Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മോദി മന്ത്രിസഭയിലെ സപ്ത സ്വരങ്ങള്‍

Share this post

Women ministers India

Credit : Mangalore times (online edition)

സ്ത്രീ ശാക്തീകരണമാണ് മോദി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ആറു ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ ഏഴു സ്ത്രീകളാണ് മന്ത്രിസഭയില്‍ ഉള്ളത്അതില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും ബിജെപിക്കാരാണ്. സുഷമ സ്വരാജ്, ഉമാ ഭാരതി, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, നജ്മ ഹെപ്ത്തുള്ള എന്നിവര്‍ ബിജെപി പ്രതിനിധികളായപ്പോള്‍ ഹര്‍സിമ്രത് കൌറാണ് അകാലിദളിന്‍റെ പേരില്‍ മന്ത്രിസഭയില്‍ ഇടം നേടിയത്.

പ്രധാനമന്ത്രി മോദിയും രാജ്നാഥ് സിങ്ങും അരുണ്‍ ജെയ്റ്റ്ലിയും കഴിഞ്ഞാല്‍ സുഷമ സ്വരാജാണ് സര്‍ക്കാരിലെ കരുത്തുറ്റ സാന്നിധ്യം. പ്രധാനപ്പെട്ട വകുപ്പുകളൊന്നും ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് പ്രഖ്യാപിച്ചിരുന്ന അവര്‍ക്ക് വിദേശ കാര്യ വകുപ്പാണ് ലഭിച്ചത്. മോദിയുടെ കടുത്ത വിമര്‍ശകയായ അവര്‍ക്ക് മികച്ച പ്രതിച്ഛായയും ഭരണ പാടവവുമാണ് തുണയായത്. ഇരുപത്തഞ്ചാം വയസില്‍ ആദ്യമായി ഹരിയാന നിയമസഭാംഗമായ സുഷമ സ്വരാജ് അതേ വര്‍ഷം തന്നെ അവിടെ തൊഴില്‍ വകുപ്പിന്‍റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായി. 1990ലാണ് അവര്‍ ആദ്യമായി പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996ലെയും 1998ലെയും വാജ്പേയ് മന്ത്രിസഭകളില്‍ അംഗമായ അവര്‍ 98 ഒക്ടോബറില്‍ ല്‍ മന്ത്രിസ്ഥാനം രാജിവച്ച് ഡല്‍ഹി മുഖ്യമന്ത്രി പദം ഏറ്റെടുത്തു. 2000 സെപ്റ്റംബറില്‍ വീണ്ടും കേന്ദ്ര മന്ത്രിയായ അവര്‍ 2004ല്‍ സര്‍ക്കാര്‍ മാറുംവരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 2009 മുതല്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ഒരേപോലെ വാജ്പേയിയുടെയും അദ്വാനിയുടെയും വിശ്വസ്തയായ സുഷമയ്ക്ക് ബിജെപിക്ക് പുറത്തും വലിയ ഒരു സുഹൃദ് വലയമുണ്ട്. അഴിമതിക്കെതിരായ ശക്തമായ നിലപാടും കുറിക്കു കൊള്ളുന്ന സംഭാഷണ ശൈലിയുമാണ് സമകാലീന സ്ത്രീ നേതാക്കളില്‍ നിന്ന്‍ അവരെ വ്യത്യസ്ഥയാക്കുന്നത്. മിസോറാം മുന്‍ ഗവര്‍ണറും മുന്‍ പാര്‍ലമെന്‍റ് അംഗവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൌശലാണ് ഭര്‍ത്താവ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രി, ഒരു ദേശീയ പാര്‍ട്ടിയുടെ ആദ്യ വനിതാ വക്താവ്, ബിജെപിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, മികച്ച പാര്‍ലമെന്‍റേറിയനുള്ള പുരസ്കാരം നേടിയ ഏക വനിത എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് സുഷമ സ്വരാജ്. നാലു സംസ്ഥാനങ്ങളില്‍ നിന്ന്‍ അവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്ഹരിയാന, ഡല്‍ഹി, കര്‍ണ്ണാടക, മധ്യപ്രദേശ്.

ഉമ ഭാരതിക്ക് ജലവിഭവ വകുപ്പിന്‍റെയും ഗംഗയുടെ പുനരുദ്ധാരണത്തിന്‍റെയും ചുമതലയാണ് മോദി നല്‍കിയത്. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ നദീജല സംയോജനം നടപ്പാക്കേണ്ട ജോലിയും അവര്‍ക്കാണ്. രാമജന്‍മഭൂമി പ്രക്ഷോഭത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രമായ ഉമ 2003ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മധ്യപ്രദേശില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചു. ഒരു വര്‍ഷത്തിന് ശേഷം അവര്‍ മുഖ്യമന്ത്രി പദം രാജിവച്ചെങ്കിലും നാളിതുവരെ കോണ്‍ഗ്രസിന് സംസ്ഥാന ഭരണം മടക്കികിട്ടിയിട്ടില്ല. ഇക്കുറി ഝാന്‍സിയില്‍ നിന്ന്‍ വന്‍ ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തിയ ഉമ ഭാരതി ബിജെപിയുടെയും സംഘപരിവാറിന്‍റെയും അറിയപ്പെടുന്ന തീപ്പൊരി നേതാവാണ്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ റോബര്‍ട്ട് വധേരയെ ജയിലിലടക്കുമെന്ന് അവര്‍ പറഞ്ഞത് തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായിരുന്നു.

