Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മദ്യ നിരോധനമാണോ മദ്യ വര്‍ജ്ജനമാണോ വേണ്ടത് ?

Share this post

മദ്യ നിരോധനമാണോ മദ്യ വര്‍ജ്ജനമാണോ വേണ്ടത് ? 1

കേരളത്തിലെ മദ്യശാലകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചരിത്രത്തിന്‍റെ ഭാഗമായേക്കാം.. നക്ഷത്ര തിളക്കം കുറഞ്ഞ 730 ബാറുകളാണ് ഹൈക്കോടതി വിധിക്ക് വിധേയമായി അടച്ചുപൂട്ടലിന് തയ്യാറെടുക്കുന്നത്. അപ്പോഴും മറിച്ചൊരു തീരുമാനമുണ്ടായില്ലെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകളും സര്‍ക്കാര്‍ വക മദ്യഷോപ്പുകളും പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തനം തുടരും. സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലുമുള്ള ആയിരക്കണക്കിന് കള്ളുഷാപ്പുകള്‍ ഇതിന് പുറമേയാണ്.

സര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് അഭികാമ്യമെന്ന് നിഷ്പക്ഷമതികളായ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഭരണകൂടങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പാക്കിയ നിരോധനങ്ങള്‍ കടലാസ് പുലികളായി അവസാനം അവര്‍ക്ക് തന്നെ വിനയായി തീര്‍ന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ ഒരുപാടുണ്ട്. ലോക പോലീസായ അമേരിക്കയില്‍ നിന്ന്‍ തന്നെ തുടങ്ങാം. ഇന്നത്തെ പോലെ ഇറാനെയും റഷ്യയെയും വിറപ്പിക്കാന്‍ തുടങ്ങുന്നതിനു വളരെ മുമ്പാണ് അവര്‍ മദ്യ രാജാക്കന്മാരെ നിലയ്ക്ക് നിര്‍ത്താന്‍ ഇറങ്ങിത്തിരിച്ചത്. 1920ലായിരുന്നു അത്. വര്‍ദ്ധിച്ചു വന്ന മദ്യ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഫലമായി രാജ്യത്തിനകത്തെ മദ്യ ഉത്പാദനവും വിതരണവും ഉപയോഗവും സര്‍ക്കാര്‍ പൂര്‍ണ്ണമായി നിരോധിച്ചു. പക്ഷേ തീരുമാനം വിപരീത ഫലമാണ് ഉണ്ടാക്കിയത്. വ്യാജമദ്യത്തിനൊപ്പം മയക്കുമരുന്നിന്‍റെ ഉപയോഗവും ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടവും രാജ്യത്ത് വര്‍ദ്ധിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ 1933ല്‍ സര്‍ക്കാരിന് നിരോധനം പിന്‍വലിക്കേണ്ടി വന്നു. ഇപ്പൊഴും ലോകരാജ്യങ്ങളെ വരച്ച വരയില്‍ നിര്‍ത്തുന്ന അമേരിക്ക പിന്നീടൊരിക്കലും മദ്യത്തിനെതിരെ പടവാളെടുത്തിട്ടില്ല.

ഇന്ത്യയുടെ കാര്യമെടുത്താല്‍, ഗാന്ധിജിയുടെ നാടായ ഗുജറാത്തില്‍ 1948 മുതല്‍ മദ്യ നിരോധനം നിലവിലുണ്ട്. രാഷ്ട്രപിതാവിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിന്‍റെ ഭാഗമായി തുടങ്ങിയ നിരോധനം പിന്നിട് സ്ഥിരമായി മാറുകയായിരുന്നു. പക്ഷേ കുഗ്രാമങ്ങള്‍ മുതല്‍ അഹമ്മദാബാദ് പോലുള്ള വന്‍കിട നഗരങ്ങള്‍ വരെ വ്യാജമദ്യം സുലഭമാണ്. ഒന്നു ഫോണ്‍ വിളിച്ചാല്‍ ആവശ്യപ്പെടുന്ന ബ്രാന്‍റുമായി ഏജന്‍റുമാര്‍ വീട്ടിലെത്തും. വ്യാജ ചാരായമോ വിദേശ മദ്യമോ എന്തും ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‍ മദ്യം കടത്തിക്കൊണ്ടുവരുന്നവര്‍ക്കും പ്രാദേശിക വാറ്റുകാര്‍ക്കും പോലീസിന്‍റെ ഒത്താശ ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. മാസാമാസം നല്ല തുക കോഴയായി ലഭിക്കും എന്നതിനാല്‍ പോലീസും പ്രാദേശിക നേതാക്കളും മാഫിയയെ നേരിടാന്‍ വിമുഖത കാണിക്കുന്നു. വിവിധ സര്‍ക്കാര്‍ സര്‍വീസുകളിലെ അഴിമതി ഇല്ലാതാക്കുന്നതില്‍ വിജയിച്ച അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പക്ഷേ ഈ അവിശുദ്ധ കൂട്ടുകെട്ട് പൊളിക്കുന്നതില്‍ പരാജയപ്പെട്ടു.

