Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഇന്ത്യയിലെ ദുരൂഹമായ പത്ത് സ്ഥലങ്ങള്‍ അഥവാ ഭാര്‍ഗ്ഗവിനിലയങ്ങള്‍

Share this post

ദുരൂഹതകള്‍ക്കും അന്ധ വിശ്വാസങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. ഇന്ത്യയില്‍ മാത്രമല്ല സായിപ്പിന്‍റെ നാട്ടിലും ഇത് തന്നെയാണ് സ്ഥിതി. ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ആളൊഴിഞ്ഞ വീടുകളിലും കൊട്ടാരങ്ങളിലുമൊക്കെ ഭൂത പ്രേത പിശാചുക്കള്‍ ഉണ്ടെന്നും അവ മനുഷ്യ വാസ യോഗ്യമല്ലെന്നുമുള്ള പ്രചരണം ശക്തമാണ്. മലയാളത്തില്‍ അതിനെ ഭാര്‍ഗ്ഗവീനിലയം എന്നും പറയും. രാത്രി പോയിട്ട് പകല്‍ വെളിച്ചത്തില്‍ പോലും അങ്ങോട്ട് പോകാന്‍ ആളുകള്‍ ഭയപ്പെടും. ഇന്ത്യയില്‍ അങ്ങനെയുള്ള പത്ത് പ്രധാന സ്ഥലങ്ങളെ പരിചയപ്പെടാം.

1) ബങ്ങര്‍ കോട്ട, രാജസ്ഥാന്‍

ഇന്ത്യയിലെ ഏറ്റവും ദുരൂഹമായ സ്ഥലങ്ങളിലൊന്നാണ് ഈ കോട്ടയും ചുറ്റുമുള്ള പുരാതന നഗരവും. 1613ല്‍ മാധോ സിങ്ങ് രാജാവ് പണികഴിപ്പിച്ച നഗരം ഗുരു ബാലു നാഥ് എന്ന മന്ത്രവാദിയുടെ ശാപം മൂലമാണ് ഇന്നത്തെ നിലയിലായത് എന്നാണ് കരുതപ്പെടുന്നത്. ഏതായാലും തല്‍ഫലമായി പ്രദേശവാസികളെല്ലാം ദുരൂഹമായി മരണപ്പെടുകയോ ഇവിടെ നിന്ന്‍ ഒഴിഞ്ഞു പോകുകയോ ചെയ്തു. ഇന്ന്‍ സൂര്യാസ്തമനത്തിന് ശേഷം ഇവിടെ തങ്ങാന്‍ ആര്‍ക്കും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുവാദമില്ല. വിലക്ക് ലംഘിച്ച് ഇവിടെ തങ്ങിയവരെ പിന്നെ ആരും കണ്ടിട്ടുമില്ല. രാത്രി നേരങ്ങളില്‍ പ്രേതങ്ങളും ദുരാത്മാക്കളും ഇവിടെ അലഞ്ഞു തിരിയാറുണ്ടെന്ന് പറയപ്പെടുന്നു.

പ്രദേശത്ത് എന്തു കെട്ടിടം പണിതാലും ഉടനെ തന്നെ അതിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നത് ഒരു കാലത്ത് ഇവിടെ സാധാരണമായിരുന്നു.. അതുകൊണ്ടു തന്നെ ഇവിടെ കണ്ടെത്തിയ വീടുകള്‍ക്കൊന്നും തന്നെ മേല്‍ക്കൂരയില്ല ! രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഇന്ന്‍ തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

2) ഡമാസ് ബീച്ച്,ഗുജറാത്ത്

സൂറത്തിന് സമീപമുള്ള ഈ കടല്‍ തീരം രാജ്യത്തെ ദുരൂഹത നിറഞ്ഞ പ്രദേശങ്ങളില്‍ മുഖ്യ സ്ഥാനം വഹിക്കുന്നു. ഹിന്ദുക്കള്‍ ഏറെ നാള്‍ ശവസംസ്കാരത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇതെന്നും അത്തരം ആത്മാക്കള്‍ ഇവിടെ അലഞ്ഞു തിരിയാറുണ്ടെന്നും പറയപ്പെടുന്നു.

ബീച്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ പല വിചിത്ര ശബ്ദങ്ങളും കേള്‍ക്കാറുണ്ടെങ്കിലും ഇന്നോളം അതിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. തീരത്തെ ചില പ്രത്യേക സ്ഥലങ്ങളില്‍ പോകരുതെന്ന് സഞ്ചാരികളോട് ആവശ്യപ്പെടുന്ന അജ്ഞാത മനുഷ്യ ശബ്ദങ്ങള്‍ കേട്ടതായി പലരും പറഞ്ഞിട്ടുണ്ട്. അത് അവഗണിച്ചവരെയും രാത്രി സമയത്ത് ബീച്ചില്‍ തങ്ങിയവരെയും നിഗൂഢമായ സാഹചര്യത്തില്‍ കാണാതായി.

