ഏപ്രില്‍ ഫൂള്‍ – അനുഭവം

april fool

രാജഗോപാല്‍ നാട്ടില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ്‌. നാല്‍പ്പത്തഞ്ചിനു മുകളില്‍ പ്രായം. പരിസരത്തുള്ള എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ രാജേട്ടനെന്നേ വിളിക്കൂ. ഭാര്യയും അഞ്ചിലും ഏഴിലുമായി പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം.

ചേര്‍ത്തലയ്ക്കടുത്തുള്ള മരുത്തോര്‍വട്ടം എന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. അന്ന് ഞങ്ങള്‍ അവിടെ പുതിയ സ്ഥലം വാങ്ങി വീടു വച്ച സമയമാണ്. രാജേട്ടന്‍റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ മുന്‍കയ്യെടുത്താണ് അദ്ദേഹത്തിന്‍റെ അയല്‍പക്കത്ത് ഞങ്ങള്‍ക്ക് സ്ഥലം തരപ്പെടുത്തിയത്. അതോടെ കൃഷ്ണേട്ടന്‍റെ കുടുംബവുമായി ഞങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ടായി.

കൃഷ്ണേട്ടന്‍ സരസനും കൊച്ചു കുട്ടികളോട് പോലും കൂട്ടു കൂടുന്ന സ്വഭാവക്കാരനുമായിരുന്നുവെങ്കില്‍ നേരെ തിരിച്ചാണ് മകന്‍റെ സ്വഭാവം. അളന്നു മുറിച്ച സംസാരം. പക്ഷേ ശുദ്ധനാണ്. ആദ്യം മുതല്‍ ഞാന്‍ അദ്ദേഹത്തെ ഖദര്‍ വേഷത്തിലേ കണ്ടിട്ടുള്ളു. അച്ഛനും മകനും ഉറച്ച കോണ്‍ഗ്രസ്സുകാരാണ്. കൃഷ്ണേട്ടന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വരെയായിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ ജീവിതം വിട്ട് നിസ്വാര്‍ത്ഥ പൊതു പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. നിയമ പഠനം പാതി വഴിയില്‍ നിര്‍ത്തി രാഷ്ട്രീയത്തിലിറങ്ങിയ രാജേട്ടന്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ പാര്‍ട്ടിയുടെ ബ്ലോക്ക് പ്രസിഡന്‍റ് പദവിയിലെത്തി.

“ഏത് സമയവും രാഷ്ട്രീയം കളിച്ചാ രാജന്‍റെ നടപ്പ്. ഒരു കുടുംബമായി കഴിഞ്ഞാല്‍ കുറച്ചൊക്കെ അവരുടെ കാര്യവും നോക്കണ്ടേ ? പോരാത്തതിന് രണ്ടു പെണ്മക്കളാ വളര്‍ന്നു വരുന്നത്. ഞാന്‍ ഉള്ള കാലത്തോളം അവര്‍ക്ക് ഒരു കുറവും വരില്ല. പക്ഷേ അതു കഴിഞ്ഞാല്‍………………… ” ഒരു ഒഴിവു സമയം വീട്ടില്‍ വന്നപ്പോള്‍ കൃഷ്ണേട്ടന്‍ മനസ് തുറന്നു. എന്‍റെ അച്ഛനും അദ്ദേഹവും അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം വീട്ടില്‍ വരാറുണ്ട്. പ്രായം എഴുപതിനടുത്ത് ഉണ്ടെങ്കിലും ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളും സേവനങ്ങളുമായി സജീവമാണ് കൃഷ്ണേട്ടന്‍റെ ജീവിതം.