ഡോ. നജ്മ ഹെപ്ത്തുള്ളയാണ് മന്ത്രിസഭയിലെ ഏക ന്യൂനപക്ഷ മുഖം. മുമ്പ് കോണ്‍ഗ്രസിലായിരുന്ന അവര്‍ തുടര്‍ച്ചയായ 12 വര്‍ഷം രാജ്യസഭയിലെ ഉപാധ്യക്ഷ പദം വഹിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം പാര്‍ട്ടി വിട്ട അവര്‍ താമസിയാതെ ബിജെപി വൈസ് പ്രസിഡന്‍റായി. മൌലാന അബ്ദുള്‍ കലാം ആസാദിന്‍റെ പിന്മുറക്കാരിയായ അവര്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ലഭിച്ചത്. ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ ബന്ധുവാണ്. ഭര്‍ത്താവ് അക്ബറലി ഹെപ്ത്തുള്ള 2007ല്‍ അന്തരിച്ചു.

Women ministers India

ഒരു കാലത്ത് ടിവി ചാനലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്മൃതി ഇറാനി. സ്റ്റാര്‍ പ്ലസ്, സീ ടിവി തുടങ്ങിയ ചാനലുകളിലെ ജനപ്രീതിയാര്‍ജിച്ച പല സീരിയലുകളിലും അവരായിരുന്നു ശ്രദ്ധാകേന്ദ്രം. 1998 ല്‍ നടന്ന മിസ് ഇന്ത്യ മല്‍സരത്തില്‍ ഫൈനല്‍ റൌണ്ടിലെത്തിയ സ്മൃതിക്ക് തിരക്കേറിയ മോഡല്‍ ആകാനായിരുന്നു ആഗ്രഹം. പക്ഷേ വിധി അവരെ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ തലപത്തെത്തിച്ചു. തുടക്കത്തില്‍ മോദിയുടെ എതിര്‍ചേരിയിലായിരുന്ന അവര്‍ക്ക് അവസാനം കളം മാറ്റിചവിട്ടിയതാണ് ഗുണമായത്. അമേഠിയില്‍ രാഹുലിനെ വിറപ്പിച്ച അവര്‍ രാജ്യസഭാംഗത്വത്തിന്‍റെ ബലത്തിലാണ് മന്ത്രിസഭയില്‍ എത്തുന്നത്.

സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായ നിര്‍മല സീതാരാമന്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ്. ബിജെപി വക്താവെന്ന നിലയില്‍ നടത്തിയ മികച്ച പ്രകടനമാണ് അവര്‍ക്ക് മന്ത്രിസഭയിലേക്കുള്ള വാതില്‍ തുറന്നത്. ജെഎന്‍യുവില്‍ നിന്ന്‍ എംഫില്‍ ബിരുദം എടുത്തിട്ടുള്ള അവര്‍ കുറച്ചുകാലം ബിബിസിയിലും ജോലി ചെയ്തു. രാഷ്ട്രീയ ചിന്തകനും ടെലിവിഷന്‍ അവതാരകനുമായ ഡോ. പരകല പ്രഭാകറാണ് ഭര്‍ത്താവ്.

ഇന്ദിര ഗാന്ധിയുടെ മരുമകളും സഞ്ജയ് ഗാന്ധിയുടെ ഭാര്യയുമായ മനേക ഗാന്ധി ഏറെ നാളായി ബിജെപിയിലെ മുന്‍നിര സാന്നിധ്യമാണ്. വിപി സിങ്ങിന്‍റെ കാലം മുതലുള്ള പല കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളിലും അവര്‍ അംഗമായിട്ടുണ്ട്. വനിത ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല ലഭിച്ച അവര്‍ ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ്. മകന്‍ വരുണ്‍ ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംപിയാണ്.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദലിന്‍റെ മരുമകളും ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ്ങ് ബാദലിന്‍റെ ഭാര്യയുമായ ഹര്‍സിമ്രത് കൌറാണ് മന്ത്രിസഭയില്‍ അകാലിദളിനെ പ്രതിനിധികരിക്കുന്നത്. ഭക്ഷ്യ വകുപ്പിന്‍റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയാണ് അവര്‍.

അടുത്തകാലത്തൊന്നും കേന്ദ്ര മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് ഇത്രമാത്രം പ്രാതിനിധ്യം ഉണ്ടായിട്ടില്ല. സോണിയ ഗാന്ധി അവസാന വാക്കായ കഴിഞ്ഞ യുപിഎ മന്ത്രിസഭകളില്‍ പോലും സ്ത്രീ സാന്നിധ്യം വിരലിലെണ്ണാവുന്നവരില്‍ ഒതുങ്ങി. വനിത സംവരണം വാക്കിലല്ല പ്രവര്‍ത്തിയിലാണ് വരേണ്ടതെന്ന് തുടക്കത്തിലെങ്കിലും കാണിച്ചു തരുന്നുണ്ട് മോദി സര്‍ക്കാര്‍. ഇതിന്‍റെ തുടര്‍നടപടികള്‍ എങ്ങനെയാവുമെന്ന് വരും ദിവസങ്ങളിലെ അറിയാനാകൂ.

The End

[My article originally published in British Pathram]


Share this post