ഇന്ത്യയിലെ ദുരൂഹമായ പത്ത് സ്ഥലങ്ങള്‍ അഥവാ ഭാര്‍ഗ്ഗവിനിലയങ്ങള്‍

6. ഡല്‍ഹി കന്‍റോണ്‍മെന്‍റ്

delhi cantonment road

ഇല്ല. തലസ്ഥാന നഗരവും ദുരൂഹതകളില്‍ നിന്ന് മുക്തമല്ല. പ്രകൃതി രമണീയമായ കന്‍റോണ്‍മെന്‍റ് ഏരിയായാണ് ഡല്‍ഹിയില്‍ നിന്ന് ദുരൂഹതകളുടെ പട്ടികയില്‍ ഇടം പിടിച്ച ഒരു സ്ഥലം.

ദ്വാരക മെട്രോ സ്റ്റേഷന് സമീപമുള്ള വിജനമായ ചില പ്രദേശങ്ങളില്‍ കൂടി വണ്ടിയോടിച്ചു വന്ന പലരും കയ്യില്‍ മെഴുകുതിരിയുമായി നില്‍ക്കുന്ന വെള്ള വസ്ത്രം ധരിച്ച യുവതിയെ കണ്ടതായി പറഞ്ഞിട്ടുണ്ട്. യാത്രികരോട് ലിഫ്റ്റ് ചോദിക്കുകയും നിരസിച്ചാല്‍ വാഹനത്തിനൊപ്പം ഓടുകയും ചെയ്യുന്ന അവര്‍ പൊടുന്നനെ അപ്രത്യക്ഷയുമാകും.

ജീവിച്ചിരുന്നപ്പോള്‍ ഒരു നല്ല ഓട്ടക്കാരിയായിരുന്നിരിക്കാം ഈ സ്ത്രീ എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. അനവധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഈ റോഡ് ഇന്ന് പൊതുവേ വിജനമാണ്.

7. ബ്രിജ് രാജ് ഭവന്‍ ഹോട്ടല്‍, കോട്ട, രാജസ്ഥാന്‍

Brijraj Bhawan Palace Hotel

മുമ്പ് കൊട്ടാരമായിരുന്ന ഈ സ്ഥലം ഇന്നൊരു ഹെറിറ്റേജ് ഹോട്ടലാണ്. ഇന്ന്‍ 178 വര്‍ഷം പഴക്കമുള്ള ഈ കൊട്ടാരത്തില്‍ വച്ചാണ് 1857ല്‍ ബ്രിട്ടിഷ് പട്ടാളത്തില്‍ മേജറായിരുന്ന മേജര്‍ ബര്‍ട്ടനും രണ്ടു കുട്ടികളും കൊല്ലപ്പെട്ടത്.

കോട്ട(രാജസ്ഥാന്‍)യിലെ പഴയ മഹാറാണി താന്‍ പതിവായി എന്നും മേജര്‍ ബര്‍ട്ടനെ കാണാറുണ്ടെന്ന് 1980ല്‍ ഒരു ബ്രിട്ടിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം കൊല്ലപ്പെട്ട മുറിയാണ് അവര്‍ ഡ്രോയിങ് റൂമായി ഉപയോഗിച്ച് വന്നിരുന്നത്. മേജറുടെ പ്രേതം ആരെയും ഉപദ്രവിക്കാറില്ലെങ്കിലും കാവല്‍ക്കാര്‍ രാത്രി ഉറങ്ങിയാല്‍ ശക്തിയായി അവരുടെ ചെകിടത്തടിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

8. ഡൌ ഹില്‍, ഡാര്‍ജിലിങ്

dow hill darjeeling

പുറത്തുള്ളവര്‍ക്ക് ഡാര്‍ജിലിങ് വിനോദസഞ്ചാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും കേന്ദ്രമാണെങ്കിലും പ്രദേശവാസികള്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്.

വിക്ടോറിയ ബോയ്സ് ഹോസ്റ്റല്‍ പരിസരത്ത് ദുരൂഹമായ അനവധി മരണങ്ങള്‍ നടന്നതായി പറയപ്പെടുന്നു. ഡിസംബര്‍- മാര്‍ച്ച് മാസങ്ങളില്‍ അവധിയിലുള്ള സ്കൂളിലും ചുറ്റുമുള്ള വന പ്രദേശത്തും അദൃശ്യമായ കാലടിയൊച്ചകള്‍ പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു. പക്ഷേ ഇന്നോളം അതിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തലയില്ലാത്ത ഒരു ബാലന്‍ ഹോസ്റ്റല്‍ പരിസരത്തു നിന്ന് അതിവേഗം നടന്ന് കാട്ടില്‍ അപ്രത്യക്ഷനാകുന്നത് കണ്ടതായി അനവധി പേര്‍ പറഞ്ഞിട്ടുണ്ട്.

9. മല്‍ച്ചാ മഹല്‍, ഡല്‍ഹി

malcha mahal delhi

ഇങ്ങനെയൊരു കൊട്ടാരം തങ്ങളുടെ നാട്ടിലുണ്ടെന്ന് ഡല്‍ഹി വാസികളില്‍ പലര്‍ക്കുമറിയില്ല. ചരിത്ര പ്രാധാന്യമുള്ള ചാണക്യ പുരിയിലെ ഈ പ്രദേശം സര്‍ക്കാര്‍ പോലും മറന്ന മട്ടാണ്.