“സ്കൂളിന്‍റെ കാര്യമെങ്കിലും ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. പക്ഷേ അതുമില്ല. രമയ്ക്കാണെങ്കില്‍ ഇപ്പോഴും അവിടത്തെ കാര്യങ്ങളെ കുറിച്ച് വലിയ പിടിയൊന്നുമില്ല. പിന്നെ ഞാനും സുകുമാരനും ഉള്ളതു കൊണ്ട് ഒരു വിധത്തില്‍ മുന്നോട്ട് പോകുന്നുണ്ട്. സുകു പ്യൂണാണെങ്കിലും എല്ലാം അറിയാം. പക്ഷേ രണ്ടു മാസം കൂടി കഴിഞ്ഞാല്‍ അയാള്‍ റിട്ടയര്‍ ആകും. അതോര്‍ക്കുമ്പോഴാ എനിക്ക് വിഷമം. ” അദ്ദേഹം തുടര്‍ന്നു.

അടുത്തുണ്ടായിരുന്ന സ്റ്റീല്‍ പാത്രത്തില്‍ ബാക്കി വന്ന ചായ കൃഷ്ണേട്ടന്‍ ഗ്ലാസിലേക്ക് പകര്‍ന്നു. അദ്ദേഹത്തിന് ചായ ഒരുപാട് ഇഷ്ടമാണ്. എത്ര കൊടുത്താലും കുടിക്കും. അതുകൊണ്ട് അദ്ദേഹം വരുമ്പോഴൊക്കെ അമ്മ ചായ കൂടുതല്‍ ഉണ്ടാക്കി ഒരു പാത്രത്തിലാക്കി മുന്നില്‍ വയ്ക്കുന്നതാണ് പതിവ്. മധുരവും കടുപ്പവും കുറച്ചധികം വേണമെന്ന നിര്‍ബന്ധം മാത്രമേ കൃഷ്ണേട്ടനുള്ളു. ഇനി അഥവാ കുറഞ്ഞാലും പരാതിയൊന്നും പറയില്ല. സമകാലിന വിഷയങ്ങളും നേരംപോക്കുകളുമായി മണിക്കൂറുകള്‍ നീളുന്ന സംഭാഷണത്തിനിടയ്ക്ക് പലപ്പോഴായി അത് കുടിച്ചു തീര്‍ക്കും. അപ്പോഴേക്കും ചായ തണുത്ത് പച്ചവെള്ളം പോലെ ആയിട്ടുണ്ടാകും. പക്ഷേ അതൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല.

കൃഷ്ണേട്ടന് വീടിനടുത്ത് തന്നെ സ്വന്തമായി ഒരു എയ്ഡഡ് സ്കൂളുണ്ട്. മരുമകള്‍ രമ അവിടത്തെ മലയാളം ടീച്ചറാണ്. പക്ഷേ ഭരണപരവും സര്‍വിസ് സംബന്ധവുമായ കാര്യങ്ങള്‍ക്ക് കൃഷ്ണേട്ടന്‍ തന്നെ മുന്നിട്ടിറങ്ങണം എന്നതാണ് സ്ഥിതി. എന്‍റെ പിതാവ് വിദ്യാഭ്യാസ വകുപ്പിലായത് അദ്ദേഹത്തിന് വലിയൊരാശ്വാസമായിരുന്നു. വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി ഏത് സമയത്തും സമീപിക്കാം.

“രാജനോട്‌ ഞാന്‍ സംസാരിക്കണോ ? ” : എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു.

“അതിലൊന്നും കാര്യമില്ലെന്നേ. നന്നാവണമെന്ന് ആദ്യം അവനവന്‍ വിചാരിക്കണം. അന്ന് അവന്‍ കോഴ്സ് ഇടയ്ക്കു വച്ച് നിര്‍ത്തിയപ്പോള്‍ എന്‍റെ ചങ്ക് എത്രമാത്രം പിടച്ചെന്നറിയാമോ ? എല്‍.എല്‍.ബി എടുത്തിരുന്നെങ്കില്‍ ഇന്നെവിടെ എത്തേണ്ടവനായിരുന്നു ? ഇപ്പോഴത്തെ ഹരിപ്പാട് എം.എല്‍.എ സതീശന്‍ ലോ കോളേജില്‍ രാജന്‍റെ രണ്ടു വര്‍ഷം ജൂനിയറായിരുന്നു. പക്ഷേ അവരൊക്കെ ജീവിതം പഠിച്ചവരാ. അതുപോലെ ഇവനും പഠിച്ചോളും. ” കൃഷ്ണേട്ടന്‍ പോകാനായി എഴുന്നേറ്റു.

