നാല് പോലീസുകാര്‍

Prithvi raj

പോലീസ് വേഷങ്ങള്‍ എന്നും നമുക്ക് ആവേശമാണ്. സിനിമയിലെ നായകന്മാരെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ കാക്കി വഹിക്കുന്ന പങ്ക് ചെറുതല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അന്യമായ ധിക്കാരവും കഥാകാരന്‍റെ ഭാവനയും ഒത്തുചേര്‍ന്ന സൂപ്പര്‍താര പോലീസിന് എല്ലാ ഭാഷകളിലും ആരാധകരുമുണ്ട് . ഹിന്ദിയില്‍ അമിതാഭിനെ താരമാക്കിയ സഞ്ജീറും കമല്‍ ഹാസന്‍റെ കാക്കി ചട്ടയും വിജയശാന്തിയുടെ വൈജയന്തി ഐപിഎസും മുതല്‍ അടുത്ത കാലത്ത് പുറത്തിറങ്ങിയ പോക്കിരിയും സിങ്കവും വരെ അക്കൂട്ടത്തില്‍ പെടും.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു കാലഘട്ടത്തെ മുഴുവന്‍ സ്വാധീനിച്ച ചില പോലീസ് വേഷങ്ങളുണ്ട്. കാക്കി ഇട്ടുകൊണ്ട് നിയമം കയ്യിലെടുക്കുകയും എന്നാല്‍ നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ആ പോലീസുകാര്‍ അഭിനേതാവിന്‍റെ പ്രശസ്തി വാനോളമുയര്‍ത്തുകയും അവര്‍ക്ക് പുതിയ ആരാധകരെ സമ്മാനിക്കുകയും ചെയ്തു. മോഹന്‍ ലാല്‍ ഒഴിച്ചുള്ള താരങ്ങളെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ ആ നാല് പോലീസ് വേഷങ്ങളെ പരിചയപ്പെടാം.

ബല്‍റാം

നാല് പോലീസുകാര്‍ 1

ഐവി ശശിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ആവനാഴി എന്ന സിനിമയിലൂടെയാണ് ബല്‍റാം ആദ്യമായി വെള്ളിത്തിരയില്‍ അവതരിച്ചത്. മമ്മൂട്ടിയുടെ ചടുലമായ അഭിനയവും ഗാംഭീര്യവും കൈമുതലാക്കിയ സിനിമ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ടി ദാമോദരനായിരുന്നു രചന. അഴിമതിക്കാരനും അസ്സന്‍മാര്‍ഗ്ഗിയുമായ ബല്‍റാം എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അവസാനം നന്‍മയുടെ പാതയിലേക്ക് വരുന്ന കഥയാണ് ചിത്രം പറഞ്ഞത്.

സിനിമയുടെ സാമ്പത്തിക വിജയം രണ്ടാം ഭാഗം ഒരുക്കുന്നതിനും അണിയറക്കാര്‍ക്ക് പ്രേരണ നല്‍കി. അങ്ങനെയാണ് 1991ല്‍ ഇന്‍സ്പെക്ടര്‍ ബല്‍റാം പിറവി കൊണ്ടത്. ആദ്യ ഭാഗത്തിനെ അപേക്ഷിച്ച് വന്‍ താരനിര അണിനിരന്ന സിനിമ മികച്ച വാണിജ്യ വിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടി. മുരളി, എംജി സോമന്‍, ഉര്‍വശി, ഗീത, കല്‍പന, ജഗദീഷ്, കിരണ്‍ കുമാര്‍, മഞ്ജുള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 ഭരത് ചന്ദ്രന്‍

 

 

സുരേഷ്ഗോപി എന്നു കേട്ടാല്‍ ഭരത് ചന്ദ്രന്‍ എന്ന പോലീസ് ഓഫീസറുടെ രൂപമാണ് പ്രേക്ഷകരുടെ മനസില്‍ ആദ്യമെത്തുന്നത്. 1994ലാണ് പ്രേക്ഷകര്‍ ആദ്യമായി ആ പോലീസുകാരനെ കണ്ടത്. പ്രേക്ഷകരെ ഇളക്കി മറിച്ച കമ്മിഷണര്‍ എന്ന ആ സിനിമ ആരാധകരുടെ ഇടയില്‍ സുരേഷ് ഗോപിക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.

യഥാര്‍ത്ഥ പൊലീസുകാരെ ഭരത് ചന്ദ്രനുമായി താരതമ്യം ചെയ്യുന്നത് പിന്നീട് പലപ്പോഴും മലയാളികളുടെ പതിവായി മാറി. രതീഷ് എന്ന എണ്‍പതുകളിലെ നായക നടന്‍റെ തിരിച്ചുവരവിനും കാരണമായ സിനിമയില്‍ ശോഭന, എംജി സോമന്‍, ഗണേഷ്, വിജയരാഘവന്‍, രാജന്‍ പി ദേവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. മലയാളത്തില്‍ മാത്രമല്ല, മൊഴിമാറ്റം നടത്തി ആന്ധ്രയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും സിനിമ കോടികളാണ് വാരിയത്.

2005ല്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന സിനിമയും വന്‍ വിജയമായി. 2012ല്‍ കിങ് ആന്‍റ് കമ്മിഷണര്‍ എന്ന സിനിമയിലൂടെ ഭരത് മൂന്നാമതൊരു വരവിന് ശ്രമിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

ബാബ കല്യാണി

നാല് പോലീസുകാര്‍ 2

മുന്‍ഗാമികളെ അപേക്ഷിച്ച് ബോക്സ് ഓഫീസില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മോഹന്‍ലാലിന്‍റെ തന്‍മയത്വം നിറഞ്ഞ അഭിനയത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ബാബ കല്യാണി.

കമ്മിഷണര്‍ സംവിധാനം ചെയ്ത ഷാജി കൈലാസ് തന്നെയാണ് ബാബകല്യാണിയും ഒരുക്കിയത്. നാടുവാഴികള്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ കഴിഞ്ഞ് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എസ് എന്‍ സ്വാമി എഴുതിയ തിരക്കഥയില്‍ പക്ഷേ പതിവ് പോലീസ് സിനിമകളിലെ അവിഭാജ്യ ഘടകങ്ങളായ കൊലപാതക പരമ്പരകളും തീ പാറുന്ന ഡയലോഗുകളും ഇല്ലായിരുന്നു. ബാബ കല്യാണിയായി ലാല്‍ ജീവിച്ച രംഗങ്ങള്‍ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ആന്‍റണി മോസസ്

നാല് പോലീസുകാര്‍ 3

മറ്റ് പോലീസുകാരില്‍ നിന്ന്‍ വ്യത്യസ്ഥമായി നായകനും പ്രതിനായകനുമായി രണ്ടു വ്യക്തിത്വങ്ങളിലാണ് ആന്‍റണി മോസസ് അവതരിച്ചത്. പൃഥ്വി രാജ് ഉജ്ജ്വല പ്രകടനം നടത്തിയ മുംബൈ പോലീസ് മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകളില്‍ ഒന്നായി കരുതാം.

ബോബിസഞ്ജയ് ടീം രചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആണ്ട്രൂസാണ്. മികച്ച തിരക്കഥയ്ക്കൊപ്പം സാങ്കേതിക വൈദഗ്ദ്ധ്യവും ഒത്തുചേര്‍ന്ന സിനിമയില്‍ റഹ്മാന്‍, ജയസൂര്യ, അപര്‍ണ്ണ, മുകുന്ദന്‍, കുഞ്ചന്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

The End

[ My article published in British Pathram on 14.09.2014]