കേന്ദ്ര സര്‍ക്കാരുമായി നീണ്ട നിയമ യുദ്ധം നടത്തിയതിന് ശേഷമാണ് നവാബിന്‍റെ പേരക്കുട്ടിയായ വിലായത്ത് മഹല്‍ രാജകുമാരി കീക്കാര്‍ എന്ന നിബിഡ വനത്തിലെ കൊട്ടാരവും പരിസരവും സ്വന്തമാക്കിയത്. റയസ്,സക്കീന എന്നീ മക്കളുമൊത്ത് അവിടെ താമസം തുടങ്ങിയ രാജകുമാരിക്ക് അധിക നാള്‍ അവിടെ തങ്ങേണ്ടി വന്നില്ല. ദുരൂഹമായ സാഹചര്യത്തില്‍ വജ്രങ്ങള്‍ പൊടിച്ച് പാനീയത്തില്‍ കലക്കി കുടിച്ച് അവര്‍ ആത്മഹത്യ ചെയ്തു. അവരുടെ മുന്‍ഗാമികളും സമാനമായ രീതിയില്‍ ജീവനൊടുക്കുകയായിരുന്നു.

അതിന്ദ്രീയ ശക്തികളുടെ സാന്നിധ്യവും ബവാറിയാസ് എന്ന ഗോത്ര വിഭാഗക്കാരുടെ അതിക്രമവും പലകുറി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊട്ടാരത്തില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മക്കള്‍ പിന്നീട് കഴിഞ്ഞു. കൊട്ടാരത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീക്കാന്‍ ചില റിപ്പോര്‍ട്ടര്‍മാര്‍ ഇറങ്ങിത്തിരിച്ചെങ്കിലും അവരില്‍ ചിലരെ കാണാതായത് പ്രദേശത്തിന് ഭീകര മുഖം നല്‍കി. മോഷണങ്ങളും ആക്രമണങ്ങളും പതിവായപ്പോള്‍ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ താമസക്കാര്‍ക്ക് ആത്മ രക്ഷാര്‍ഥം വെടിവയ്ക്കാനുള്ള അനുമതി കൊടുത്തു.

malcha mahal delhi

വെള്ളമോ വൈദ്യുതിയോ, വാതിലോ ജനലോ ഇല്ലാത്ത തീര്‍ത്തും അന്ധകാരം നിറഞ്ഞ കൊട്ടാരത്തില്‍ കഴിഞ്ഞ സക്കീനയും വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തു. വിഷം കഴിച്ച് അവര്‍ ആത്മഹത്യ ചെയ്തു. ഏതാനും നായകളല്ലാതെ വേറാരും അവര്‍ക്ക് കൂട്ടുണ്ടായിരുന്നില്ല.

ഇന്ന് ഫോറസ്റ്റ് ഗാര്‍ഡുകള്‍ പോലും ഒഴിവാക്കുന്ന ഈ പ്രദേശം നൂറ്റാണ്ടുകളുടെ പാരമ്പര്യം പോലും മറന്ന് ഏറെക്കുറെ വിസ്മൃതിയില്‍ ഉറങ്ങുകയാണ്.

10. രാമോജി ഫിലിം സിറ്റി, ഹൈദരാബാദ്

Ramoji film city

ഇന്ത്യയുടെ യൂണിവേഴ്സല്‍ സ്റ്റുഡിയോസ് എന്നറിയപ്പെടുന്ന സിനിമാ നഗരം. പ്രവേശന കവാടത്തില്‍ തന്നെയുള്ള രണ്ടു ഹോട്ടലുകളില്‍ ഒന്നിലാണ് അതിന്ദ്രീയ ശക്തികളുടെ സാന്നിദ്ധ്യമുള്ളതായി പ്രചരിപ്പിക്കപ്പെടുന്നത്.

നിസാം സുല്‍ത്താന്‍മാരുടെ യുദ്ധ ഭൂമിയിലാണ് നഗരം നിര്‍മിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. യുദ്ധത്തില്‍ മരിച്ച സൈനികരാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത് എന്നാണ് ചിലരുടെ ഭാഷ്യം. ഹോട്ടലിന്‍റെ മുകളില്‍ നിന്ന് ലൈറ്റുകള്‍ താഴെ വീണുടയുന്നതും ആളുകളെ അദൃശ്യരായ ആരോ തള്ളി താഴെയിടുന്നതും ഇവിടെ പതിവാണ്.

സ്ത്രീകളുടെ വസ്ത്രങ്ങള്‍ കീറുക, രാത്രി സമയത്ത് ബാത്ത്റൂമിനകത്ത് നിന്ന് വാതിലില്‍ തട്ടി വിളിക്കുക, താമസക്കാരെ പുറത്തു നിന്ന് പൂട്ടുക, ആരുമില്ലാത്ത സമയത്ത് മുറിയില്‍ ഭക്ഷണ സാധനങ്ങള്‍ ചിതറിയിടുക എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് പ്രധാന സംഭവങ്ങള്‍. ഡ്രസ്സിങ് റൂമില്‍ അജ്ഞാതമായ ചില നിഴലുകള്‍ കണ്ടതായും കണ്ണാടിയില്‍ സുല്‍ത്താന്‍മാരുടെ ഭാഷയായിരുന്ന ഉറുദുവില്‍ ചില എഴുത്തുകുത്തുകള്‍ കണ്ടതായും ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപാര താല്‍പര്യങ്ങളെ ബാധിക്കും എന്ന കാരണത്താല്‍ ഈ സംഭവങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Read ഇന്ത്യക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ ചില സ്ഥലങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *