Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ആമിര്‍ ജോണിന്‍റെയും ഹൃതിക്കിന്‍റെയും റെക്കോര്‍ഡ് തകര്‍ക്കുമോ ?

Share this post

ആമിര്‍ ജോണിന്‍റെയും ഹൃതിക്കിന്‍റെയും റെക്കോര്‍ഡ്  തകര്‍ക്കുമോ ? 1

 

ആമിര്‍ഖാന്‍ വില്ലന്‍ വേഷത്തിലെത്തുന്ന ധൂം 3 യുടെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. സെപ്റ്റംബര്‍ 3 നു യൂ ട്യൂബില്‍ റിലീസ് ചെയ്തത് മുതല്‍ ഇതുവരെ നാല്‍പ്പത്തഞ്ച് ലക്ഷത്തില്‍ പരം പേര്‍ ടീസര്‍ കണ്ടു കഴിഞ്ഞു. ബൈക്കില്‍ പോകുന്ന ആമിറിനെ അഭിഷേക് ഹെലികോപ്റ്ററിലും ഉദയ് ചോപ്ര മറ്റൊരു ബൈക്കിലും പിന്തുടരുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. ത്രസിപ്പിക്കുന്ന ആക്ഷന്‍ പ്രകടനവുമായി കത്രീന കൈഫും രംഗത്തുണ്ട്. ധൂമിന്‍റെ മുന്‍ ഭാഗങ്ങളെ നിഷ്പ്രഭമാക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത് എന്നാണ് ബോളിവുഡിലെ പപ്പരാസികള്‍ നല്‍കുന്ന സൂചന.

2004ലാണ് ധൂം പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. സ്ഥിരമായി പ്രണയ കഥകള്‍ പറഞ്ഞുകൊണ്ടിരുന്ന യഷ് രാജ് ഫിലിംസ് 19 വര്‍ഷത്തിനിടയില്‍ ചെയ്ത ആദ്യ ആക്ഷന്‍ ചിത്രമായിരുന്നു അത്. പതിവ് ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന വില്ലനും അയാളെ പിടിക്കാനുള്ള പോലീസിന്‍റെ ശ്രമങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. പക്ഷേ അവസാനം വരെയും പോലീസിന്‍റെ തന്ത്രങ്ങളെ കള്ളന്‍ സമര്‍ത്ഥമായി അതിജീവിക്കുന്നു. അഭിഷേക് ബച്ചന്‍ പോലീസ് ഓഫീസര്‍ ജയ് ദീക്ഷിത്തായി എത്തിയ ചിത്രത്തില്‍ കൃത്യമായ പ്ലാനിങ്ങോടെ മോഷണം നടത്തുന്ന വില്ലന്‍ കബീറായി എത്തിയത് ജോണ്‍ എബ്രഹാമാണ്. തുടര്‍ച്ചയായ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടി നിന്ന അഭിഷേക് ബച്ചന് ചിത്രത്തിന്‍റെ തകര്‍പ്പന്‍ വലിയ ആശ്വാസമായി. 725 മില്ല്യന്‍ രൂപയാണ് ലോകമെമ്പാടു നിന്നും ചിത്രം കളക്ട് ചെയ്തത്. ഉദയ് ചോപ്ര, ഇഷ ഡിയോള്‍, റീമ സെന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്ത ധൂം സംവിധാനം ചെയ്തത് സഞ്ജയ് ഗന്ധ്വിയാണ്.

ധൂമിന്‍റെ വന്‍ സ്വീകാര്യത അതിന്‍റെ തുടര്‍ച്ച ചെയ്യാന്‍ യഷ് രാജ് ഫിലിംസിനെ പ്രേരിപ്പിച്ചു. വില്ലന്‍ വേഷമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നു അറിയാവുന്ന ആദിത്യ ചോപ്ര ഇക്കുറി ഹൃതിക് റോഷനെയാണ് ആ വേഷത്തില്‍ കൊണ്ടുവന്നത്. അഭിഷേക് ബച്ചനെയും ഉദയ് ചോപ്രയെയും നിലനിര്‍ത്തിയ സംവിധായകന്‍ രണ്ടാം ഭാഗത്തില്‍ നായികയാക്കിയത് ഐശ്വര്യ റായിയെയാണ്. ബിപാഷ ബസുവും മറ്റൊരു പ്രധാന വേഷം ചെയ്തു. ചിത്രത്തിന്‍റെ കഥ ആസ്വാദകരെ നിരാശപ്പെടുത്തിയെങ്കിലും ആദ്യ ഭാഗത്തിന്‍റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതില്‍ സിനിമ വിജയിച്ചു. 1.50 ബില്ല്യണ്‍ രൂപയാണ് ധൂം 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത്.

ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍ സാക്ഷാല്‍ ആമീര്‍ഖാന്‍ തന്നെ വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ യഷ് രാജ് ഫിലിംസിന്‍റെ പ്രതീക്ഷകള്‍ വാനോളമാണ്. ധൂം 3 ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാകുമെന്ന് അവര്‍ കരുതുന്നു. അടുത്ത കാലത്തു വന്ന ആമിര്‍ ചിത്രങ്ങളായ 3 ഇഡിയറ്റ്സും ഗജനിയും നൂറു കോടിയില്‍ പരമാണ് ബോക്സ് ഓഫീസില്‍ വാരിക്കൂട്ടിയത്. അവസാനം വന്ന തലാഷ് വന്‍ വിജയമായില്ലെങ്കിലും കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ 2013ലെ ഏറ്റവും വലിയ ഹിറ്റ് എന്നതിലുപരി ധൂം പരമ്പരയിലെ അനിഷേധ്യമായ വിജയം തന്നെയാണ് ആമിര്‍ഖാന്‍ ലക്ഷ്യമിടുന്നത്.

2013 അവസാനം ധൂം മൂന്നാമന്‍ തിയറ്ററുകളിലെത്തും.ചിത്രത്തിന് വേണ്ടി കടുത്ത ഭക്ഷണ നിയന്ത്രണം പുലര്‍ത്തിയ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ശരീര സൌന്ദര്യം മെച്ചപ്പെടുത്താന്‍ ബ്രിട്ടനില്‍ നിന്ന്‍ ഒരു പ്രത്യേക ട്രെയിനറെ വരെ കൊണ്ടുവന്നു എന്നാണ് മാധ്യമ വാര്‍ത്തകള്‍. നായകന്‍ അഭിഷേകാണെങ്കിലും ചിത്രത്തിന്‍റെ കേന്ദ്രബിന്ദു താനാണെന്ന് ആമീറിന് നന്നായറിയാം. അല്ലെങ്കിലും വില്ലന് പുറകില്‍ രണ്ടാമന്‍ ആകാനാണല്ലോ എന്നും ധൂം പരമ്പരയിലെ നായകന്‍റെ വിധി !


Share this post