3) ജിപി ബ്ലോക്ക്, മീററ്റ്

ഇന്ത്യയില്‍ ആളുകള്‍ എത്തിനോക്കാന്‍ പോലും ഭയപ്പെടുന്ന മറ്റൊരു പ്രമുഖ സ്ഥലമാണ് ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ജിപി ബ്ലോക്ക് എന്ന ഇരുനില കെട്ടിടം. അതിന്‍റെ മട്ടുപ്പാവില്‍ ഒരു മെഴുകുതിരി വെളിച്ചത്തില്‍ മദ്യപിച്ചിരിക്കുന്ന നാലു പുരുഷന്മാരെ പലരും കണ്ടിട്ടുണ്ട്. ആദ്യം നാല് സുഹൃത്തുക്കളെന്നാണ് പൊതുവേ ധരിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരാണ് അവര്‍ എന്ന വാര്‍ത്ത പരന്നതോടെയാണ് ആളുകള്‍ ഭയപ്പെടാന്‍ തുടങ്ങിയത്. അതിനു പുറമെ ചുവന്ന വേഷം ധരിച്ച ഒരു യുവതിയെയും അസമയത്ത് അവിടെ പതിവായി കാണാന്‍ തുടങ്ങിയതോടെ ആളുകള്‍ അതിന്‍റെ പരിസരത്ത് പോലും പോകാതായി. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ ഇരിക്കുന്ന ചെറുപ്പക്കാരുടെയും യുവതിയുടെയും ഭാവ പ്രകടനങ്ങള്‍ ആളുകളില്‍ ഭീതി വര്‍ധിപ്പിച്ചു.

4) ശനിവര്‍വധ കോട്ട,പൂനെ

വാസ്തുശില്‍പ ഭംഗി കൊണ്ടും രാജകീയ സൌന്ദര്യം കൊണ്ടും സമ്പന്നമാണ് പൂനെക്കടുത്തുള്ള ശനിവര്‍വധ കോട്ട. എന്നാല്‍ രാത്രിയായാല്‍ അതിനു മറ്റൊരു ഭാവമാണ്. ആ സമയത്ത് ആളനക്കമില്ലാത്ത കോട്ടയില്‍ ഒരു കുട്ടി ഓടുന്ന ശബ്ദവും തുടര്‍ന്നുള്ള അവന്‍റെ നിലവിളിയും കേള്‍ക്കാം.

1773ലെ പേഷ്വ രാജവംശത്തിന്‍റെ കാലത്ത് കിരീടാവകാശിയായ രാജകുമാരന്‍ ഒരു കൂട്ടം കിങ്കരന്‍മാരാല്‍ കൊല്ലപ്പെട്ടു. കോട്ട മുഴുവന്‍ ഓടിയെങ്കിലും ആ പതിമൂന്നുകാരന് തന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. രാജ്യാധികാരം പിടിച്ചടക്കാനുള്ള സ്വന്തം അമ്മായിയുടെ കുതന്ത്രങ്ങളാണ് അവന്‍റെ മരണത്തില്‍ കലാശിച്ചത്. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ആ ബാലന്‍റെ നിലവിളിയാണ് രാത്രിനേരങ്ങളില്‍ കേള്‍ക്കുന്നതെന്ന് പറയപ്പെടുന്നു. ഒരുപക്ഷേ പൌര്‍ണമി ദിവസം കൊല്ലപ്പെട്ടതു കൊണ്ടാകാം അന്ന്‍ ആ ഒച്ച മൂര്‍ദ്ധന്യാവസ്ഥയിലാവും. ആ ശബ്ദം കേള്‍ക്കാനായി മാത്രം പ്രദേശവാസികളില്‍ ചിലര്‍ രാത്രി നേരങ്ങളില്‍ അവിടെ തമ്പടിക്കാറുമുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികള്‍ പ്രഭാത സമയങ്ങളിലാണ് ഇവിടെ കൂടുതലായി എത്തുന്നത്.

5) രാജ് കിരണ്‍ ഹോട്ടല്‍, മുംബൈ

മുംബെയിലെ വന്‍ ഹോട്ടലൊന്നും അല്ലെങ്കിലും രാജ് കിരണ്‍ ഇന്ന്‍ വളരെ പ്രശസ്തമാണ്. എന്നാല്‍ അതിനു കാരണം അമാനുഷിക ശക്തികളുടെ ഇവിടത്തെ സാന്നിദ്ധ്യമാണെന്ന് മാത്രം. അത് കെട്ടു കഥയല്ലെന്നും ഇവിടെ പ്രേതാത്മാക്കളുടെ സാന്നിദ്ധ്യമുണ്ടെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പാരനോര്‍മല്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

താഴത്തെ നിലയില്‍ റിസപ്ഷന് പിന്നിലായി ഹോട്ടലിന്‍റെ പുറകു വശത്തുള്ള മുറിയില്‍ താമസിച്ചവര്‍ക്കാണ് ദുരൂഹമായ അനുഭവങ്ങളുള്ളത്. അര്‍ദ്ധരാത്രിയില്‍ ആരോ ഇവരെ തട്ടി വിളിക്കുന്നത് പതിവാണ്. ഒരു നീല വെളിച്ചവും അദൃശ്യമായ ചില സാന്നിധ്യങ്ങളും മാത്രമാണ് തുടര്‍ന്നു അവര്‍ക്ക് കാണാനാകുക. എന്നാല്‍ അദൃശ്യ ശക്തികളാരോ തങ്ങളുടെ ബെഡ് ഷീറ്റ് വലിച്ചെടുക്കുകയും കട്ടിലില്‍ നിന്ന്‍ വലിച്ചു താഴെയിടുകയും ചെയ്തതായി ചിലര്‍ പറഞ്ഞിട്ടുണ്ട്.

തുടര്‍ന്നു വായിക്കുക


Share this post