Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ആമേനിന്‍റെ സെര്‍ബിയന്‍ പശ്ചാത്തലം; അനുകരണത്തിന്‍റെ ഒടുവിലത്തെ അദ്ധ്യായം

Share this post

ആമേനിന്‍റെ സെര്‍ബിയന്‍ പശ്ചാത്തലം; അനുകരണത്തിന്‍റെ ഒടുവിലത്തെ അദ്ധ്യായം 1“വന്നു വന്ന്‍ അങ്ങ് സെര്‍ബിയയില്‍ നിന്നു പോലും ഒരു സിനിമ മോഷ്ടിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് മലയാളത്തില്‍”. ഇത് അടുത്ത കാലത്ത് ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു തമാശയാണ്. ആമേന്‍ എന്ന പുതിയ മലയാള സിനിമയെ കുറിച്ച് ഉയര്‍ന്ന ചില ആരോപണങ്ങളാണ് ഇങ്ങനെയൊരു സംശയത്തിന്‍റെ അടിസ്ഥാനം.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് ഫഹദ് ഫാസിലും ഇന്ദ്രജിത്തും അഭിനയിച്ച ആമേന്‍ ഈ വര്‍ഷത്തെ   ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. കുട്ടനാട്ടിലെ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ പറഞ്ഞ സോളമന്‍റെയും   ശോശന്നയുടെയും   പ്രണയ കഥ പ്രേക്ഷകരും മാധ്യമങ്ങളും ഒരു പോലെ നെഞ്ചിലേറ്റി. സൂപ്പര്‍താരങ്ങളുടെ കോടികള്‍ മുടക്കിയുള്ള  കോപ്രായങ്ങള്‍ക്കിടയില്‍ ആമേന്‍ എല്ലാ അര്‍ഥത്തിലും ഒരാശ്വാസമായിരുന്നു. കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള  ജീവിതവും   കഥാസന്ദര്‍ഭങ്ങളുമൊക്കെ  ഏറെ കാലത്തിനു ശേഷമാണ് നമ്മുടെ തിയറ്ററുകള്‍ കണ്ടത്.

2007 ല്‍ പുറത്തിറങ്ങിയ സെര്‍ബിയന്‍ ചിത്രമായ ഗുസ്താ ഡിസ്റ്റന്‍റ് ട്രംപറ്റ് എന്ന ചിത്രവുമായുള്ള സാമ്യമാണ് ഇപ്പോള്‍ ആമേന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. ആമേന്‍ പോലെ ഗുസ്തയും കായല്‍ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. കപ്യാരായ സോളമന്‍ പണക്കാരിയായ ശോശന്നയെ പ്രണയിക്കുന്നതും അവളെ സ്വന്തമാക്കാനായി ട്രംപറ്റ് മല്‍സരത്തില്‍ പങ്കെടുക്കുന്നതും അതില്‍ ജയിക്കുന്നതുമാണ് ആമേന്‍റെ കഥ. അതേ സമയം എതിര്‍ ട്രംപറ്റ് ട്രൂപ്പിലെ കാരണവരുടെ മകളെ പ്രണയിച്ച റോമിയോ എന്ന സാധുവായ  ട്രംപറ്റ് വായനക്കാരന്‍റെ   കഥയാണ് ഗുസ്ത പറയുന്നത്. അതിലും നായികയെ സ്വന്തമാക്കാന്‍ നായകന്‍ ട്രംപറ്റ് മല്‍സരത്തില്‍ പങ്കെടുക്കുന്നതു കാണാം.  അതില്‍ അയാള്‍ ജയിക്കുന്നിടത്താണ്  സിനിമ അവസാനിക്കുന്നത്.

കഥയും പശ്ചാത്തലവും മാത്രമല്ല ചില കഥാ സന്ദര്‍ഭങ്ങള്‍ വരെ ലിജോ യാതൊരു മാറ്റവും കൂടാതെ ആമേനില്‍ ചേര്‍ത്തിട്ടുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. രണ്ടു സിനിമകളിലും നായകന്‍മാര്‍  അന്തര്‍മുഖന്‍മാരും   മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഒരു വകയ്ക്കും   കൊള്ളാത്തവരുമാണ്.  ഇന്ദ്രജിത്തിന്‍റെ വികാരി വേഷമുള്‍പ്പടെ ചില ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ ഏതായാലുംസംവിധായകന്‍ മലയാളത്തില്‍ വരുത്തിയിട്ടുണ്ട്.

ആമേന്‍ മലയാള സിനിമയിലെ അനുകരണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണ് തുറന്നതെങ്കിലും സിനിമ എല്ലാ അര്‍ഥത്തിലും   നിലവാരം പുലര്‍ത്തി. നല്ല സിനിമകള്‍  എക്കാലത്തും  പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നതിന്‍റെ തെളിവ് കൂടിയാണ് ഈ കൊച്ചു ചിത്രത്തിന്‍റെ   വിജയം.

ജീവിത ഗന്ധിയായ നല്ല കഥകള്‍ ഏത് ഭാഷയില്‍ നിന്നാണെങ്കിലും മലയാളത്തില്‍ പുനസൃഷ്ടിക്കുന്നതില്‍ തെറ്റില്ല. മുമ്പ് പലരും അത് ചെയ്തിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ സൃഷ്ടാക്കള്‍ക്ക് ഒരു നന്ദിയോ കടപ്പാടോ പുതിയ സിനിമയുടെ ഏതെങ്കിലുംഘട്ടത്തില്‍ പറയണം.അതാണ് മാന്യത. പക്ഷേ ഇവിടെ ലിജോ അത് ചെയ്തിട്ടില്ല. അദ്ദേഹം മാത്രമല്ല ഇതിന് മുമ്പ് , തമിഴില്‍ നിന്നു തുടങ്ങി അങ്ങ് ഇറാനില്‍ നിന്നും കൊറിയയില്‍ നിന്നുമൊക്കെ കഥ പകര്‍ത്തിയിട്ടുള്ള നമ്മുടെ സംവിധായകര്‍  അത് തങ്ങളുടെ സ്വന്തം   സൃഷ്ടിയാണെന്നാണ് അവകാശപ്പെട്ടത്. അവര്‍ ഇനിയെങ്കിലും തെറ്റു തിരുത്തണം.  ഫിലിം ഫെസ്റ്റിവലുകളുടെ  ഭാഗമായി  നമ്മുടെ   നാട്ടിലെ  കുഗ്രാമങ്ങളില്‍  വരെ വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കാലമാണ്.  പ്രേക്ഷകര്‍ അതെല്ലാം കാണുകയും   കേള്‍ക്കുകയുംചെയ്യുന്നുണ്ട്. ചുരുക്കത്തില്‍, കള്ളത്തരം ചെയ്യുന്നവര്‍ പെട്ടെന്നു തന്നെ പിടിക്കപ്പെടും……………….


Share this post