മദ്യ നിരോധനം മൂലം ഗുജറാത്തിനുണ്ടാകുന്ന നഷ്ടം ചില്ലറയല്ല. പ്രതിവര്‍ഷം 4000 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഐടിയിലും വിനോദ സഞ്ചാര മേഖലയിലുമുണ്ടാകുന്ന തിരിച്ചടി ഇതിന് പുറമേയാണ്. വമ്പന്‍ വ്യവസായികളെ പട്ടുപരവതാനി നല്‍കി സ്വീകരിച്ച ബിജെപി സര്‍ക്കാര്‍ പക്ഷേ വ്യവസായത്തിനൊപ്പം വിനോദത്തിനും പ്രാധാന്യം നല്‍കുന്ന ഐടിയില്‍ നിന്ന്‍ നിക്ഷേപം സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. 1600 കിലോമീറ്റര്‍ തീരപ്രദേശമുള്ള ഗുജറാത്തിന് മറ്റൊരു ഗോവയാകാന്‍ കഴിയുമെങ്കിലും മദ്യം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ നിയന്ത്രണം മൂലമാണ് അതിനു കഴിയാത്തതെന്ന പ്രചരണം ശക്തമാണ്.

ലക്ഷദ്വീപ്, മണിപ്പൂരിന്‍റെ ചില ഭാഗങ്ങള്‍, നാഗാലാന്‍റ് എന്നിവിടങ്ങളിലും മദ്യ നിരോധനം നിലവിലുണ്ട്. നാഗാലാന്‍റില്‍ നിരോധനം പൂര്‍ണ്ണ പരാജയമാണെന്നും അതിനാല്‍ പിന്‍വലിക്കണമെന്നുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് ഏറെ നാളായി ആവശ്യപ്പെടുന്നത്. 2013ല്‍ നാഗാലാന്‍റ് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി നെയിഫിയും റിയോ നിരോധനം മൂലം സര്‍ക്കാരിനുണ്ടാകുന്ന ഭീമമായ നഷ്ടം തുറന്നു സമ്മതിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ബാറുകള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ദിമാപ്പൂരില്‍ പോലും സജീവമാണ്.

പഴയ മദ്രാസ് സംസ്ഥാനം, ഹരിയാന, തമിഴ്നാട്, ആന്ധ്ര പ്രദേശ്, മിസോറാം എന്നിവ നിരോധനം നടപ്പാക്കി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചവരാണ്. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വന്ന വ്യാജമദ്യ ദുരന്തങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യ കടത്തുമാണ് പുനര്‍വിചിന്തനത്തിന് അവരെ പ്രേരിപ്പിച്ചത്. നിരോധനം കൊണ്ട് കാര്യമില്ലെന്നും മദ്യ വര്‍ജ്ജനമാണ് അഭികാമ്യമെന്നും അനുഭവത്തില്‍ നിന്ന്‍ അവര്‍ പഠിച്ചു.

മറ്റുള്ളവരുടെ പരാജത്തില്‍ നിന്ന്‍ പഠിക്കാതെയോ വേണ്ടത്ര ചരിത്രാവബോധമില്ലാതെയോ ആണ് യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിരോധനം എന്ന ആശയവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന്‍ വ്യക്തം. കേരളത്തില്‍ ഒരാള്‍ പ്രതിവര്‍ഷം എട്ടര ലിറ്റര്‍ മദ്യം കഴിക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. അത് ഒറ്റ ദിവസം കൊണ്ട് നിര്‍ത്താമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കുന്നു. നിരോധനം പ്രഖ്യാപിച്ചതിന് ശേഷവും ഓണക്കാലത്ത് ബിവറേജസ് ഷോപ്പുകള്‍ വഴി കോടികളുടെ മദ്യമാണ് വിറ്റഴിച്ചത്. ഭരണകൂടത്തിന്‍റെ തീരുമാനം എന്തായാലും തങ്ങളുടെ ശീലം മാറ്റാന്‍ തയ്യാറല്ല എന്നാണ് മദ്യപര്‍ അതുവഴി സ്ഥാപിച്ചത്. വിവിധ പ്രദേശങ്ങളില്‍ ഇനി കൂണുകള്‍ പോലെ മുളക്കാന്‍ പോകുന്ന വാറ്റ് കേന്ദ്രങ്ങളും അതിര്‍ത്തികളിലെ അന്യ സംസ്ഥാന മദ്യ ശാലകളും അതിന് അവര്‍ക്ക് പിന്‍ബലമാകും.. താല്‍ക്കാലികമായി കിട്ടുന്ന കയ്യടിക്ക് വേണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനം ഒരുപിടി മദ്യ ദുരന്തങ്ങളും എക്സൈസുകാരുടെ പേരുള്ള പഴയ മാസപ്പടി ഡയറിയും മാത്രമാകും ബാക്കി വയ്ക്കുക.

The End

[ My article published in British Pathram on 15/09/2014]


Share this post