Read  സ്കൂള്‍ ഡയറി

വീട്ടില്‍ എന്തു തന്നെയായാലും നാട്ടില്‍ മിക്കവര്‍ക്കും രാജേട്ടനെ വലിയ ബഹുമാനമായിരുന്നു. ആരെയും സഹായിക്കും. ഒരു വലിയ സുഹൃത്ത് വലയം തന്നെ എപ്പോഴും കൂടെയുണ്ടാകും. അവരുടെ കൂടെയാണ് സദാ സഞ്ചാരം. രാഷ്ട്രീയത്തില്‍ സജീവമായതോടെ ശത്രുക്കളുടെ എണ്ണം കൂടിയെങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല.

കൃഷ്ണേട്ടന്‍ താമസിയാതെ മരിച്ചു. അതോടെ രാജേട്ടന് വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വന്നു. സ്കൂള്‍ ഉള്‍പ്പടെ രണ്ടര ഏക്കര്‍ സ്ഥലമാണ് അദ്ദേഹത്തിന്‍റെ വീടിനു ചുറ്റുമുള്ളത്. സ്കൂളിനോട് ചേര്‍ന്ന് കുറച്ചു സ്ഥലം വെറുതെ കിടക്കുകയാണ്. അവിടെ എന്തെങ്കിലും കൃഷി ചെയ്യാന്‍ ആരോ അദ്ദേഹത്തെ ഉപദേശിച്ചു. അത് നല്ല ഒരു നിര്‍ദേശമാണെന്ന് തോന്നിയതോടെ രാജേട്ടന്‍ ആ സ്ഥലത്ത് വാഴവിത്തിറക്കി.

എന്‍റെ വീട്ടില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് പോകുന്ന റോഡ്‌ സൈഡിലാണ് സ്കൂളും വാഴക്കൃഷിയുമൊക്കെ ഉള്ളത്. വിളവെടുപ്പിന് തയാറാകുന്ന ഞാലിപ്പൂവനും നേന്ത്രയ്ക്കയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന വാഴത്തോട്ടം കാണേണ്ട കാഴ്ച തന്നെയാണ്. ആരും നോക്കി നിന്ന് പോകും.

മോട്ടോര്‍ ഉപയോഗിച്ച് തോട്ടം നനയ്ക്കാനും വളമിടാനുമൊക്കെ പ്രത്യേകം ആള്‍ക്കാരുണ്ട്. ഒഴിവു സമയങ്ങളില്‍ രാജേട്ടനും കുട്ടികളും അവരുടെ കൂടെ കൂടും. മാര്‍ച്ച് അവസാനമാണ്. വിഷുവിന് മുമ്പായി വിളവെടുക്കാം എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ആരോ പുറത്ത് ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ് ആ ദിവസം ഞാന്‍ ഉറക്കമുണര്‍ന്നത്. നോക്കിയപ്പോള്‍ പണിക്കാരന്‍ ചന്ദ്രനാണ്.

തലേന്ന് രാത്രി ആരൊക്കെയോ ചേര്‍ന്ന് രാജേട്ടന്‍റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ചുവത്രേ. കേട്ടപാടെ ഞാന്‍ മുഖം കഴുകിയെന്നു വരുത്തി, പല്ല് പോലും തേക്കാതെ റോഡിലേക്കിറങ്ങി.

