം. അവിടെ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടാകും. ഗുജറാത്തില്‍ പ്രതിപക്ഷമേ ഉണ്ടായിരുന്നില്ല. എന്നാല്‍ മുപ്പത്തി മുക്കോടി പാര്‍ട്ടികളും വിവിധ ജാതി മത സംഘടനകളുമാണ് സ്വതന്ത്ര സുന്ദര ഭാരതത്തിലുള്ളത്. അവരെയെല്ലാം തൃപ്തിപ്പെടുത്തി മുന്നോട്ടു പോകുക അത്ര എളുപ്പമല്ല. ഇവിടെയാണ് നരേന്ദ്ര മോദി എന്ന ഭരണാധികാരി കഴിവ് തെളിയിക്കേണ്ടത്. ജനോപകാരത്തിന് വേണ്ടിയാണെങ്കില്‍ സ്വല്‍പ്പം മുഷ്ക്ക് കാണിച്ചാലും കുഴപ്പമില്ല. കാരണം വിവിധ ജാതികളുടെയും നേതാക്കളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് തട്ടികളിക്കാനുള്ള കളിപ്പാവയായി മാറിയിരിക്കുന്നു നമ്മുടെ രാജ്യത്തെ ജനാധിപത്യം. അതുകൊണ്ട് ഏകാധിപത്യമാണ് കുറെക്കൂടി നല്ലത്.

വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ ജനങ്ങളായി കാണാന്‍ കഴിയുന്നതും അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നതുമായ നല്ല ഏകാധിപത്യം. പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നതിനൊപ്പം വര്‍ഗ്ഗ നിറ വ്യത്യാസങ്ങള്‍ക്ക് അതീതമായി നാമെല്ലാം ഇന്ത്യക്കാരാണെന്ന ബോധം എല്ലാവരിലും വളര്‍ത്തിയെടുക്കാനും അതിനു കഴിയണം.


The End

[My article originally published in British Pathram on 27.05.2014]

Leave a Comment

Your email address will not be published. Required fields are marked *