ആ മനോഹരമായ കാഴ്ച ഇനിയില്ല. ഒന്നൊഴിയാതെ എല്ലാ വാഴകളും വെട്ടി നശിപ്പിച്ചിരിക്കുന്നു. മൂപ്പെത്താറായ വാഴക്കുലകള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുകയാണ്. ഏതോ സാമൂഹ്യ വിരുദ്ധര്‍ ഒപ്പിച്ച പണിയാണ്. അത് കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. എത്രയോ പേരുടെ അദ്ധ്വാനവും പ്രതിക്ഷകളുമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. ഒരു പക്ഷേ രാജേട്ടനോടുള്ള വിരോധം കൊണ്ട് ശത്രുക്കള്‍ ആരെങ്കിലും ചെയ്തതുമാകാം.

വിഷയം അറിഞ്ഞപാടെ കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ രാജേട്ടന്‍റെ സഹായികളില്‍ ഒരാള്‍ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു.

“ഹലോ, പോലിസ് സ്റ്റേഷനല്ലേ ? ഇത് രാമവിലാസം സ്കൂളില്‍ നിന്നാണ്. ഇന്നലെ രാത്രി ഇവിടത്തെ വാഴക്കൃഷി ആരോ നശിപ്പിച്ചിരിക്കുന്നു. അത്യാവശ്യമായി ഒന്നിവിടം വരെ വരണം. ” : സഹായി പറഞ്ഞു.

“പ് ഫ #$#$% മോനെ, നിര്‍ത്തടാ. നീ ആരോടാ ഈ കളിക്കുന്നത് ? ഏപ്രില്‍ ഫൂളാണെന്ന് വച്ച് എന്ത് തോന്ന്യാസവും കാണിക്കാമെന്നായോ ? ഇത് ഇന്ന് മൂന്നാമത്തെ കോളാ, അവിടെ തീ പിടിച്ചു, ഇവിടെ മോഷണം നടന്നു എന്നൊക്കെ പറഞ്ഞു വരുന്നത്. എല്ലാം കഴിഞ്ഞിട്ട് അവന്‍ ഇപ്പോള്‍ വാഴക്കൃഷിയിലാ കേറി പിടിച്ചിരിക്കുന്നത്. ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ആരാടാ നിന്‍റെ അപ്പനാണോ സ്കൂള്‍ തുറന്നു വച്ചിരിക്കുന്നത് ? ” അത്രയും പറഞ്ഞു കഴിഞ്ഞ് മറുവശത്ത് നിന്ന് ഫോണ്‍ ക്രാഡിലില്‍ ഇടുന്ന ഒച്ച കേട്ടു.

അന്ന് ഏപ്രില്‍ ഒന്നാണെന്ന കാര്യം അപ്പോഴാണ്‌ എല്ലാവരും ഓര്‍ത്തത്. അത് മുന്‍കൂട്ടി കണ്ട് ആരോ മനപൂര്‍വ്വം ഒപ്പിച്ച പണിയാണെന്ന് വ്യക്തം. പിന്നീട് രാജേട്ടന്‍ സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പറഞ്ഞപ്പോഴാണ് അവര്‍ക്ക് സംഭവം സത്യമാണെന്ന് മനസിലായത്. പക്ഷെ ശത്രുക്കള്‍ പ്രബലന്മാരായത് കൊണ്ടോ അല്ലെങ്കില്‍ പോലിസിന്‍റെ നിഷ്ക്രിയത്വം കൊണ്ടോ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഇരുട്ടിന്‍റെ മറവില്‍ കുറ്റം ചെയ്തവര്‍ ഒരിക്കലും വെളിച്ചത്ത് വന്നില്ല. ഏതായാലും ആ ഒറ്റ സംഭവത്തോടെ രാജേട്ടന്‍ കൃഷി നിര്‍ത്തി ജനസേവനത്തിലേക്ക് മാത്രം ശ്രദ്ധ തിരിച്ചു.

ഇന്നും എവിടെയെങ്കിലും വാഴത്തോട്ടങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഈ പഴയ സംഭവം ഓര്‍ക്കാറുണ്ട്.

The End

 

Leave a Comment

Your email address will not be published. Required fields are marked *